Kottayam Local

ഈരാറ്റുപേട്ടയില്‍ പകര്‍ച്ചപ്പനി വ്യാപിക്കുന്നു



ഈരാറ്റുപേട്ട: നഗരസഭയില്‍ പകര്‍ച്ചപ്പനി ശക്തമാവുകയാണെങ്കിലും ഇതിനെതിരേ മുന്‍കരുതലെടുക്കാന്‍ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ലെന്ന് ആക്ഷേപം ശക്തമായി. നഗരസഭയുടെ കിഴക്കന്‍ പ്രദേശങ്ങളായ തേവരുപാറ, കരയ്ക്കാട്, പത്താഴപ്പടി തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ പകര്‍ച്ചപ്പനി നാ ള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഈരാറ്റുപേട്ട പിഎച്ച്‌സി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയെങ്കിലും ഇപ്പോഴും ഈ ആശുപത്രിയെ അധികൃതര്‍ അവഗണിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഒരു ദിവസം 400 ഓളം രോഗികള്‍ ചികില്‍സ തേടിയെത്തുന്ന ആശുപത്രിയില്‍ ആവശ്യത്തിന് സ്റ്റാഫ് നഴ്‌സുമാരില്ല. കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ ജില്ലയിലെ ഈരാറ്റുപേട്ടയിലൊഴികെ മറ്റെല്ലാ ആശുപത്രികളിലും ഒരോ സ്റ്റാഫ് നഴ്‌സുമാരെ നിയമിച്ചപ്പോള്‍ ഈരാറ്റുപേട്ടയില്‍ മാത്രം സ്റ്റാഫ് നഴ്‌സുമാരെ നിയമിച്ചിട്ടില്ല. കിടത്തി ചികില്‍സയില്ലാത്ത ആശുപത്രികളില്‍ പോലും നഴ്‌സുമാരെ നിയമിച്ചപ്പോ ള്‍ കോട്ടയം ജില്ലാ മെഡിക്കല്‍ അധികൃതര്‍ കിടത്തി ചികില്‍സയുള്ള ഈ ആശുപത്രിയെ അവഗണിച്ചതായി പറയുന്നു. മഴ ശക്തമായതോടെയാണ് പനിയും വ്യാപകമായത്. കൊതുകു നിവാരണത്തിനും പകര്‍ച്ചപ്പനി തടയാനുമായി മുന്‍കരുതല്‍ എടുക്കുന്നതിനും മുന്‍കാലങ്ങളില്‍ ജനപ്രതിനിധികള്‍ വഴിയും മറ്റുമായി വാര്‍ഡുകള്‍ തോറും തുക ചെലവഴിക്കുമായിരുന്നെങ്കിലും ഇത്തവണ അതു ഉണ്ടായിട്ടില്ലെന്ന് ജനപ്രതിനിധികളും അഭിപ്രായപ്പെടുന്നു. കൂടാതെ എന്‍ആര്‍എച്ച്എം വഴിയും പകര്‍ച്ചപ്പനി തടയാന്‍ മുന്‍കരുതല്‍ എടുക്കുമായിരുന്നു. മഴ ശക്തമായതിനെ തുടര്‍ന്നു റോഡിന് ഇരുവശങ്ങളിലും പുല്ലുകള്‍ വളര്‍ന്നതും ഒപ്പം കൊതുകുകള്‍ പെരുകാന്‍ ഇടയായതും പനി പടരാന്‍ കാരണമായിട്ടുണ്ട്. നഗരത്തിലെ പലഭാഗങ്ങളിലും മാലിന്യം കൂടിക്കിടക്കുന്നത് കൊതുകുകള്‍ പെരുകാന്‍ കാരണമായി. ചികില്‍സതേടി ആശുപത്രിയില്‍ എത്തുന്നവര്‍ക്കു ആവശ്യമായ മരുന്നുകള്‍ ലഭ്യമല്ലെന്ന ആക്ഷേപവമുണ്ട്.
Next Story

RELATED STORIES

Share it