ഈഡനില്‍ ഇന്ന് കിരീടപ്പോര്

കൊല്‍ക്കത്ത: കുട്ടിക്രിക്കറ്റിലെ ചരിത്ര താളുകളിലേക്ക് കാല്‍ചുവടുവയ്പ്പിക്കാന്‍ ഈഡന്‍ ഗാര്‍ഡന്‍ ഒരുങ്ങി. ട്വന്റി ക്രിക്കറ്റ് ലോകകപ്പിന്റെ പുതിയ രാജാക്കന്‍മാര്‍ ആരാവുമെന്ന ചോദ്യത്തിന് ഇന്ന് ഉത്തരമാവും. മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡിസും ഇംഗ്ലണ്ടുമാണ് കുട്ടിക്രിക്കറ്റിലെ ലോക ചാംപ്യന്‍പട്ടത്തിനായി മുഖാമുഖം കൊമ്പുകോര്‍ക്കുന്നത്.
ഇന്ന് ചാംപ്യന്‍മാരാവുന്ന ടീമിന് കിരീട വേട്ടയില്‍ റെക്കോഡ് സ്വന്തമാക്കാനും സാധിക്കും. നേരത്തെ ഇരു ടീമും ഓരോ തവണ ട്വന്റി ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടിരുന്നു. അതിനാല്‍ തന്നെ ഇന്ന് ആര് ജയിച്ചാലും ട്വന്റിയില്‍ കൂടുതല്‍ തവണ കിരീട നേടിയ ടീമെന്ന റെക്കോഡും സ്വന്തം പേരിലാക്കാനാവും.
നേരത്തെ 2010ല്‍ ഇംഗ്ലണ്ട് ആസ്‌ത്രേലിയയെയും 2012ല്‍ വിന്‍ഡീസ് ശ്രീലങ്കയെയും പരാജയപ്പെടുത്തി ട്വന്റി ലോകകപ്പില്‍ ജേതാക്കളായിരുന്നു. ഇരുവര്‍ക്കും പുറമേ ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക എന്നിവരും ട്വന്റിയില്‍ ഓരോ തവണ ചാംപ്യന്‍മാരായിട്ടുണ്ട്.
ട്വന്റി ലോകകപ്പിന്റെ ആറാമത് എഡിഷനില്‍ അവിസ്മരണീയ കുതിപ്പ് നടത്തിയാണ് വിന്‍ഡീസും ഇംഗ്ലണ്ടും കലാശപ്പോരിനെത്തിയത്. കരീബിയന്‍ കരുത്തിന് മുന്നില്‍ കിരീടഫേവറിറ്റുകളും ആതിഥേയരുമായ ഇന്ത്യക്ക് വരെ തലതാഴ്‌ത്തേണ്ടിവന്നു. ഇംഗ്ലണ്ടാവട്ടെ എല്ലാവരുടെയും കണക്കുകൂട്ടലുകളും തെറ്റിച്ച് ജൈത്രയാത്ര നടത്തുകയും ചെയ്തു.
ടൂര്‍ണമെന്റില്‍ ഇത് രണ്ടാം തവണയാണ് ഇരു ടീമും മുഖാമുഖം വരുന്നത്. നേരത്തെ സൂപ്പര്‍ 10ല്‍ ഇരു ടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിന്‍ഡീസിനൊപ്പമായിരുന്നു ജയം. റണ്‍മഴ കണ്ട മല്‍സരത്തില്‍ ക്രിസ് ഗെയ്‌ലിന്റെ (100*) തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ ആറ് വിക്കറ്റിന്റെ ജയമാണ് വെള്ളക്കാര്‍ക്കെതിരേ കരീബിയന്‍ പട ആഘോഷിച്ചത്. ഒരു തവണ മാത്രമാണ് ടൂര്‍ണമെന്റില്‍ ഇരു ടീമിനും തോല്‍വിയേറ്റത്.
ഇംഗ്ലണ്ടിന്റെ തോല്‍വി വിന്‍ഡീസിനോടാണെങ്കില്‍ കുഞ്ഞന്‍മാരായ അഫ്ഗാനിസ്താനോടാണ് മികച്ച ഫോമിലുള്ള വിന്‍ഡീസ് അപ്രതീക്ഷിത പരാജയമേറ്റുവാങ്ങുകയായിരുന്നു. ഇംഗ്ലണ്ട്, ഇന്ത്യ എന്നിവര്‍ക്കു പുറമേ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ വമ്പന്‍മാരാണ് വിന്‍ഡീസ് കുതിപ്പില്‍ കാലിടറി വീണത്. എന്നാല്‍, ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ വിന്‍ഡീസിനോട് പരാജയമേറ്റുവാങ്ങിയ ഇംഗ്ലണ്ട് പിന്നീട് ടൂര്‍ണമെന്റിലേക്ക് ശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്. ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്താന്‍, ശ്രീലങ്ക എന്നിവരെ തോല്‍പ്പിച്ച ഇംഗ്ലണ്ട് സെമി ഫൈനലില്‍ മികച്ച ഫോമിലുള്ള ന്യൂസിലന്‍ഡിനെ ഏഴു വിക്കറ്റിന് മറികടക്കുകയായിരുന്നു.
ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇത് മൂന്നാം തവണയാണ് ഇരു ടീമും കൊമ്പുകോര്‍ക്കുന്നത്. രണ്ട് തവണയും കരീബിയന്‍ പോരാട്ട വീര്യത്തിന് മുന്നില്‍ ഇംഗ്ലണ്ട് തകര്‍ന്നിരുന്നു. ഓള്‍റൗണ്ടര്‍ ഡാരന്‍ സമ്മിയാണ് വിന്‍ഡീസിനെ നയിക്കുന്നതെങ്കില്‍ ഇയാന്‍ മോര്‍ഗന് കീഴിലാണ് ടൂര്‍ണമെന്റില്‍ ഇംഗ്ലീഷുകാരുടെ കുതിപ്പ്.
കൂറ്റനടിക്കാരായ ഗെയ്ല്‍, ജോണ്‍സന്‍ ചാള്‍സ്, ലെന്‍ഡി സിമോണ്‍സ്, മര്‍ലോണ്‍ സാമുവല്‍സ് എന്നിവര്‍ക്കൊപ്പം ഓള്‍റൗണ്ട് മികവുമായ ആന്ദ്രെ റസ്സലും ഡ്വയ്ന്‍ ബ്രാവോയും വിന്‍ഡീസ് നിരയില്‍ കരുത്തേകുന്നുണ്ട്. ടൂര്‍ണമെന്റില്‍ ഇതുവരെ എട്ടു വിക്കറ്റുകള്‍ കരസ്ഥമാക്കിയ റസ്സല്‍ 90 റണ്‍സ് നേടുകയും ചെയ്തിട്ടുണ്ട്.
ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ തന്നെ സെഞ്ച്വറിയിലൂടെ വരവറിയിച്ച ഗെയ്‌ലിനാവട്ട പിന്നീടുള്ള മല്‍സരങ്ങളില്‍ ടീമിന് വേണ്ടി കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. പിന്നീടുള്ള രണ്ട് ഇന്നിങ്‌സുകളില്‍ ഒമ്പത് റണ്‍സ് മാത്രമാണ് ഗെയ്‌ലിന് നേടാനായത്. ഗെയ്ല്‍ നിറംമങ്ങിയ സെമി ഫൈനലില്‍ ചാള്‍സും സിമോണ്‍സുമാണ് കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വിന്‍ഡീസിന് ഫൈനല്‍ ടിക്കറ്റ് നേടിക്കൊടുത്തത്.
അതേസമയം, ഇംഗ്ലണ്ടിന്റെ വിജയകുതിപ്പിലെ പ്രധാനിയാണ് ജോ റൂട്ട്. ടൂര്‍ണമെന്റില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 195 റണ്‍സാണ് റൂട്ട് നേടിയത്. റൂട്ടിനൊപ്പം ജേസന്‍ റോയും ജോസ് ബട്ട്‌ലറും മിന്നുന്ന ഫോമില്‍ കളിക്കുന്നത് ഇംഗ്ലണ്ടിന് ടൂര്‍ണമെന്റില്‍ നേട്ടമാവുകയായിരുന്നു.
കിവീസിനെതിരായ സെമി ഫൈനലില്‍ നിര്‍ണായ ഇന്നിങ്‌സിലൂടെ വിജയശില്‍പ്പിയായ റോയ് അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 183 റണ്‍സാണ് സ്വന്തമാക്കിയത്. ഡേവിഡ് വില്ലേ, ക്രിസ് ജോര്‍ഡന്‍ എന്നിവരാണ് ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിന്റെ പ്രധാന ബൗളിങ് വജ്രായുധങ്ങള്‍. സെമി ഫൈനലില്‍ കളിച്ച ടീമില്‍ മാറ്റങ്ങള്‍ വരുത്താതെയാവും വിന്‍ഡീസും ഇംഗ്ലണ്ടും ഇന്നും കളത്തിലിറങ്ങുക.
ടീം:- വെസ്റ്റ് ഇന്‍ഡീസ്: ക്രിസ് ഗെയ്ല്‍, ജോണ്‍സന്‍ ചാള്‍സ്, ലെന്‍ഡി സിമോണ്‍സ്, മര്‍ലോണ്‍ സാമുവല്‍സ്, ദിനേഷ് രാംദിന്‍, ഡ്വയ്ന്‍ ബ്രാവോ, ആന്ദ്രെ റസ്സല്‍, ഡാരന്‍ സമ്മി (ക്യാപ്റ്റന്‍), കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, സുലൈമാന്‍ ബെന്‍, സാമുവല്‍ ബദ്രി.
ഇംഗ്ലണ്ട്: ജേസന്‍ റോയ്, അലെക്‌സ് ഹെയ്ല്‍സ്, ജോ റൂട്ട്, ഇയാന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, മോയിന്‍ അലി, ക്രിസ് ജോര്‍ഡന്‍, ആദില്‍ റാഷിദ്, ഡേവിഡ് വില്ലേ, ലിയാം പ്ലാന്‍കെറ്റ്.
Next Story

RELATED STORIES

Share it