thiruvananthapuram local

ഈഡിസ് കൊതുക് പെരുകുന്നത് ആശങ്കാജനകമെന്ന് ആരോഗ്യവകുപ്പ്



തിരുവനന്തപുരം : ഡങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകള്‍ അനിയന്ത്രിമായി പെരുകുന്നതായി ആരോഗ്യവകുപ്പ്. പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ടു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വിളിച്ചു ചേര്‍ത്ത പ്രതിമാസ അവലോകന യോഗത്തില്‍ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്‌നകുമാരി അവതരിപ്പിച്ച റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡെങ്കിപ്പനിയ്ക്ക് കാരണമായ കൊതുക് വെള്ളമുള്ള ഉറവിടങ്ങളിലാണ് സാധാരണ മുട്ടയിട്ടു പെരുകുന്നതെങ്കിലും നഗരത്തിലെ 100 കിണറുകള്‍ പരിശോധിച്ചാല്‍ കുറഞ്ഞത് ആറ് കിണറുകളിലെങ്കിലും ഈഡിഡ് കൊതുക് പെരുകുന്നതായി കണ്ടെത്തിയതായി റിപോര്‍ട്ടിലുണ്ട്. നഗരത്തില്‍ ഡങ്കിബാധ കൂടുതല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള തിരുമല, തൃക്കണ്ണാപുരം, പിറ്റിപി നഗര്‍, കുര്യാത്തി, കാലടി, വട്ടിയൂര്‍ക്കാവ്, ബീമാപ്പള്ളി, വലിയതുറ എന്നിവിടങ്ങളിലെ സ്ഥിതി ഗുരുതരമാണെന്നും റിപോര്‍ട്ട്് പറയുന്നു. ഇവിടങ്ങളില്‍ ഡങ്കിപ്പനിക്ക് യാതൊരു ശമനവുമില്ലെന്നും ഇക്കാര്യം ഗൗരമായി കാണണമെന്ന മുന്നറിയിപ്പും റിപോര്‍ട്ടിലുണ്ട്. മിഷന്‍ അനന്തപുരിയുടെ ഭാഗമായി മെയ് 15ന് തുടക്കം കുറിച്ച പ്രത്യേക ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് റിപോര്‍ട്ട് തയാറാക്കിയത്. അതേസമയം ജില്ലയില്‍ പനിയുടെ തീവ്രത കുറഞ്ഞതായി റിപോര്‍ട്ട് അവകാശപ്പെടുന്നു. രണ്ടാഴ്ച മുന്‍പ് 1000 ജനസംഖ്യയില്‍ ഒമ്പത് പേര്‍ക്ക് പനി ബാധിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആറു പേര്‍ക്ക് എന്ന രീതിയില്‍ കുറഞ്ഞിട്ടുണ്ട്. 100 പനിബാധിതരില്‍ 8 പേര്‍ക്ക് മാത്രമേ കിടത്തി ചികില്‍സ വേണ്ടി വരുന്നുള്ളൂ. അതുപോലെ 100 പനിബാധിതരില്‍ 8 ഡെങ്കിപ്പനി ബാധിതരേയുള്ളൂ. ബാക്കിയുള്ള സാധാരണ വൈറല്‍ പനികളാണ്. എന്നാല്‍ ആശുപത്രിയിലെത്തുന്ന 100 പേരില്‍ 19 പേരും ഇപ്പോഴും പനി ബാധിതരാണെന്ന റിപോര്‍ട്ടും മുന്നോട്ടുവയ്ക്കുന്നു. അതിനിടെ പനിക്ക്് ശമനമുണ്ടായിട്ടില്ലെന്നാണ് ആശുപത്രികളില്‍നിന്നുമുള്ള ഒപി കണക്കുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നും ലഭിക്കുന്ന കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ആരോഗ്യവകുപ്പ് പനിബാധിതരുടെ എണ്ണം കണക്കാക്കുന്നത്. എന്നാല്‍ ഇതിന്റെ ഇരട്ടി രോഗികളാണ് വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. തലസ്ഥാനത്തെ പ്രമുഖ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞതിനാല്‍ പുതിയ ഐപി അനുവദിക്കുന്നില്ല. സ്വകാര്യ ആശുപത്രികളിലെ പനി ബാധിതരുടെ കണക്കുകള്‍  നല്‍കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പല ആശുപത്രികളും കണക്ക് നല്‍കുന്നില്ല. അതുകൊണ്ട് തന്നെ സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍കൂടി പരിഗണിച്ചാല്‍ പനി ബാധിതരുടെ എണ്ണം അധികമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it