ഈജിപ്തില്‍ വിദേശികള്‍ക്കു നേരെ ആക്രമണം

കെയ്‌റോ: ഈജിപ്തിലെ ചെങ്കടല്‍ തീരത്തുള്ള ഹര്‍ഗദ റിസോര്‍ട്ടിലെ ഹോട്ടലിലേക്ക് ഇരച്ചുകയറിയ ആയുധധാരികള്‍ മൂന്നു വിദേശ വിനോദസഞ്ചാരികളെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബെല്ലാ വിസ്റ്റ ഹോട്ടലില്‍ ആക്രമണം നടത്തിയ രണ്ടു പേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചു. രണ്ട് ഓസ്ട്രിയക്കാര്‍ക്കും ഒരു സ്വീഡന്‍ പൗരനുമാണു പരിക്കേറ്റത്. വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും സംഘം ഐഎസ് പതാക ഉയര്‍ത്തിയതായും ഉദ്യോഗസ്ഥര്‍ ബിബിസിയോടു പറഞ്ഞു.
ആക്രമണത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന കാര്യം പോലിസ് അന്വേഷിച്ചു വരുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ റോഡുകള്‍ അടയ്ക്കുകയും നഗരത്തില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തു. സിനായ് ഉപദ്വീപ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎസിനോട് കൂറു പ്രഖ്യാപിച്ച സായുധസംഘവുമായി ഈജിപ്ഷ്യന്‍ സൈന്യം വര്‍ഷങ്ങളായി പോരാട്ടത്തിലാണ്. വ്യാഴാഴ്ച ഗിസാ പിരമിഡിനു സമീപത്തെ ഹോട്ടലിനു മുമ്പില്‍ നിര്‍ത്തിയ ബസ്സിനു നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.
Next Story

RELATED STORIES

Share it