ഇ-ബേഡ് ഉപയോഗിച്ച് പക്ഷിഭൂപടം തയ്യാറാക്കല്‍: വനപ്രദേശങ്ങളില്‍ നിയന്ത്രണം

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: പക്ഷികളെക്കുറിച്ചുള്ള ഭൂപടം തയ്യാറാക്കുന്നതില്‍ വനപ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍വേ വിവരങ്ങള്‍ ഇ-ബേ ഡില്‍ ചേര്‍ക്കുന്നതിനാലാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് വനംവകുപ്പ് തലവനായ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പറഞ്ഞു. ഡിജിറ്റല്‍ വിവരശേഖരണമില്ലാത്ത സര്‍വേകള്‍ക്ക് വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പക്ഷികളെക്കുറിച്ചുള്ള ഡിജിറ്റല്‍ വിവരണശേഖരണത്തിനെതിരേ ഒരു വിഭാഗം പക്ഷിനിരീക്ഷകര്‍ തന്നെ ആരോപണം ഉന്നയിച്ചതോടെയാണ് വനപ്രദേശങ്ങളില്‍ നിന്നുള്ള പക്ഷിനിരീക്ഷണം അനുവദിക്കില്ലെന്ന് വനംവകുപ്പ് നിലപാട് കടുപ്പിച്ചത്. ഇതോടെ പക്ഷിനിരീക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സംസ്ഥാനത്തെ പക്ഷിനിരീക്ഷണം അപൂര്‍ണമാകുമെന്ന ആശങ്ക ശക്തമായി.
2015ല്‍ തുടങ്ങി 2020ല്‍ പൂര്‍ത്തിയാകുന്ന രീതിയിലാണ് സംസ്ഥാനത്ത് പക്ഷിനിരീക്ഷണം നടക്കുന്നത്. വനമേഖലയിലെ പക്ഷിനിരീക്ഷണത്തിനുള്ള നിയന്ത്രണം മറികടക്കാന്‍ അറ്റ്‌ലസ് നിര്‍മാണച്ചുമതലയുള്ളവര്‍ ഉന്നതാധികാരികളെ സമീപിച്ചിട്ടുണ്ട്. പക്ഷികളുടെ ഡിജിറ്റല്‍ വിവരശേഖരണത്തില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും വനമേഖലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഇക്കാര്യത്തില്‍ അനുകൂലമായ ഉത്തരവ് വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
വനമേഖലയിലെ പക്ഷികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് തടഞ്ഞെങ്കിലും മറ്റിടങ്ങളില്‍ പക്ഷിസര്‍വേ പുരോഗമിക്കുകയും വിവരങ്ങള്‍ ഇ-ബേഡില്‍ ചേര്‍ക്കുകയും ചെയ്യുന്നുണ്ട്. പക്ഷികളുടെ ഡിജിറ്റല്‍ വിവരശേഖരണം ജൈവവൈവിധ്യത്തിന്റെ സാംപിളുകള്‍ നിയമവിരുദ്ധമായി ശേഖരിക്കുന്നവര്‍ക്ക് സഹായകമാവുമെന്നും അപൂര്‍വയിനങ്ങളുടേതടക്കം പക്ഷികളുടെ ഡിജിറ്റല്‍ വിവരങ്ങള്‍ അവര്‍ ദുരുപയോഗം ചെയ്യുമെന്നുമാണ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്.
ചിന്നാര്‍, മറയൂര്‍, മൂന്നാര്‍ കാടുകളിലെ ചന്ദനമരങ്ങളുടെ സ്ഥാനം ഈ അവസരം ഉപയോഗിച്ച് ശേഖരിച്ചു പുറെത്തത്തിക്കാനുള്ള സാധ്യതയുണ്ടെന്നും ചില പക്ഷിനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ അമേരിക്കയിലെ സ്വകാര്യ സര്‍വകലാശാലയുടെ നിയ്രന്തണത്തിലുള്ള ആപ്ലിക്കേഷനായ ഇ-ബേഡില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതു സുരക്ഷിതമല്ലെന്നും വനംവകുപ്പിന്റെ നിയന്ത്രണത്തില്‍ ഇന്ത്യക്ക് മാത്രമായി മറ്റൊരു ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നതാണ് കൂടുതല്‍ ഉചിതമെന്നും ഒരു വിഭാഗം പക്ഷിനിരീക്ഷകര്‍ വനംവകുപ്പ് മേലധികാരികളെ അറിയിച്ചിട്ടുണ്ട്.
അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാല തയ്യാറാക്കിയ ഇ-ബേഡ് ആപ്ലിക്കേഷനിലാണ് പക്ഷികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഡിജിറ്റല്‍ വിവരശേഖരത്തിനു പകരം കടുവകളുടെ സര്‍വേയിലും മറ്റു പക്ഷിസര്‍വേകളിലും ചെയ്യുന്നതുപോലുള്ള ഡാറ്റാ ശേഖരണം നടത്തുന്നതാണ് നല്ലതെന്നും സംരക്ഷിത വനമേഖലയില്‍ ഇ-ബേഡ് ഉപയോഗിക്കുന്നതു മാത്രമാണ് എതിര്‍ക്കുന്നതെന്നും ഇ-ബേഡ് ഇല്ലാതെയും പക്ഷിഭൂപടം തയ്യാറാക്കാമെന്നിരിക്കെ ഇ-ബേഡിലൂടെ മാത്രമേ പക്ഷിഭൂപടം തയ്യാറാക്കൂ എന്നു വാശി പിടിക്കുന്നത് സംശയകരമാണെന്നും ഡിജിറ്റല്‍ വിവരശേഖരണത്തെ എതിര്‍ക്കുന്ന പക്ഷിനിരീക്ഷകര്‍ വാദിക്കുന്നു.
ഈ രീതിയില്‍ ഇ-ബേഡില്‍ ചേര്‍ക്കുന്ന വിവരങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിനോ അല്ലെങ്കില്‍ പക്ഷിനിരീക്ഷകര്‍ക്കോ യാതൊരു അവകാശമില്ലെന്നും അവ ഭാവിയില്‍ തുടര്‍ന്നും ലഭ്യമാവുമെന്നു നിയമപരമായി ഉറപ്പിക്കാന്‍ സാധിക്കില്ലെന്നുമാണ് ഇവരുടെ വാദം. ഇന്ത്യാ സര്‍ക്കാര്‍ തയ്യാറാക്കിയ വിവരശേഖരണത്തിനുള്ള വെബ് പ്ലാറ്റ്‌ഫോം ഒഴിവാക്കി ഒരു വിദേശ ആപ്ലിക്കേഷനായ ഇ-ബേഡില്‍ ചെയ്യാനായി കാര്‍ഷിക സര്‍വകലാശാല തുനിയരുതെന്നുമാണ് ഇവരുടെ ആവശ്യം.
Next Story

RELATED STORIES

Share it