Kottayam Local

ഇ-പോസ് പൊതുവിതരണ മേഖലയുടെ മുഖം മാറ്റും: മന്ത്രി

കോട്ടയം: സംസ്ഥാനത്ത് ഇലക്‌ട്രോണിക് പോയിന്റ്  ഓഫ് സെയില്‍ (ഇ-പോസ്്) സംവിധാനം അടുത്ത മാസത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അതു പൊതുവിതരണ മേഖലയുടെ മുഖഛായ മാറ്റുമെന്നും മന്ത്രി പി തിലോത്തമന്‍. കോട്ടയം പനമ്പാലത്ത് പുതിയതായി ആരംഭിച്ച സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു   അദ്ദേഹം. എല്ലാ റേഷന്‍ വ്യാപാരികളും ഇ-പോസ് മെഷിന്‍ വാങ്ങി കഴിഞ്ഞു. ഇത്  ഉപയോഗിക്കുന്നതിന് പരിശീലനം പൂര്‍ത്തിയായി വരുന്നു.
അടുത്തമാസം ഇത് നടപ്പാവുന്നതിലൂടെ റേഷന്‍ സാധനങ്ങളുടെ കൃത്യമായ അളവും തൂക്കവും ഗുണഭോക്താവിന് നേരിട്ട് മനസ്സിലാക്കാന്‍ കഴിയും. പൊതുവിതരണ രംഗത്ത് ഫലപ്രദമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. എഫ്‌സിഐയുടെ ഗോഡൗണില്‍ നിന്ന് ഭക്ഷ്യസാധനങ്ങള്‍ റേഷന്‍ കടകളില്‍ എത്തിച്ചിരുന്ന ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കി. സര്‍ക്കാര്‍ നേരിട്ട് റേഷന്‍ സാധനങ്ങള്‍ കടകളില്‍ എത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഉണ്ടായിരുന്ന വിലയില്‍ നിന്ന് സപ്ലൈകോയിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ വില കാലാവധി പൂര്‍ത്തിയാകുന്നതുവരെ കൂട്ടുകയില്ല.
എന്നാല്‍ മാര്‍ക്കറ്റില്‍ വില കുറയുന്നതിനനുസരിച്ച് കുറയ്ക്കുകയും ചെയ്യും. ഇതുവരെ 1553 സപ്ലൈകോ ഔട്ട്‌ലെറ്റ്കള്‍ തുടങ്ങാന്‍ കഴിഞ്ഞു. ഓരോ ജില്ലയിലും സപ്ലൈകോയുടെ ജില്ലാ കേന്ദ്രത്തെ എല്ലാ ഭക്ഷ്യസാധനങ്ങള്‍ ഒരു കുടകീഴില്‍ ലഭിക്കുന്ന ഷോപ്പിങ് മാള്‍ ആക്കി മാറ്റുന്നതിന് നടപടി എടുക്കും.
മാര്‍ക്കറ്റില്‍ വില നിയന്ത്രിച്ച് നിര്‍ത്തുന്നതിന് സപ്ലൈകോ നടത്തുന്ന ഇടപെടല്‍ വലുതാണ്. 2018-19 സാമ്പത്തിക വര്‍ഷം 180 കോടി രൂപയുടെ സബ്‌സിഡിയാണ് സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. ഇതു വര്‍ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് സപ്ലൈകോയ്ക്ക് ലഭിക്കുന്ന സബ്‌സിഡിയുടെ ഇരട്ടി ആനുകൂല്യം സപ്ലൈകോ ജനങ്ങള്‍ക്ക് നല്‍കും.
മുന്‍വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ 200 കോടി രൂപയുടെ ആനുകൂല്യം നല്‍കിയപ്പോള്‍ കഴിഞ്ഞ വര്‍ഷം 510 ഉം മുന്‍വര്‍ഷം 443 ഉം കോടി രൂപയുടെ ആനുകൂല്യങ്ങള്‍ സപ്ലൈകോ ജനങ്ങള്‍ക്ക് നല്‍കി. സബ്‌സിഡി അനുവദിച്ചിട്ടുളള സാധനങ്ങള്‍ വാങ്ങുന്നതിനോടൊപ്പം സബ്‌സിഡി ഇല്ലാത്ത ഭക്ഷ്യവസ്തുക്കളും സപ്ലൈകോയില്‍ നിന്ന് തന്നെ വാങ്ങണം.
ഇത്തരം സംവിധാനങ്ങളുടെ നിലനില്‍പ്പിന് ഇത് ആവശ്യമാണ്. റേഷന്‍ സാധനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിച്ചിട്ടുണ്ട്. ഗുണമേന്‍മയുള്ള  അരിയും ഭക്ഷ്യവസ്തുക്കളുമാണ് റേഷന്‍കടകളില്‍ ഇപ്പോള്‍ വിതരണം ചെയ്യുന്നത്. നന്നായി ഫര്‍ണിഷ് ചെയ്തിട്ടുള്ള റേഷന്‍ കടകളിലൂടെ സ്‌പ്ലൈകോ ഉല്‍പന്നങ്ങളും വില്‍ക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. ഇത്തരം സംവിധാനങ്ങള്‍ എല്ലാവരും ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. സുരേഷ് കുറുപ്പ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ആര്‍പ്പൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരന്‍ ആദ്യവില്പന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മഹേഷ് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം മോളമ്മ സാബു, സപ്ലൈകോ ജനറല്‍ മാനേജര്‍ കെ വേണുഗോപാല്‍, കോട്ടയം സ്‌പ്ലൈകോ മേഖല മാനേജര്‍ ജോമോന്‍ വര്‍ഗീസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it