Kottayam Local

ഈരാറ്റുപേട്ടയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലും പരിസരങ്ങളിലും കഞ്ചാവ് മാഫിയ വീണ്ടും പിടിമുറുക്കുന്നു. അന്യസംസ്ഥാനത്തു നിന്ന് വരുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വഴിയാണ് കഞ്ചാവ് ഈരാറ്റുപേട്ടയില്‍ എത്തുന്നത്.
പോലിസും എക്‌സൈസും സജീവമായി രംഗത്തുണ്ടെങ്കിലും ലഹരി വസ്തുക്കളുടെ വരവിനു കുറവൊന്നുമില്ല. ഒട്ടേറെ വിദ്യാര്‍ഥികളും യുവാക്കളും അന്യ സംസ്ഥാന തൊഴിലാളികലും കഞ്ചാവിന് അടിമയായിട്ടുണ്ട്. മൈസൂര്‍, കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്ന് യഥേഷ്ടം കഞ്ചാവ് എത്തുന്നുണ്ട്. മുമ്പ് കഞ്ചാവ് കടത്തിന് ട്രെയിനുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ടൂറിസ്റ്റ് ബസ്സുകള്‍, ലൈന്‍ ബസ്സുകള്‍, ബൈക്ക്, കാറുകള്‍ എന്നിവയിലാണ് എത്തിക്കുന്നത്. കാര്യമായ പരിശോധന നടക്കില്ലെന്നതാണു ബസ്സുകളെ ആശ്രയിക്കാന്‍ കാഞ്ചാവ് മാഫിയയെ പ്രേരിപ്പിക്കുന്നത്. വന്‍കിട കഞ്ചാവ് കടത്തുകാര്‍ ജില്ലയിലെ ലഹരി റാക്കറ്റുകള്‍ക്ക് കഞ്ചാവ് കൈമാറുകയാണ് പതിവ്. തമിഴ്‌നാട്ടില്‍ നിന്ന് ഇടുക്കി വഴിയാണ് പ്രധാനമായി കഞ്ചാവ് എത്തുന്നത്.
ചിലയിടങ്ങളില്‍ കോളജ് വിദ്യാര്‍ഥികള്‍ ആവശ്യക്കാരായുണ്ടെങ്കിലും പ്രധാനമായും അന്യ സംസ്ഥാന തൊഴിലാളികളെ ലക്ഷ്യവച്ചാണ് കഞ്ചാവ് വില്‍പ്പന. ഇവര്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ എത്തിച്ചാല്‍ കാര്യം എളുപ്പമായി. ഇതിനായി ലോക്കല്‍ ഏജന്റുമാരുണ്ടെന്ന് അറിയുന്നു.
അന്യസംസ്ഥാന തൊഴിലാകളായതിനാല്‍ നാട്ടുകര്‍ ശ്രദ്ധിക്കാറില്ല. പാന്‍പരാഗ്, ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങളും ലഭ്യമാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചുള്ള ലഹരി കടത്തും സജീവമായിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ടൂര്‍ പോവാനും വിലകൂടിയ വസ്ത്രങ്ങള്‍, ചെരിപ്പുകള്‍ എന്നിവ വാങ്ങാനും പുതിയ മൈബൈല്‍ ഫോണ്‍ സ്വന്തമാക്കാനും കഞ്ചാവ് കടത്തുന്നതിന് ലഹരി സംഘങ്ങളില്‍ ചേരുന്നുണ്ട്.
കഞ്ചാവ് പാന്‍പരാഗ് ഉല്‍പ്പന്നങ്ങള്‍ കടത്തുന്നതിനും മറ്റും ഇടനിലക്കാരായ സ്‌കൂള്‍ കുട്ടികളെ ഉപയോഗിക്കുന്നവരുണ്ട്. പല സ്ഥലങ്ങളിലും വിവിധങ്ങളായി മയക്കു മരുന്ന് ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വര്‍ധിച്ചുവരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പ്രധാന അധ്യാപകര്‍ക്ക് തന്നെ അറിയാം. ഈരാറ്റുപേട്ടയിലെ ഒരു സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ ലഹരിക്കായി കാന്‍സറിന് ഉപയോഗിക്കുന്ന ഗുളിക നാക്കിനടിയില്‍ വച്ച് ഉപയോഗിക്കുന്നതിനായി വിവരം ലഭിച്ചിട്ടുണ്ട്. ബുദ്ധി വര്‍ധന ടാബ് ലറ്റ്, സൗന്ദര്യം വര്‍ധിപ്പിക്കുന്ന ടാബ്‌ലറ്റ് എന്നീ പേരുകളില്‍ എല്ലാം വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കു മരുന്ന് ചേര്‍ന്ന ഗുളിക വില്‍പ്പനയുണ്ട്. രണ്ടുഗുളിക വിറ്റാല്‍ ഒരു ഗുളിക ഫ്രീ എന്നിങ്ങനെയുള്ള ഓഫറുകളും മയക്കുമരുന്ന ഏജന്റുമാര്‍ വിദ്യാര്‍ഥികളെ വലയിലാക്കാന്‍ പ്രയോഗിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it