World

ഈജിപ്ത്: സിസി വീണ്ടും അധികാരത്തിലേക്ക്

കെയ്‌റോ: ഈജിപ്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 92 ശതമാനം വോട്ട് നേടി നിലവിലെ ഭരണാധികാരി അബ്ദുല്‍ ഫതഹ് അല്‍ സിസി വീണ്ടും അധികാരത്തിലേക്കെത്തുമെന്ന് അനൗദ്യോഗിക കണക്കുകള്‍. ഇന്നലെ നടന്ന വോട്ടെണ്ണലില്‍ നിന്നുള്ള പ്രാഥമിക വിവരങ്ങള്‍ പ്രകാരമാണ് സിസിയുടെ വിജയം ഉറപ്പിച്ചുകൊണ്ടുള്ള  കണക്കുകള്‍ ഈജിപ്ഷ്യന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിട്ടത്. മൂന്നു ദിവസം നീണ്ട വോട്ടെടുപ്പ് ബുധനാഴ്ചയാണ് അവസാനിച്ചത്. അടുത്ത മാസം രണ്ടിന് ഔദ്യോഗിക ഫലം പുറത്തുവരും. രാജ്യത്തെ ആറുകോടി അംഗീകൃത വോട്ടര്‍മാരില്‍ 2.3 കോടി പേര്‍ മാത്രമാണ് തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
50 ശതമാനത്തില്‍ താഴെമാത്രം പോളിങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ 20 ലക്ഷത്തോളം സമ്മതിദായകര്‍ വോട്ട് അസാധുവാക്കിയതായി ഔദ്യോഗിക ദിനപത്രമായ അല്‍ അഹ്‌റാം റിപോര്‍ട്ട് ചെയ്തു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാത്തവരുടെ പേരുകള്‍ ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്തിയാണ് ഇവര്‍ വോട്ട് അസാധുവാക്കിയതെന്നും റിപോര്‍ട്ടില്‍ പറയുന്നു. സിസി അടക്കം രണ്ടു സ്ഥാനാര്‍ഥികള്‍ക്ക് മാത്രമായിരുന്നു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുമതി നല്‍കിയത്. സിസിയുടെ അനുകൂലിയായ മുസ്തഫ മൂസയാണ് രണ്ടാമത്തെ സ്ഥാനാര്‍ഥി. ഇയാള്‍ക്ക് 7.2 ലക്ഷം വോട്ട് ലഭിച്ചതായും അല്‍ അഹ്‌റാം റിപോര്‍ട്ട് ചെയ്തു.
സിസിക്കെതിരായ ശക്തരായ സ്ഥാനാര്‍ഥികളെ മുഴുവന്‍ അറസ്റ്റ് ചെയ്യുകയോ അയോഗ്യരാക്കുകയോ ചെയ്യുന്ന നിലപാടാണ് ഈജിപ്ത് ഭരണകൂടം സ്വീകരിച്ചത്. ഇതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് സിസിയെ അധികാരത്തില്‍ നിലനിര്‍ത്തുന്നതിനായുള്ള പ്രഹസനമാണെന്നു വിമര്‍ശനമുയര്‍ന്നു. സിസിയെ അനുകൂലിക്കാന്‍ ആവശ്യപ്പെട്ട് വോട്ടര്‍മാര്‍ക്ക് 50 മുതല്‍ 100 വരെ ഈജിപ്ഷ്യന്‍ പൗണ്ടും ഭക്ഷണപ്പൊതികളും അമ്യൂസ്‌മെന്റ്് പാര്‍ക്ക് ടിക്കറ്റുകളുമടക്കമുള്ള പാരിതോഷികങ്ങള്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ നല്‍കിയിരുന്നു. തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ശബ്ദത്തിന് ഇടം ലഭിച്ചില്ലെന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. തട്ടിപ്പ് തിരഞ്ഞെടുപ്പാണിതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it