World

ഈജിപ്ഷ്യന്‍ ജയിലുകള്‍ മരണക്കെണികള്‍

കെയ്‌റോ: ഈജിപ്ഷ്യന്‍ പട്ടാള ഭരണകൂടം പൗരന്‍മാരെ ജയിലിലടയ്ക്കുന്ന പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതു തുടരുന്നു. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ 65 പ്രവര്‍ത്തകരെ ദീര്‍ഘകാല തടവിനു ശിക്ഷിച്ച കീഴ്‌ക്കോടതി നടപടി അപ്പീല്‍ കോടതി ശരിവച്ചു. 2013ല്‍ നടന്ന പട്ടാള അട്ടിമറിക്കെതിരേ പ്രതിഷേധിച്ചതിന് ഇപ്പോള്‍ ഒരു ലക്ഷത്തിലധികം പേര്‍ ജയിലിലുണ്ടെന്ന് അറബ് ഹ്യൂമന്‍ റൈറ്റ്‌സ് നെറ്റ്‌വര്‍ക്ക് പറയുന്നു. അതില്‍ അധിക പേരും രാഷ്ട്രീയത്തടവുകാരാണ്. അവരില്‍ പലരും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരാണ്. മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയും സംഘടനാ പ്രസിഡന്റ് മുഹമ്മദ് ബദീഉഃ
അക്കൂട്ടത്തില്‍ പ്പെടും. മുഹമ്മദ് മുര്‍സിയെ രണ്ടു കള്ളക്കേസുകളിലായി 45 വര്‍ഷം തടവിനു ശിക്ഷിച്ചത് ഇതിനു പുറമെയാണ്. ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി പ്രസിഡന്റ് അബ്്ദുല്‍ ഫത്താഹ് അല്‍സീസി ഇതിനകം നൂറുകണക്കിനാളുകളെ വെടിവച്ചു കൊന്നിട്ടുണ്ട്. ഭീകരതയ്‌ക്കെതിരായ യുദ്ധമെന്നാണ് ഇത്തരം നടപടികളെ ഔദ്യോഗിക മാധ്യമങ്ങള്‍ വിശേഷിപ്പിക്കാറ്.
ഈജിപ്ഷ്യന്‍ ജയിലുകള്‍ കൊടിയ പീഡന കേന്ദ്രങ്ങളാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. കെയ്‌റോയിലെ ലിമാന്‍തുറയാണ് ഇതില്‍ ഏറ്റവും കുപ്രസിദ്ധം. പട്ടിണിക്കിടലും ദിനേനയുള്ള മര്‍ദനവും പതിവാണ്. രാഷ്ട്രീയത്തടവുകാരെ പരിക്കേല്‍പ്പിക്കുന്നതിനു സ്ഥിരം കുറ്റവാളികളെയാണ് ഉപയോഗിക്കാറ്.
അല്‍സീസിയുടെ പ്രധാന വികസന പ്രവര്‍ത്തനം പുതിയ ജയിലുകള്‍ നിര്‍മിക്കുകയാണ്. 16 പുതിയ ജയിലുകളാണ് ഈയിടെ തടവുകാര്‍ക്കായി തുറന്നുകൊടുത്തത്. ഒരു ജയിലിന്റെ പേര് തന്നെ അഖ്‌റബ് (കരിന്തേള്‍) എന്നാണ്. ഈ ജയിലില്‍ തടവുകാര്‍ പരസ്പരം സംസാരിക്കുന്നതിനുപോലും വിലക്കുണ്ട്. രോഗം വന്നാല്‍ ചികില്‍സ ലഭിക്കില്ല.
മരിക്കുന്നതു വരെ തടവിലിടാനാണ് ഈ ജയില്‍ എന്നു മുന്‍ വാര്‍ഡനായ ഇബ്രാഹിം അബ്്ദുല്‍ ഗഫാര്‍ പറയുന്നു. 2013നും 2015നുമിടയ്ക്കു 323 പേര്‍ ജയിലില്‍ മൃതിയടഞ്ഞു. പല പോലിസ് സ്‌റ്റേഷനുകളും ഔദ്യോഗികമായി ജയിലുകളാക്കി മാറ്റിയിട്ടുണ്ട്.
Next Story

RELATED STORIES

Share it