ഈശ്വരമംഗലം ന്യൂ എല്‍പി സ്‌കൂളിന്റെ സ്ഥലം മറിച്ചുവില്‍ക്കാന്‍ നീക്കം



പൊന്നാനി : പൊന്നാനി ഈശ്വരമംഗലം ന്യൂ യു.പി.സ്‌കൂളിന്റെ സ്ഥലം ഭൂമാഫിയ മറിച്ചുവില്‍ക്കുന്നുവെന്ന് ആരോപണം. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. പൊന്നാനി ഈശ്വരമംഗലം കടവത്ത് പ്രവര്‍ത്തിക്കുന്ന ന്യൂ യു.പി.സ്‌കൂള്‍ കോംപൗണ്ടിലെ ഒരേക്കറിലധികം വരുന്ന സ്ഥലമാണ് ഭൂമാഫിയ സ്വകാര്യ വ്യക്തികള്‍ക്ക് വേണ്ടി മറിച്ചു വില്ക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിരിക്കുന്നത്. മാനേജ്‌മെന്റിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ യു.പി.സ്‌കൂള്‍ നിലനില്‍ക്കുന്നത് രണ്ടേക്കറോളം വരുന്ന സ്ഥലത്താണ്. സ്‌കൂള്‍ അടുത്തിടെ മറ്റൊരു വ്യക്തിക്ക് നല്‍കിയതോടെയാണ് കളിസ്ഥലം ഉള്‍പ്പെടെയുള്ള ഭാഗം ഫഌറ്റ് നിര്‍മ്മാണത്തിനെന്ന പേരില്‍ വില്ക്കാന്‍ നീക്കമാരംഭിച്ചത്.ഇതിന്റെ ഭാഗമായി മുന്‍വശത്ത് മണ്ണിട്ട് നികത്തുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതൃത്വം മണ്ണിട്ട ഭൂമിയില്‍ കൊടിനാട്ടി. സ്‌കൂള്‍ നിലനില്‍ക്കുന്നത് ഒരു വ്യക്തിയുടെ തന്നെ രണ്ട് സര്‍വ്വേ നമ്പറില്‍ പെട്ട ഭൂമിയിലാണ്.ഈ ആനുകൂല്യം മുതലെടുത്ത് മുന്‍വശത്തെ ഭൂമി സ്‌കൂളിന്റെതല്ലെന്ന് പറഞ്ഞാണ് ഭൂമാഫിയ ഭൂമി മറിച്ചു വില്ക്കാന്‍ രംഗത്തിറങ്ങിയത്. തുടര്‍ന്ന് ചിലര്‍ കോടതിയില്‍ പരാതി നല്‍കുകയും ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ താലൂക്ക് സര്‍വ്വേ വിഭാഗം അളവെടുപ്പിന് എത്തിയെങ്കിലും, ഭൂമിയുടെ രേഖയോ, ഉടമസ്ഥനോ ഹാജരാകാത്തതിനാല്‍ സര്‍വ്വേ നടപടികള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി താലൂക്ക് സര്‍വ്വേയര്‍ ഗിരീഷ് പറഞ്ഞു. പൊതു വിദ്യാലയത്തിന്റെ സ്ഥലം മറിച്ചു വില്ക്കാനുള്ള ശ്രമം എന്ത് വില കൊടുത്തും തടയുമെന്നും, ഇതിനായി പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഞായറാഴ്ച യോഗം ചേരുമെന്നും വാര്‍ഡ് കൗണ്‍സിലര്‍ പി.രാമകൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it