Kottayam Local

ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാര്‍ താലൂക്ക് വേണമെന്ന ആവശ്യത്തിന് അവഗണന

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കേന്ദ്രമായി താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യത്തെ  സര്‍ക്കാര്‍ വീണ്ടും അവഗണിച്ചതില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഏറ്റുമാനൂര്‍ താലൂക്ക് രൂപീകരിക്കുമെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. എന്നാല്‍ ജില്ലയിലെ ഏറ്റവും വലിയ താലൂക്കായ മീനച്ചില്‍ താലൂക്ക് വിഭജിച്ച് ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാര്‍ താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യത്തിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. പൂഞ്ഞാര്‍ എംഎല്‍എയും കോ ണ്‍ഗ്രസ് നേതാവും റവന്യൂ മന്ത്രിയുമായിരുന്ന പരേതനായ ടി എ തൊമ്മന്‍ 1964ല്‍ പൂഞ്ഞാര്‍ താലൂക്ക് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രഖൃാപനം ഇന്നുംചുവപ്പുനടയില്‍ കുടുങ്ങി കിടക്കുകയാണ്. 1996 ല്‍ സംസ്ഥാന റവന്യൂ ബോര്‍ഡ് കമ്മീഷനര്‍ എം ജി കെ മൂര്‍ത്തി ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാര്‍ താലൂക്ക് രൂപീകരിക്കണമെന്ന് സര്‍ക്കാരിനു റിപോര്‍ട്ട് നല്‍കിയെങ്കിലും റിപോര്‍ട്ട് വെളിച്ചം കണ്ടില്ല. 2013ല്‍ 12 താലൂക്കുകള്‍ പുതുതായി കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ പൂഞ്ഞാറിനെ അവഗണിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് കുന്നംകുളം, പയ്യന്നൂര്‍ താലൂക്കുകള്‍ രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അദ്ദേഹവും പൂഞ്ഞാര്‍ താലൂക്ക് വേണമെന്ന ആവശ്യത്തെ അവഗണിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പില്‍ പ്രകടനപത്രികയില്‍ എ ല്‍ഡിഎഫ് ഈരാറ്റുപേട്ട കേന്ദ്രമായി താലൂക്ക് രൂപീകരിക്കുമെന്നു വാഗ്ദാനം നല്‍കിയിരുന്നു. മീനച്ചില്‍ താലൂക്കിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നു താലൂക്ക് അസ്ഥാനമായ പാലായിലെത്തണമെങ്കില്‍ 32 കിലോമീറ്റര്‍ സഞ്ചരിക്കണം. മീനച്ചില്‍ താലുക്ക് വിഭജിച്ചു പുതിയൊരു താലൂക്ക് രൂപീകരിക്കണമെന്നു ജനങ്ങള്‍ ആവശ്യപ്പെട്ടുന്നതും ഇക്കാരണത്തലാണ്. മീനച്ചില്‍ താലൂക്കില്‍ 28 വില്ലേജുകളാണുള്ളത്. തൊട്ടടുത്ത കാഞ്ഞിരപ്പള്ളി താലൂക്കില്‍ 12 വില്ലേജുകള്‍ മാത്രമാണുള്ളത്. സംസ്ഥാന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കഴിഞ്ഞ വര്‍ഷം പൂഞ്ഞാര്‍ താലൂക്ക് രൂപീകരണം സംബന്ധിച്ച് മീനച്ചില്‍ തഹസില്‍ദാറോട് റിപോര്‍ട്ട് ആവശ്യപ്പെടുകയും  മൂന്നിലവ്, മേലുകാവ്, തലനാട്, തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍ നടുഭാഗം, ഈരാറ്റുപേട്ട, തലപ്പലം, കൊണ്ടൂര്‍ എന്നീ വില്ലേജുകള്‍ ചേര്‍ത്ത് പൂഞ്ഞാര്‍ താലൂക്ക് രൂപീകരിക്കണമെന്ന് കഴിഞ്ഞ വര്‍ഷാവസാനം റിപോര്‍ട്ട് നല്‍കിയിരുന്നു. ജില്ലയില്‍ ഏറ്റവും കുടുതല്‍ എസ്‌സി, എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ തിങ്ങിത്താമസിക്കുന്ന മൂന്നിലവ്, മേലുകാവ് വില്ലേജുകളിലെ വികസനത്തിന് ഈ താലൂക്ക് രൂപീകരണം സഹായകരമാവും. ഈരാറ്റുപേട്ട കേന്ദ്രമായി താലൂക്ക് രൂപീകരണത്തിന് അധികൃതരെ പ്രേരിപ്പിക്കുന്നതിനു വേണ്ടി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ജനകീയ വികസന ഫോറം രൂപീകരിച്ച് കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം ആരംഭിഭിക്കുകയും തുടര്‍ന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്  ആയിരങ്ങള്‍ ഒപ്പിട്ട ഭീമ ഹരജി കഴിഞ്ഞ ജൂലൈയില്‍ നല്‍കുകയും ചെയ്തിരുന്നു. പുഞ്ഞാറില്‍ താലൂക്ക് അനുവദിക്കപ്പെട്ടാല്‍ ഹൈറേഞ്ചിന്റെ കവാടം എന്ന നിലയ്ക്കും കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം സ്ഥലങ്ങളില്‍ ഒന്നായ വാഗമണിന്റെ തൊട്ടടുത്ത താലൂക്കെന്ന നിലയിലും വളരെയധികം വികസന സാധ്യതയുണ്ട്. ടൂറിസ്റ്റ് കേന്ദങ്ങളായ ഇലവിഴാപൂഞ്ചിറ,ഇല്ലിക്കല്‍ മല, മാര്‍മല അരുവി, അയ്യന്‍ പാറ തുടങ്ങിയ സ്ഥലങ്ങളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.താലൂക്ക് രൂപീകരണം ടൂറിസ്റ്റ്് കേന്ദ്രങ്ങളുടെ വന്‍ വികസനത്തിനു വഴിയൊരുക്കും. ഭൂരിപക്ഷം വില്ലേജുകളും മലയോര മേഖലയിലാണു സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിലെ വികസനത്തിന് ഈ താലൂക്കിന്റെ രൂപീകരണം വളരെയെറെ സഹായകരമാകും. ഇക്കാരണത്താല്‍ ഏറ്റുമാനുര്‍ താലൂക്കിനോടൊപ്പം പൂഞ്ഞാര്‍ താലൂക്കും രൂപികരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it