wayanad local

ഇ-ടെന്‍ഡര്‍ സാധാരണക്കാര്‍ക്ക് തിരിച്ചടി



മാനന്തവാടി: വനംവകുപ്പിന്റെ തടി ഡിപ്പോകളില്‍ നടപ്പാക്കിയ ഇ-ടെന്‍ഡര്‍ അഴിമതിക്ക് ഒരളവു വരെ തടയിടുന്നുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് തിരിച്ചടിയായി. ഇ-ലേലവുമായി ബന്ധപ്പെട്ട സാങ്കേതികത്വവും അറിവില്ലായ്മയുമാണ് ചെറുകിട കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത്. സാധാരണക്കാര്‍ക്ക് വീട്ടാവശ്യങ്ങള്‍ക്കും മറ്റും 5 ഘനമീറ്റര്‍ മരം വരെ ലേലം വിളിച്ചെടുക്കണമെങ്കില്‍ 560 രൂപ മാത്രം രജിസ്റ്റര്‍ ഫീസായി നല്‍കിയാല്‍ മതി. എന്നാല്‍, അംഗീകൃത വ്യാപാരികള്‍ക്ക് 5618 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. വീട് നിര്‍മാണം, മറ്റ് ചെറിയ പ്രവൃത്തികള്‍ എന്നിവയ്‌ക്കെല്ലാം കുറഞ്ഞ അളവ്  മരം മാത്രമേ സാധാരണക്കാരന് ആവശ്യമുണ്ടാവാറുള്ളൂ. ഇത്തരത്തിലുള്ള ചെറിയ ലോട്ടുകള്‍ ഡിപ്പോകളില്‍ ഉണ്ടാവാറുമുണ്ട്. എന്നാല്‍, ഈ മരങ്ങളും ഇ-ടെന്‍ഡര്‍ വഴിയാണ് വില്‍പന നടത്തുന്നത്. കംപ്യൂട്ടറിലുള്ള പരിജ്ഞാനക്കുറവ്, ഇന്റര്‍നെറ്റ് തുടങ്ങിയ സാങ്കേതികതകളെ കുറിച്ചുള്ള അറിവില്ലായ്മ എന്നിവയെല്ലാം ചെറുകിട കര്‍ഷകരെയും സാധാരണക്കാരനെയും ലേലത്തില്‍ നിന്നു പിന്തിരിപ്പിക്കുകയാണ്. അതിനാല്‍ തന്നെ ഡിപ്പോകളിലെ ചെറിയ ലോട്ടുകള്‍ ലേലം നടക്കാതെ മരങ്ങള്‍ നശിച്ചുപോവുകയും ചെയ്യുന്നു. ഇതു സര്‍ക്കാര്‍ ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. ചെറിയ അളവില്‍ മരം എടുക്കുന്നവര്‍ക്ക് ഡിപ്പോകളില്‍ എത്തി മരങ്ങള്‍ ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. അതേസമയം, ഇ-ലേലം പ്രാബല്യത്തില്‍ വന്നതോടെ ഡിപ്പോകളില്‍ നടക്കുന്ന ലേലത്തില്‍ വന്‍കിട വ്യാപാരികള്‍ റിങ്ങാവുന്നത് ഇല്ലാതാവുകയും വനംവകുപ്പിന് പ്രതീക്ഷിക്കുന്ന തുക ലഭിക്കുന്ന അവസ്ഥയുമുണ്ട്. ജില്ലയില്‍ കോഴിക്കോട് ടിംബര്‍ സെയില്‍സ് ഡിവിഷന് കീഴിലായി ബാവലിയിലും സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലുമാണ് വനംവകുപ്പിന്റെ മരം ഡിപ്പോകള്‍.
Next Story

RELATED STORIES

Share it