World

ഈജിപ്തിലെ വിദ്യാലയങ്ങളില്‍ നിന്ന് മിക്കി മൗസിനെ പുറത്താക്കി

കെയ്‌റോ: പുതിയ അധ്യയന വര്‍ഷത്തില്‍ കെയ്‌റോയിലെ വിദ്യാലയങ്ങളില്‍ കുട്ടികളെ വരവേല്‍ക്കാന്‍ ഡിസ്‌നി കഥാപാത്രങ്ങള്‍ ഉണ്ടാവില്ല. കലിയുബിയ പ്രവിശ്യയിലെ ഗവര്‍ണറാണ് വിദ്യാലയങ്ങളിലെ ചുവരുകളില്‍ മിക്കി മൗസിന്റെയും ഡോണള്‍ഡ് ഡക്കിന്റെയും പടങ്ങള്‍ക്കു പകരം വിവിധ മേഖലകളില്‍ പ്രശസ്തരായ ഈജിപ്തുകാരുടെയും സൈനികരിലെ രക്തസാക്ഷികളുടെയും പടം മാറ്റിസ്ഥാപിക്കാന്‍ ഉത്തരവിട്ടത്.
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്കു പകരം ഇവരെ കുട്ടികള്‍ മാതൃകയാക്കാനാണ് നടപടി. ഈജിപ്തിന് ഉയര്‍ത്തിക്കാണിക്കാന്‍ മഹദ് വ്യക്തിത്വങ്ങള്‍ ഉണ്ടെന്നിരിക്കെ, യുഎസ് നിര്‍മിതമായ ഡിസ്‌നി കഥാപാത്രങ്ങള്‍ ഒഴിവാക്കണമെന്നാണ് ഗവര്‍ണറുടെ ഉത്തരവിലുള്ളത്. കുട്ടികളില്‍ രാജ്യസ്‌നേഹവും ദേശീയതയും വളര്‍ത്തുകയാണ് ലക്ഷ്യം. കെയ്‌റോയിലെ ഒരു പ്രവിശ്യയിലാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നിട്ടുള്ളത്. ഇത് മറ്റു പ്രവിശ്യകളിലേക്കും നടപ്പാക്കുന്നതു സംബന്ധിച്ചു കലിയുബിയയിലെ വിദ്യാഭ്യാസ മന്ത്രാലയമാണ് തീരുമാനമെടുക്കുക.
അതേസമയം, ഗവര്‍ണറുടെ ഉത്തരവിനെ അനുകൂലിച്ചും വിമര്‍ശിച്ചും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച തകൃതിയായി നടക്കുകയാണ്.

Next Story

RELATED STORIES

Share it