Flash News

ഇ-സ്റ്റാമ്പിങ് സംവിധാനം ഉദ്ഘാടനം ചെയ്തു : അഴിമതി വെളിപ്പെടുത്തുന്നവര്‍ക്ക് മുഖ്യമന്ത്രി പാരിതോഷികം പ്രഖ്യാപിച്ചു



തിരുവനന്തപുരം: അഴിമതി വെളിപ്പെടുത്തിയാല്‍ പാരിതോഷികം നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഒരുകോടി രൂപയുടെ അഴിമതി ആരെങ്കിലും വെളിപ്പെടുത്തിയാല്‍ അയാള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ അവാര്‍ഡ് നല്‍കും. രജിസ്‌ട്രേഷന്‍ വകുപ്പിനെ സുശക്തവും അഴിമതിരഹിതവുമായ വകുപ്പാക്കി മാറ്റാന്‍ ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിനു കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആധാര രജിസ്‌ട്രേഷന് ഇ-സ്റ്റാമ്പിങ് സംവിധാനം നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. . സര്‍ക്കാര്‍ ഓഫിസുകള്‍ ജനസൗഹൃദപരവും സുതാര്യവുമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. സര്‍ക്കാര്‍ ഓഫിസുകളില്‍ ആളുകള്‍ വരുന്നത് ഏതെങ്കിലും ഔദാര്യം നേടാനല്ല. അവരുടെ അവകാശത്തിനായി വരുന്നതാണെന്ന വിചാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടാവണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഇ- സ്റ്റാമ്പിങ് നടപ്പാവുന്നതോടെ വ്യാജ മുദ്രപ്പത്രങ്ങളുടെ സാധ്യത പൂര്‍ണമായും ഇല്ലാതാവും.28 സബ്‌രജിസ്ട്രാര്‍ ഓഫിസുകളില്‍ പരീക്ഷണാര്‍ഥം നടപ്പാക്കി കുറ്റമറ്റതാണെന്നു ബോധ്യപ്പെട്ട ശേഷമാണ് ഇ- സ്റ്റാമ്പിങ് സംവിധാനം സംസ്ഥാനത്ത് നടപ്പാക്കുന്നത്. എത്ര വലിയ വിലയുടെയും മുദ്രപത്രം ഒന്നായി ലഭ്യമാവുമെന്ന സൗകര്യവുമുണ്ട്. രജിസ്‌ട്രേഷന്‍, ട്രഷറി വകുപ്പുകളും നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഇ-സ്റ്റാമ്പ് മുഖ്യമന്ത്രിയില്‍നിന്നും കല്ലറ ജൂമാ മന്‍സിലില്‍ നസീറാബീവി ഏറ്റുവാങ്ങി.മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഒരുലക്ഷത്തില്‍ താഴെയുള്ള എല്ലാ സ്റ്റാമ്പുകളും വെണ്ടര്‍മാര്‍ക്ക് തുടര്‍ന്നും വില്‍പന നടത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു. രജിസ്‌ട്രേഷന്‍ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി മാരപാണ്ഡ്യന്‍, മേയര്‍ വി കെ പ്രശാന്ത്, കേരള സ്‌റ്റേറ്റ് ഡോക്യുമെന്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ രക്ഷാധികാരിയും എംഎല്‍എയുമായ അഡ്വ. ബി സത്യന്‍, സ്‌റ്റേറ്റ് ഇന്‍ഫര്‍മാറ്റിക് ഓഫിസര്‍ ടി മോഹന്‍ദാസ്, ബിഎസ്എന്‍എല്‍ (ഇബി)ജനറല്‍ മനേജര്‍ കെ ജി ഇന്ദുകലാധരന്‍, രജിസ്‌ട്രേഷന്‍ വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എ ഗോപാലകൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it