Editorial

ഈ അസഹിഷ്ണുത രാഷ്ട്രം തിരിച്ചറിയുന്നുണ്ട്

സ്വന്തക്കാര്‍ക്ക് ദേശസ്‌നേഹത്തിന്റെ തിലകം ചാര്‍ത്താനും മറ്റുള്ളവര്‍ക്കു രാജ്യദ്രോഹത്തിന്റെ ചാപ്പ കുത്താനുമുള്ള അധികാരമുണ്ടെന്നു തെറ്റിദ്ധരിച്ചിരിക്കുന്ന സംഘപരിവാരം രാജ്യത്തിന്റെ മുന്നേറ്റത്തിനു വിഘാതം സൃഷ്ടിക്കുകയാണ്. രാജ്യത്ത് നിലനില്‍ക്കുന്ന ഐക്യവും സൗഹൃദവും സ്വാതന്ത്ര്യവും തകര്‍ക്കുന്ന നീക്കങ്ങള്‍ ദേശസ്‌നേഹമുള്ള എല്ലാവരെയും വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നു.
മദമിളകിയ ജനക്കൂട്ടം നിരപരാധികളായ പാവങ്ങളെ കുറ്റം ചാര്‍ത്തി അടിച്ചുകൊല്ലുന്നതും, സ്വതന്ത്ര ചിന്തകരെ കൊന്നുതള്ളുന്നതുമായ ഹീനസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിലൂടെ തെളിയുന്നത്, അസഹിഷ്ണുതയുടെ അന്തരീക്ഷം ഇന്ത്യയെ ക്രമേണ ആവരണം ചെയ്യുന്നു എന്നുതന്നെയാണ്; അരുണ്‍ ജെയ്റ്റ്‌ലിയും രാജ്‌നാഥ് സിങും എന്തു കരുതിയാലും. ഇതിനെതിരേ വളരെ ചെറിയ തോതില്‍ ആരംഭിച്ച എതിര്‍സ്വരങ്ങള്‍ ഇന്നു ശക്തമാണ്. സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയും അക്കാദമി അംഗത്വം രാജി വച്ചും ഒരു സംഘം എഴുത്തുകാര്‍ തുടക്കമിട്ട പ്രതിഷേധത്തിന്റെ വ്യാപ്തി ദിനേന വര്‍ധിച്ചുവരുകയാണ്. കലാകാരന്മാരും ചലച്ചിത്ര പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും പത്രമുടമകളും വ്യവസായികളും വരെ മാറിയ ഇന്ത്യയില്‍ വളരുന്ന ഭീതിയെക്കുറിച്ച് വിയോജനക്കുറിപ്പ് രേഖപ്പെടുത്തുന്നു.
ഈ ബുദ്ധിജീവികളോടും കലാകാരന്മാരോടും ഒപ്പമാണ് സൂപ്പര്‍സ്റ്റാര്‍ ഷാറൂഖ് ഖാന്‍ രാജ്യത്ത് അങ്ങേയറ്റം അസഹിഷ്ണുത പടരുന്നുവെന്ന തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. അതിനു പ്രതികരണമായി ബിജെപി നേതാവും മുന്‍മന്ത്രിയുമായ കൈലാഷ് വിജയവര്‍ഗ്യ ട്വീറ്റ് ചെയ്തത് ഷാരൂഖിന്റെ ഹൃദയം പാകിസ്താനിലാണെന്നാണ്. കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ആക്ഷേപം പിന്‍വലിക്കാന്‍ കൈലാഷ് വിജയവര്‍ഗ്യ നിര്‍ബന്ധിതനായി. നാവെടുത്താല്‍ മാലിന്യം ഉതിര്‍ക്കുന്ന സാധ്വി പ്രാചി ഷാരൂഖിനെ പാക് ഏജന്റെന്നു വിളിച്ചു. ഒരുപടി കൂടി കടന്ന് പാകിസ്താനിലെ ഹാഫിസ് സഈദുമായി താരതമ്യപ്പെടുത്തിയ യോഗി ആദിത്യനാഥ്, ഖാന്റെ പടങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു. ഖാന്‍ അവാര്‍ഡുകള്‍ തിരിച്ചേല്‍പിക്കണമെന്നാണ് യോഗാചാര്യന്‍ ബാബാ രാംദേവിന്റെ തിട്ടൂരം!
ബിജെപി നേതാക്കളുടെ, ഇന്ത്യ അസഹിഷ്ണുതയുടെ നാടല്ല തുടങ്ങിയ അഭിപ്രായങ്ങള്‍ തീര്‍ത്തും ശരി. രാജ്യത്ത് ഇതര മതവിശ്വാസികളോട് സൗഹൃദത്തില്‍ കഴിയുന്ന കോടിക്കണക്കിനു ഹൈന്ദവ വിശ്വാസികള്‍ അസഹിഷ്ണുക്കളല്ല എന്നത് അതിലേറെ ശരി. പക്ഷേ, ഹിന്ദുത്വവും സംഘപരിവാരവും അക്കൂട്ടരില്‍ പെടില്ല. സ്വാതന്ത്ര്യസമര സേനാനിയായ പിതാവിന്റെ മകനാണ് താനെന്ന് ഓര്‍മിപ്പിച്ച ഷാറൂഖ് ഖാന്റ തിരിച്ചടിക്ക് പല മാനങ്ങളുമുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ നിന്നു മാറിനിന്ന സംഘത്തിന് അതിലേറെ നല്ല മറുപടി നല്‍കാനില്ല. ഇന്ത്യയെ ദുര്‍ബലമാക്കുന്നതിനു വേണ്ടി ആസൂത്രണം ചെയ്ത പദ്ധതികളില്‍ പങ്കാളികളാവുകയാണ് ദേശസ്‌നേഹികളുടെ കുപ്പായമിട്ടു നടക്കുന്ന പലരും. രാഷ്ട്രം ഇതു തിരിച്ചറിയുന്നുണ്ട്.
Next Story

RELATED STORIES

Share it