wayanad local

ഇ-ഹെല്‍ത്ത് പദ്ധതിക്ക് ജില്ലയില്‍ തുടക്കം

കല്‍പ്പറ്റ: ആരോഗ്യ സേവനം കാര്യക്ഷമമായി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും സേവന പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ കൃത്യമായി നിയന്ത്രണത്തിനും നിര്‍വഹണത്തിനുമായി ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച ഇ-ഹെല്‍ത്ത് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കേന്ദ്രീകൃത ആരോഗ്യ സ്ഥിതിവിവരങ്ങള്‍ സാങ്കേതിക വിദ്യാധിഷ്ഠിതമായ സംയോജിത ഡിജിറ്റല്‍ ചട്ടക്കൂടിലൂടെ ലഭിക്കുമെന്നതാണ് പ്രത്യേകത.
ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇ-ഹെല്‍ത്ത് രജിസ്‌ട്രേഷന്‍ ക്യാംപ് ഈ മാസം 19 മുതല്‍ ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളില്‍ ആരംഭിച്ചു. ഏപ്രില്‍ 13 വരെ ക്യാംപ് തുടരും. ജില്ലയിലെ മുഴുവന്‍ ജനങ്ങളും ഇ-ഹെല്‍ത്ത് രജിസ്‌ട്രേഷന്‍ യജ്ഞത്തില്‍ പങ്കാളികളാവണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ തയ്യാറാക്കി ഇന്റര്‍നെറ്റ് ശൃംഖല വഴി കേരളത്തിലെ എല്ലാ പൊതുമേഖലാ ആശുപത്രികളെയും കേന്ദ്രീകൃത ആരോഗ്യസ്ഥിതി വിവര സംഭരണിയും ജനസംഖ്യാവിവര സംഭരണിയുമായി ബന്ധിപ്പിക്കും. ഇ-ഹെല്‍ത്തിന്റെ ആദ്യഘട്ടത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള വിവരശേഖരണവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കും. രണ്ടാംഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനം ലഭിക്കുന്ന ആശുപത്രികളുടെ കംപ്യൂട്ടര്‍വല്‍ക്കരണം നടത്തും.
ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധയോ പരിചരണമോ ആവശ്യമെങ്കില്‍ വിവരം കേന്ദ്രീകൃത കംപ്യൂട്ടറില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരുടെ ടാബിലേക്ക് സന്ദേശമായെത്തും. ഗര്‍ഭിണികള്‍, കുട്ടികള്‍, നിത്യരോഗികള്‍ എന്നിവര്‍ക്കു ലഭിക്കേണ്ട എല്ലാ ആരോഗ്യ സേവനങ്ങളും വിവര കൈമാറ്റത്തിലൂടെ കാര്യക്ഷമമായി നടപ്പാക്കാനാവും.
സാംക്രമിക രോഗങ്ങളുമായി ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ വാസസ്ഥലം, കുടിവെള്ളത്തിന്റെ സ്രോതസ്സ് എന്നിങ്ങനെയുള്ള വിവരങ്ങളും ആരോഗ്യപ്രവര്‍ത്തകരുടെ ടാബിലേക്കെത്തുന്നതിനാല്‍ കൃത്യമായ സ്ഥലം കണ്ടെത്തി നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കും.
ഇ-ഹെല്‍ത്ത് ഡാറ്റാ ബേസില്‍ ഒരു വ്യക്തിയുടെ ആധാര്‍ ഉള്‍ക്കൊള്ളിക്കുന്നതോടെ രജിസ്‌ട്രേഷന്‍ നടക്കുകയും വ്യക്തിഗത യൂനിക് ഹെല്‍ത്ത് ഐഡന്റിന്റി നമ്പര്‍ ലഭിക്കുകയും ചെയ്യും. രോഗികളുടെ എല്ലാ വിവരങ്ങളും നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്യുന്നതിനാല്‍ ഒപി ക്ലിനിക്കുകള്‍, ഫാര്‍മസി, ലബോറട്ടറി, എക്്‌സ്‌റേ എന്നിങ്ങനെ എല്ലാ സ്ഥലങ്ങളിലും ടോക്കണ്‍ അടിസ്ഥാനത്തിലുള്ള ക്യൂ സമ്പ്രദായം നിലവില്‍ വരികയും ഡോക്ടര്‍മാരുടെ കുറിപ്പടി നെറ്റവര്‍ക്ക് വഴി ഫാര്‍മസി, ലബോറട്ടറി, എക്‌സ്‌റേ കൗണ്ടറുകളില്‍ അപ്പപ്പോള്‍ എത്തുകയും ടെസ്റ്റ് റിസല്‍ട്ടുകള്‍ ഡോക്ടര്‍മാരുടെ മുന്നിലെ കംപ്യൂട്ടറില്‍ തല്‍സമയം ലഭ്യമാവുകയും ചെയ്യും.
ഇതുമായി ബന്ധപ്പെട്ട് ഒരുക്കുന്ന ഇ-ഹെല്‍ത്ത് വെബ് പോര്‍ട്ടലില്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും. വെബ്‌പോര്‍ട്ടല്‍, മൊബൈല്‍ ഫോണ്‍, ആശുപത്രികളില്‍ സ്ഥാപിക്കുന്ന കിയോസ്‌കുകള്‍ എന്നിവ വഴി മുന്‍കൂട്ടി ഒപി ടോക്കണുകള്‍ എടുക്കാനുള്ള സൗകര്യവും ലഭ്യമാവും.
Next Story

RELATED STORIES

Share it