Kerala

ഇ ശ്രീധരന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; കൊച്ചി മെട്രോ ഏപ്രിലില്‍

ഇ ശ്രീധരന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; കൊച്ചി മെട്രോ ഏപ്രിലില്‍
X
TVM_em_sreedharan_pinarayi_

തിരുവനന്തപുരം: കൊച്ചി മെട്രോ അടുത്ത വര്‍ഷം ഏപ്രിലില്‍ പൂര്‍ത്തിയാക്കുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ്‌മെട്രോ പദ്ധതികള്‍ സംബന്ധിച്ച് റിപോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശ്രീധരന്‍ അറിയിച്ചു. കൊച്ചി മെട്രോയുടെ പൂര്‍ത്തീകരണത്തിന് മാത്രമല്ല, കേരളത്തിന്റെ പുരോഗതിക്കാകെ മുതല്‍ക്കൂട്ടാവുന്ന സാന്നിധ്യമാണ് ഇ ശ്രീധരന്റേതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായശേഷം ആദ്യമായാണ് ശ്രീധരന്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തുന്നത്. കൂടിക്കാഴ്ച 10 മിനിറ്റോളം നീണ്ടു. കൊച്ചി മെട്രോ നിര്‍മാണപുരോഗതിയെക്കുറിച്ചും ചില സ്ഥലങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാവുന്ന വിവരങ്ങളും ശ്രീധരന്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം അദ്ദേഹത്തെ കണ്ടുവെന്നേയുള്ളൂവെന്നും പദ്ധതികളുടെ വിശദാംശങ്ങളിലേക്കു കടന്നില്ലെന്നും പിന്നീട് വിശദമായി ചര്‍ച്ച നടത്തുമെന്നും ശ്രീധരന്‍ പറഞ്ഞു. പൊതുമരാമത്ത് മന്ത്രി ജി സുധാകരനുമായും ശ്രീധരന്‍ കൂടിക്കാഴ്ച നടത്തി.
നവംബറില്‍ കൊച്ചി മെട്രോ പൂര്‍ത്തിയാക്കാനായിരുന്നു നേരത്തേ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, പദ്ധതി നീണ്ടുപോവുമെന്നു വന്നതോടെ കെഎംആര്‍എല്‍ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയിരുന്നു. പദ്ധതി പുരോഗതി നേരിട്ട് വിലയിരുത്തുമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. തുടര്‍ന്നാണ് ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയത്.
കേരളപ്പിറവി ദിനത്തില്‍ മെട്രോ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുമെന്നായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ ഉറപ്പ്. വിവിധ മേഖലകളിലെ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നത് പദ്ധതിയുടെ പൂര്‍ത്തീകരണത്തെ സാരമായി ബാധിക്കുകയാണ്. ആലുവ മുതല്‍ മഹാരാജാസ് വരെ ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്താനായിരുന്നു ലക്ഷ്യം.
എന്നാല്‍, ഇടപ്പള്ളി മുതല്‍ മഹാരാജാസ് വരെയുള്ള നിര്‍മാണത്തില്‍ കാര്യമായ പുരോഗതി നേടാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. ആലുവ മുതല്‍ ഇടപ്പള്ളി വരെയുള്ള ഭാഗങ്ങളില്‍ മാത്രമാണ് നിര്‍മാണപുരോഗതിയുള്ളത്. പാളങ്ങളുടെയും കൈവരികളുടെയും നിര്‍മാണമാണ് ഇവിടെ നടക്കുന്നത്.
എന്നാല്‍, ഇക്കാര്യത്തിലും തുടക്കത്തിലുണ്ടായ വേഗം ഇപ്പോഴില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അതിവേഗം നിര്‍മാണം പുരോഗമിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ നിര്‍മാണം മന്ദഗതിയിലായി.
ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജില്ലാ ഭരണകൂടവും സര്‍ക്കാരും തമ്മില്‍ കൊമ്പുകോര്‍ത്തതും പദ്ധതിക്കു വിനയായി. കെഎംആര്‍എല്ലും ഡിഎംആര്‍സിയും ചേരിതിരിഞ്ഞ് പോരടിച്ചപ്പോള്‍ ജില്ലാ ഭരണകൂടവും സര്‍ക്കാരും പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിക്കാതെ പരസ്പരം ആരോപണമുന്നയിക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് മെട്രോ നിര്‍മാണത്തിന്റെ മേല്‍നോട്ടച്ചുമതല വഹിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആര്യാടന്‍ മുഹമ്മദിനായിരുന്നു മേല്‍നോട്ടം.
Next Story

RELATED STORIES

Share it