ഇ പി ജയരാജന്റെ മകന്റെ റിസോര്‍ട്ട് നിര്‍മാണം: പരാതി ശരിവച്ച് തഹസില്‍ദാരുടെ റിപോര്‍ട്ട്

കണ്ണൂര്‍: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ എംഎല്‍എയുടെ മകന്റെ നേതൃത്വത്തിലുള്ള കമ്പനി കുന്നിടിച്ചു നിരത്തി റിസോര്‍ട്ട് നിര്‍മിക്കുന്നതിനെതിരേ ശാസ്ത്ര സാഹിത്യ പരിഷത്ത് നല്‍കിയ പരാതിയിലെ ആരോപണം ശരിവച്ച് തഹസില്‍ദാരുടെ റിപോര്‍ട്ട്.
റിപോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറി. പ്രതിപക്ഷമില്ലാതെ സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയിലെ വെള്ളിക്കീലില്‍ മൊറാഴ ഉടുപ്പ് കുന്നിടിച്ചാണ് ഇ പി ജയരാജന്റെ മകന്‍ ജെയ്‌സണ്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയുര്‍വേദ റിസോര്‍ട്ടും ആശുപത്രി സമുച്ചയവും പണിയുന്നത്. മൂന്നുകോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മാണം. നഗരസഭ ബില്‍ഡിങ് പെര്‍മിറ്റിന് അനുമതി നല്‍കിയ, വന്‍ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്ന പദ്ധതിക്കെതിരേ ശാസ്ത്രസാഹിത്യപരിഷത്ത് ബക്കളം യൂനിറ്റ് പ്രമേയം പാസാക്കുകയും കലക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് തളിപ്പറമ്പ് തഹസില്‍ദാര്‍ മുരളീധരനോട് കലക്ടര്‍ റിപോര്‍ട്ട് തേടിയത്. 10 ഏക്കറില്‍ വ്യാപകമായി കുന്നിടിച്ചിട്ടുണ്ടെന്നും കുന്നുകള്‍ പൂര്‍ണമായും ഇല്ലാതാവുന്ന തരത്തിലാണ് മണ്ണെടുക്കുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു. പാരിസ്ഥിതികാഘാതം പഠിക്കാന്‍ ജിയോളജി വകുപ്പിനെയും ഏല്‍പ്പിച്ചിട്ടുണ്ട്. റിപോര്‍ട്ടിന്റെ വെളിച്ചത്തില്‍ നിയമനടപടി ഉള്‍പ്പെടെയുള്ള തുടര്‍നടപടി സ്വീകരിക്കേണ്ടത് കലക്ടറാണ്.
Next Story

RELATED STORIES

Share it