ഇ ശ്രീധരന്‍ മെട്രോ ഗുണനിലവാര സമിതി അധ്യക്ഷന്‍

ന്യൂഡല്‍ഹി: രാജ്യത്തെ മെട്രോ റെയില്‍ ശൃംഖലകളുടെ നിലവാരം നിശ്ചയിക്കുന്നതിന് പ്രത്യേക സമിതി. മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ ശ്രീധരനായിരിക്കും സമിതിയുടെ അധ്യക്ഷന്‍. സമിതി രൂപീകരണത്തിനും ഇ ശ്രീധരന്റെ നിയമനത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകാരം നല്‍കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
1995 മുതല്‍ 2012 വരെ ഡല്‍ഹി മെട്രോയുടെ മാനേജിങ് ഡയറക്ടറായി ശ്രീധരന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പദവിയില്‍ നിന്ന് വിരമിച്ചശേഷം കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവായി നിയോഗിച്ചു. ലഖ്‌നോ, ജയ്പൂര്‍, വിശാഖപട്ടണം, വിജയവാഡ, കോയമ്പത്തൂര്‍ എന്നീ മെട്രോ പദ്ധതികളില്‍ ഇദ്ദേഹം മുഖ്യ ഉപദേശക പദവി വഹിക്കുന്നുണ്ട്. പാലക്കാട് സ്വദേശിയാണ്. കൊങ്കണ്‍ റെയില്‍പാത, പാമ്പന്‍ പാലം അടക്കമുള്ള വന്‍ പദ്ധതികളിലും സഹകരിച്ചിട്ടുണ്ട്.
രാജ്യത്ത് ഫലപ്രദമായതും ചെലവു കുറഞ്ഞതുമായ നഗര ഗതാഗത സംവിധാനം നിര്‍മിച്ചെടുക്കാനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഡല്‍ഹി മെട്രോയുടെ മുന്ദ്ക-ബഹദൂര്‍ഗഡ് ലൈനിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഡല്‍ഹി മെട്രോയെ ഹരിയാന അതിര്‍ത്തിയിലെ ബഹദൂര്‍ഗഡിലേക്ക് ബന്ധിപ്പിക്കുന്നതാണ് പദ്ധതി. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍പ്പെടുത്തി രാജ്യത്തു തന്നെ മെട്രോ കോച്ചുകള്‍ നിര്‍മിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Next Story

RELATED STORIES

Share it