Kottayam Local

ഈരാറ്റുപേട്ടയില്‍ 50 ശതമാനം സര്‍വീസുകള്‍ റദ്ദാക്കി

ഈരാറ്റുപേട്ട: കടുത്ത അവഗണന നേരിടുന്ന ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു വീണ്ടും തിരിച്ചടി. ഡീസലും സ്‌പെയര്‍പാര്‍ട്്‌സുകളുമില്ലാതെ പകുതിയോളം സര്‍വീസുകളാണ് ഇപ്പോള്‍ റദ്ദാക്കിയത്. ഷെഡ്യൂളുകള്‍ മിക്കതും നിറുത്തലാക്കിയതോടെ മലയോര മേഖലയിലേക്കു യാത്രാദുരിതം രൂക്ഷമായി. മലബാര്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന കോഴിക്കോട് സര്‍വീസും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. ഈരാറ്റുപേട്ടയില്‍ ഡിപ്പോയില്‍ 70 ബസ്സുകളാണ് സര്‍വീസ് പട്ടികയിലുള്ളത്. ഇന്നലെ ഓടിയത് 35 ബസ്സുകളാണ്. പകുതി സര്‍വീസ് നിലച്ചതോടെ പ്രതിദിനം രണ്ടു മുതല്‍ അഞ്ചു ലക്ഷം വരെയുള്ള ശരാശരി വരുമാനം പ്രകടമായി ഇടിയുകയാണ്.ഡീസല്‍ ക്ഷാമവും ബസ്സുകള്‍ക്ക് സ്‌പെയര്‍പാര്‍ട്‌സുകള്‍ ലഭിക്കാത്തതുമാണ് സര്‍വീസുകള്‍ കൂട്ടത്തോടെ കട്ടപ്പുറത്താക്കാന്‍ ഇടയാക്കിയത്. സര്‍വിസ് തടസ്സപ്പെട്ടതോടെ നിരവധി യാത്രക്കാര്‍ പെരുവഴിയിലായി. ഡിപ്പോയില്‍ നിന്ന് വിവിധയിടങ്ങളിലേക്കുള്ള ബസ്സുകളില്‍ യാത്രക്കാര്‍ കയറിയിരുന്ന ശേഷമാണ് സര്‍വിസ് നിറുത്തലാക്കുന്ന വിവരമെത്തുന്നതു തന്നെ. ഒരോ ബസ്സിനും പ്രതിമാസം അനുവദിക്കാറുള്ള ലോക്കല്‍ പര്‍ച്ചേസ് തുക ഇപ്പോള്‍ കിട്ടുന്നില്ല. നിസാര തുക മാത്രം വേണ്ടിവരുന്ന സ്‌പെയര്‍പാര്‍ട്‌സുകള്‍ പോലും വാങ്ങാനാവാത്ത സ്ഥിതിയാണ്. ടയര്‍, ട്യൂബ് എന്നിവ ലഭിക്കാതെയും ബസ്സുകള്‍ കട്ടപ്പുറത്തുണ്ട്.



Next Story

RELATED STORIES

Share it