Kottayam Local

ഇ പോസ് മെഷീന്‍ പണിമുടക്കുന്നതു പതിവാകുന്നു; നട്ടംതിരിഞ്ഞു വ്യാപാരികളും ഉപഭോക്താക്കളും

പൊന്‍കുന്നം: റേഷന്‍ കടകളിലെ അഴിമതി തടയാന്‍ ഏര്‍പ്പെടുത്തിയ ഇപോസ് മെഷീനുകള്‍ വ്യാപാരികള്‍ക്കു തലവേദനയാവുന്നു. മെഷീന്റെ സാങ്കേതിക തടസ്സങ്ങള്‍ കാരണം ഉപഭോക്താക്കളുടെ രോഷപ്രകടനം അനുഭവിക്കുന്നത് വ്യാപാരികളാണ്.
മെഷീനുകള്‍ സ്ഥാപിച്ചപ്പോഴുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് റേഷന്‍ വിതരണം സാധാരണ ഗതിയിലേക്ക് എത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും പ്രശ്‌നങ്ങള്‍ വഷളാവുകയാണെന്നു റേഷന്‍ വ്യാപാരികള്‍ പറയുന്നു. ശനിയാഴ്ച താലൂക്കിലെ ഭൂരിപക്ഷം റേഷന്‍ കടകളിലും റേഷന്‍ വിതരണത്തിന്റെ പേരില്‍ വാക്കുതര്‍ക്കങ്ങളുണ്ടായി. കടകളിലെത്തിയ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും സര്‍വര്‍ മന്ദഗതിയിലായിരുന്നതിനാല്‍ റേഷന്‍ വിതരണം നടത്താന്‍ കഴിഞ്ഞില്ല. മണിക്കൂറുകള്‍ ക്യൂവില്‍ നിന്നിട്ടും റേഷന്‍ കിട്ടാത്തതിന്റെ പേരില്‍ വ്യാപാരികളോട് ഉപഭോക്താക്കള്‍ കലഹിക്കുന്ന കാഴ്ചയാണ് ഇന്നലെ വൈകീട്ട് പല റേഷന്‍ കടകളിലും കണ്ടത്. റേഷന്‍ സാധനങ്ങള്‍ മറിച്ചു വില്‍ക്കുന്നുവെന്ന ആരോപണം കേട്ടു മടുത്ത വ്യാപാരികള്‍ ഇപ്പോള്‍ അനുഭവിക്കുന്നത് ഉപഭോക്താക്കളുടെ രോഷപ്രകടനമാണ്. ഇന്റര്‍നെറ്റ് കണക്ഷനുള്ള സിം കാര്‍ഡ് ഓരോ മെഷീനിലുമുണ്ട്. ഇന്റര്‍നെറ്റ് സഹായം തടസ്സപ്പെടുമ്പോള്‍ മെഷീന്റെ പ്രവര്‍ത്തനം മുടങ്ങും. ഈ സമയത്ത് റേഷന്‍ വിതരണം നടത്താന്‍ കഴിയില്ല. ഇത് ഉപഭോക്താക്കളെ പ്രകോപിതരാക്കുന്നു. സംസ്ഥാനത്തെ 14437 റേഷന്‍ കടകള്‍ക്കായി തിരുവനന്തപുരത്ത് ഒരു സര്‍വര്‍ മാത്രമാണുള്ളത്. സര്‍വറില്‍ തിരക്ക് കൂടുമ്പോള്‍ മന്ദഗതിയിലാവുന്നത് സ്വാഭാവികം. ഇന്റര്‍നെറ്റ് കവറേജ് തീരെ കുറഞ്ഞ പ്രദേശങ്ങളിലെ റേഷന്‍ കടകളെ ഈ പ്രശ്‌നം ഗുരുതരമായി ബാധിക്കുന്നുണ്ട്.
ഇതിന്റെ ദുരിതമനുഭവിക്കുന്നതും വ്യാപാരികളാണ്. അനര്‍ഹരുടെ പട്ടികയില്‍പ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയെങ്കിലും ഇവരെ ഇപോസ് മെഷീനില്‍ നിന്ന് ഒഴിവാക്കാത്തതും വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്നു. അനര്‍ഹരായവരുടെ ലിസ്റ്റ് വ്യാപാരികള്‍ക്കു നല്‍കിയിട്ടുണ്ട്. ഈ ലിസ്റ്റ് അനുസരിച്ചാണ് നാലു മാസമായി റേഷന്‍ വിതരണം നടത്തുന്നത്. എന്നാല്‍ ഇവര്‍ പഞ്ചു ചെയ്യുമ്പോള്‍ അര്‍ഹരായവരുടെ ലിസ്റ്റിലാണെന്നാണു മെഷീന്‍ കാണിക്കുന്നത്. ഇവര്‍ക്കു റേഷന്‍ നല്‍കാന്‍ കഴിയില്ലാത്തതിനാല്‍ ഇതും ഉപഭോക്താക്കളുമായി കലഹിക്കാന്‍ കാരണമാവുന്നുവെന്ന് വ്യാപാരികള്‍. മാസാവസാനം ഉപഭോക്താക്കളുടെ തിരക്കു കാരണം സര്‍വര്‍ മന്ദഗതിയിലായതാണ് ശനിയാഴ്ച റേഷന്‍ വിതരണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നത്. അടുത്ത മാസം 10 വരെ ഈ മാസത്തെ റേഷന്‍ വിതരണം നടത്താമെന്നു സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും മെഷീന്റെ അവസ്ഥ ഇതായതിനാല്‍ വിതരണം പൂര്‍ത്തിയാക്കന്‍ കഴിയുമോയെന്ന ആശങ്കയിലാണു വ്യാപാരികള്‍.
Next Story

RELATED STORIES

Share it