Kottayam Local

ഈരാറ്റുപേട്ട-വാഗമണ്‍ റോഡ്: ടെന്‍ഡര്‍ നടപടികള്‍ ജനുവരിയില്‍ തുടങ്ങും

ഈരാറ്റുപേട്ട: 66 കോടി രൂപ മുതല്‍ മുടക്കി അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ഈരാറ്റുപേട്ട-വാഗമണ്‍ റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ ജനുവരിയില്‍ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് തീക്കോയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഈരാറ്റുപേട്ട എംഇഎസ് ജങ്ഷന്‍ മുതല്‍ വാഗമണ്‍ ജങ്ഷന്‍ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലെയും പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താന്‍ റവന്യൂ വകുപ്പിനു യോഗം നിര്‍ദേശം നല്‍കി. റോഡിലെ പുറമ്പോക്ക് പ്രദേശം മഞ്ഞവരയില്‍ രേഖപ്പെടുത്താനും സ്ഥലം ഏറ്റെടുക്കേണ്ട മേഖലകളില്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി ഉദ്യോഗസ്ഥര്‍ എത്തി ഏറ്റെടുക്കേണ്ട പ്രദേശം ചുവന്ന വരയില്‍ രേഖപ്പെടുത്താനും തീരുമാനിച്ചു. റോഡ് വികസനവുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി റിപോര്‍ട്ട് റോഡ് നിര്‍മാണ ചുമതലയുള്ള റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അവതരിപ്പിച്ചു. റോഡ് വീതിക്കൂട്ടുന്നത് ഉള്‍പ്പെടെയുള്ള റോഡ് വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഈരാറ്റുപേട്ട നഗരസഭയുടെയും തീക്കോയി ഗ്രാമപ്പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ജനങ്ങളെ നേരിട്ടു സമീപിച്ച് നടപ്പാക്കാനും യോഗത്തില്‍ ധാരണയായി. എംഇഎസ് ജങ്ഷന്‍ മുതല്‍ തീക്കോയി വരെ 12 മീറ്റര്‍ വീതിയിലും തുടര്‍ന്ന് ഒമ്പത് മീറ്റര്‍ വീതിയിലും റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പി സി ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനി ചീഫ് എന്‍ജിനീയര്‍ എം പെണ്ണമ്മ, ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ ടി എം റഷീദ്, തീക്കോയി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ്, നഗരസഭാ പ്രതിപക്ഷ നേതാവ് വി എം സിറാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റോഷിണി റ്റോമി, രോഹിണിഭായ് ഉണ്ണികൃഷ്ണന്‍, ബിനോയി ജോസഫ്, നഗരസഭ കൗണ്‍സിലര്‍മാര്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യാപാരി വ്യവസായി നേതാക്കള്‍, റവന്യൂപൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, റിക്ക് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it