Flash News

ഇ പി ജയരാജന്‍ വധശ്രമക്കേസ് : മന്ത്രിമന്ദിരത്തില്‍ എംവിആര്‍ തന്നെ ഒളിപ്പിച്ചെന്ന് കെ സുധാകരന്‍

കണ്ണൂര്‍: ഇ പി ജയരാജനെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ആന്ധ്ര പോലിസ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ എം വി രാഘവന്‍ മന്ത്രിമന്ദിരത്തില്‍ ഒളിപ്പിച്ച് രക്ഷപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. എം വി രാഘവന്റെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സിഎംപി (സി പി ജോണ്‍ വിഭാഗം) സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1995ലാണ് ഇ പി ജയരാജന്‍ ആന്ധ്രയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടത്. സിപിഎമ്മില്‍നിന്നു പുറത്തായ എം വി രാഘവന്‍ സിഎംപി രൂപീകരിച്ചതോടെ പരസ്പരം പോര്‍വിളികളായി. അന്ന്  യുഡിഎഫ് സര്‍ക്കാരില്‍ സഹകരണമന്ത്രിയായിരുന്നു രാഘവന്‍.  കെ സുധാകരനാവട്ടെ കണ്ണൂരില്‍ സിപിഎമ്മിന്റെ ഹിറ്റ്‌ലിസ്റ്റിലെ പ്രധാനിയും.   ഇ പി ജയരാജന് ആന്ധ്രയിലെ ഓംഗോള്‍ മേഖലയില്‍ വച്ച് വെടിയേറ്റത്.  വെടിവച്ച ഉടന്‍ ട്രെയിനില്‍ നിന്നു ചാടി രക്ഷപ്പെട്ട അക്രമിസംഘത്തിലെ ദിനേശ്, ശശി എന്നീ പ്രതികള്‍ പിന്നീടു പിടിയിലായി. പ്രതികള്‍ വാടകക്കൊലയാളികള്‍ മാത്രമാണെന്നും എം വി രാഘവനും കെ സുധാകരനും ചേര്‍ന്നു വധിക്കാന്‍ ശ്രമിച്ചെന്നുമാണ് സിപിഎം ആരോപണം. ഇ പി ജയരാജന്‍ പോലിസിനു നല്‍കിയ മൊഴിയും അങ്ങനെയാണ്. തുടര്‍ന്നാണ് തന്നെ അറസ്റ്റ് ചെയ്യാന്‍ ആന്ധ്ര പോലിസ് എത്തിയത്. ഈ സമയത്താണ് തിരുവനന്തപുരത്തെ മന്ത്രിമന്ദിരത്തില്‍ ഒളിപ്പിച്ച് എംവിആര്‍ രക്ഷകനായതെന്നാണ് സുധാകരന്‍ അനുസ്മരിച്ചത്.

ആന്ധ്ര പോലിസ് എത്തുന്നതായി എംവിആറിനു വിവരം ലഭിച്ചു.  തുടര്‍ന്ന്  എംവിആര്‍ തന്നെ ഔദ്യോഗിക വസതിയിലേക്കു കൊണ്ടുപോയി. രണ്ടുദിവസം അവിടെ ഒളിവില്‍ കഴിഞ്ഞു.  മന്ത്രിമന്ദിരത്തില്‍ കയറി പരിശോധന നടത്താന്‍ പോലിസ് ധൈര്യപ്പെടില്ലല്ലോ.   എത്ര ദിവസം വേണമെങ്കിലും അവിടെ നില്‍ക്കാമായിരുന്നു. പക്ഷേ, മന്ത്രിമന്ദിരത്തില്‍ ഒളിവില്‍ കഴിയുന്നതു ശരിയല്ലെന്നു തിരിച്ചറിഞ്ഞ് മൂന്നാംദിവസം അവിടെനിന്നു പോയതായും സുധാകരന്‍ പറഞ്ഞു. ജയരാജന്‍ വധശ്രമക്കേസില്‍ രാഘവനെയും സുധാകരനെയും പിന്നീട് ആന്ധ്ര ഓംഗോള്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.  പ്രതികളിലൊരാള്‍ പിന്നീടു മരിച്ചു. ഒരാള്‍ക്ക് ആന്ധ്ര കോടതി 2011ല്‍ 19 കൊല്ലം തടവു വിധിച്ചു. യുഡിഎഫ്-എല്‍ഡിഎഫ് അനുകൂല സിഎംപിയുടെ നേതൃത്വത്തില്‍ ചേരിതിരിഞ്ഞാണ് സംസ്ഥാന വ്യാപകമായി എംവിആര്‍ അനുസ്മരണം നടത്തിയത്. കണ്ണൂരില്‍ സി പി ജോണ്‍ വിഭാഗത്തിന്റെ അനുസ്മരണത്തില്‍ കെ സുധാകരന്‍ പങ്കെടുത്തപ്പോള്‍ മറുവിഭാഗത്തിന്റെ പരിപാടിയില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it