malappuram local

ഇ അഹമ്മദിന്റെ ഓര്‍മയ്ക്ക് ഒരു വയസ്സ്

മലപ്പുറം: മുസ്്‌ലിംലീഗ് നേതാവും കേന്ദ്ര-സംസ്ഥാന മന്ത്രിയുമായിരുന്ന ഇ അഹമ്മദ് ഓര്‍മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 2017 ജനുവരി 31ന് പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയിലാണ് അദ്ദേഹം കുഴഞ്ഞുവീണത്. അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാനും ചികില്‍സ നല്‍കാനും തയ്യാറാവാത്തതും മരണവിവരം മറച്ചുവച്ചതു സംബന്ധിച്ചും വലിയ വിവാദങ്ങള്‍ തന്നെയുണ്ടായി. ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെ 2.30നാണ് കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന്റെ മരണ വിവരം പുറത്തുവിട്ടത്. ബജറ്റ് അവതരണം തടസ്സപ്പെടാതിരിക്കാന്‍ സ്വന്തം മക്കളെപ്പോലും ആശുപത്രിയില്‍ കയറ്റിയില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ജനിച്ചത് കണ്ണൂരായിരുന്നെങ്കിലും മലപ്പുറമായിരുന്നു അഹമ്മദിന്റെ രാഷ്ട്രീയ തട്ടകം. താനൂരില്‍നിന്നു വിജയിച്ച് അദ്ദേഹം കേരളത്തില്‍ വ്യവസായ മന്ത്രിയായി. കാല്‍നൂറ്റാണ്ടുകാലം നിയമസഭാ അംഗമായും പ്രവര്‍ത്തിച്ചു. 1980 മുതല്‍ 2017 വരെ പാര്‍ലമെന്ററി രംഗത്ത് നിറഞ്ഞുനിന്നു. പാര്‍ട്ടിയിലും സര്‍ക്കാറിലും ഒരേ സമയത്ത് ഉയര്‍ന്ന പദവികള്‍ വഹിച്ചു. 1067ല്‍ കണ്ണൂരില്‍ നിന്നാണ് ആദ്യമായി ഇ അഹമ്മദ് എംഎല്‍എ ആയത്. 1982 മുതല്‍ 87 വരെ വ്യവസായ മന്ത്രിയായി. 1991ല്‍ ആദ്യമായി മഞ്ചേരിയില്‍ നിന്നു പാര്‍ലമെന്റിലേക്ക് മല്‍സരിച്ചു. 1996, 98, 99 വര്‍ഷങ്ങളിലും അദ്ദേഹം പാര്‍ലമെന്റംഗമായി. 2004ല്‍ പൊന്നാനിയില്‍ നിന്നുമാണ് മല്‍സരിച്ചു ജയിച്ചത്. ആദ്യ യുപിഎ മന്ത്രിസഭയില്‍ വിദേശ കാര്യ സഹമന്ത്രിയായി. രണ്ടാം യുപിഎ മന്ത്രിസഭയിലും അദ്ദേഹം വിദേശകാര്യ, റയില്‍വേ, മാനവശേഷി വകുപ്പുകള്‍ കൈകാര്യം ചെയ്തു. മലപ്പുറത്ത് പാസ്‌പോര്‍ട്ട് ഓഫിസ് കൊണ്ടുവന്നത് അദ്ദേഹം വിദേശകാര്യമന്ത്രിയായിരിക്കുമ്പോഴാണ്. എംഎസ്എഫിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച ശേഷം യൂത്ത്‌ലീഗിലും മുസ്്‌ലിംലീഗിലും ഔദ്യോഗിക പദവികള്‍ വഹിച്ചു. മരിക്കുമ്പോള്‍ മുസ്്‌ലിംലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. വിദേശ രാജ്യങ്ങളില്‍ വിശിഷ്യാ ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ക്കുണ്ടാവുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതില്‍ അഗ്രഗണ്യനായിരുന്നു ഇ അഹമ്മദ്. ഏഴ് തവണ ലോക്‌സഭയിലും നിയമസഭയിലും അംഗമാവാന്‍ ഭാഗ്യം സിദ്ധിച്ച മറ്റൊരു നേതാവില്ല. ഐക്യരാഷ്ട്രസഭയിലും ഒന്നിലേറെ തവണ ഇന്ത്യയെ അദ്ദേഹം പ്രതിനിധീകരിച്ചിരുന്നു.
Next Story

RELATED STORIES

Share it