Fortnightly

ഇഹലോകവും പരലോകവും

ഇഹലോകവും പരലോകവും
X
മതം

ഇമാം ഖുമൈനി
ihalokamഹലോകം പരലോകം എന്നീ പദങ്ങള്‍ക്ക് വിവിധ വ്യാഖ്യാനങ്ങളും അര്‍ത്ഥ കല്‍പനകളും നല്‍കപ്പെട്ടിട്ടുണ്ട്. മിസ്റ്റിക്കുകളുടേയും പണ്ഡിതന്മാരുടെയും കാഴ്ചപ്പാടുകളിലെ വ്യത്യാസമാണ് ഇതിന് കാരണമായി ഭവിക്കുന്നത്. തലനാരിഴ കീറിക്കൊണ്ടുള്ള അത്തരം ചര്‍ച്ചകളിലേക്ക് നാം പ്രവേശിക്കുന്നില്ല. പരലോക മോക്ഷത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം പരിവര്‍ജ്യമായ ലോകത്തെകുറിച്ചും, മോചന മാര്‍ഗ്ഗത്തിലേക്ക് മനുഷ്യനെ എത്തിക്കുവാന്‍ സഹായകങ്ങളായ ഘടകങ്ങളെകുറിച്ചുമുള്ള ചര്‍ച്ചയാണ് ഇവിടെ സംഗതമായിട്ടുള്ളത്. ദൈവാനുസരണത്തില്‍നിന്നും ദൈവസ്‌നേഹത്തില്‍നിന്നും പരലോക ചിന്തയില്‍നിന്നും മനുഷ്യനെ തടഞ്ഞു നിര്‍ത്തുന്ന മുഴുവന്‍ സംഗതികളുടെയും ആകത്തുകയാണ് ശപിക്കപ്പെട്ട ലോകം. ശപിക്കപ്പെട്ട ലോകവും പരലോകവും പരസ്പര വിരുദ്ധങ്ങളാണ്. അല്ലാഹുവിന്റെ സംതൃപ്തിയും അവന്റെ സാമിപ്യവും കരസ്ഥമാക്കുവാന്‍ പ്രയോജകീഭവിക്കുന്ന മുഴുവന്‍ കാര്യങ്ങളും പാരത്രികമാണ്. കച്ചവടം, കൃഷി, വ്യവസായം, കുടുംബ പരിപാലനത്തിന് വ്യക്തി സ്വീകരിക്കുന്ന ജോലി, പാവങ്ങള്‍ക്കും നിരാലംബര്‍ക്കും വേണ്ടിയുള്ള വ്യക്തിയുടെ ധനവ്യയം തുടങ്ങിയവ ലൗകിക കാര്യങ്ങളായിട്ടാണനുഭവപ്പെടുന്നതെങ്കിലും അവയുടെ ഉദ്ദേശ്യത്തെ മാനദണ്ഡമായെടുക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവ പാരത്രികമാണ്. എന്നാല്‍ ദൈവ സാന്നിദ്ധ്യം കരഗതമാവാത്ത രീതിയിലും ദൈവവുമായി അകല്‍ച്ചയ്ക്ക് കാരണമാവുന്ന വിധത്തിലുള്ള ആത്മീയമായ അച്ചടക്കത്തോടും, പക്വതയോടും കൂടി നിര്‍വ്വഹിക്കപ്പെട്ടുന്ന മതാനുഷ്ഠാനങ്ങള്‍ ലൗകികങ്ങളായിത്തീരുകയും ചെയ്യുന്നു.ചില ഗവേഷകര്‍ പറയുന്നതിപ്രകാരമാണ്: ഇഹലോകവും പരലോകവും ഹൃദയത്തിന്റെ ആന്തരികമായ രണ്ടവസ്ഥകളാണ്. മരണത്തിനു മുമ്പുള്ള ജീവിതത്തെ സംബന്ധിക്കുന്നവ ഐഹികം. മരണാനന്തര ജീവിതത്തെ മുന്‍ നിര്‍ത്തിയും അതിനെ ആസ്പദിച്ചുള്ളതും പാരത്രികം.അസ്തിത്വത്തിന്റെ താഴ്ന്നപടിയും, അസ്ഥിരതയുടെയും മാറ്റത്തിന്റെയും, നശ്വരതയുടെയും സങ്കേതവുമാണ് ഐഹിക ലോകം. ഈ താഴ്ന്ന അസ്തിത്വത്തില്‍നിന്നും ഉയര്‍ന്ന അസ്തിത്വ തലത്തിലേക്കുള്ള തിരിച്ചു പോക്കാണ് പാരത്രികം എന്നതുകൊണ്ടുള്ള വിവക്ഷ. ഔന്നത്യത്തിലേക്കും, സ്വര്‍ഗീയതയിലേക്കും വ്യക്തിയുടെ ആന്തരിക ലോകത്തിലേക്കുമുള്ള തിരിച്ചു പോക്കാണിത്. സ്ഥിരതയുടെയും സന്തുലിതത്വത്തിന്റെയും അനശ്വരതയുടെയും സങ്കേതമാണത്. ഭൗമികതലം അപൂര്‍ണമായ ഒന്നാണെങ്കിലും ഉല്‍കൃഷ്ട മനസ്സുകളുടെ പാഠശാലയും പരിശീലനക്കളരിയുമാണ് എന്ന നിലയ്ക്കും, അദ്ധ്യാത്മികമായ ഉത്തുംഗത നേടിയെടുക്കാനുള്ള വിദ്യാലയം എന്ന നിലയ്ക്കും ഐഹിക ലോകം പാരത്രിക ലോകത്തിന്റെ കൃഷിനിലമാണ്. ഈയര്‍ത്ഥത്തില്‍ ദൈവത്തെ സ്‌നേഹിക്കുകയും പാരത്രികജീവിതം കാംക്ഷിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഉന്നതവും ഉദാത്തവും പ്രയോജനക്ഷമവുമായ ഒരു ഇടമാണ് ഇഹലോകം.ഖുര്‍ആനിലും ഹദീസിലും പരാമര്‍ശിച്ചിട്ടുള്ള പരിവര്‍ജ്യമായ ലോകത്തിന് ഇഹലോകം എന്ന് ഒറ്റയടിക്ക് അര്‍ത്ഥം കൊടുക്കാവതല്ല, ലൗകികതയോടു പൂര്‍ണമായി ഇഴുകി ചേര്‍ന്നതിനെയും അതുമായി ഗാഢമായ ബന്ധം സ്ഥാപിക്കുന്നതിനെയുമാണ് പരിവര്‍ജ്യമായ ഐഹികതകൊണ്ടുദ്ദേശിക്കുന്നത്. ഇതില്‍നിന്നും ഒരു കാര്യം മനസ്സിലാവുന്നു. മനുഷ്യന് രണ്ട് രീതിയിലുള്ള ഐഹിക ലോകങ്ങളുണ്ട് എന്നതാണത്. ഒന്ന് അഭിശപ്തമാണ്. മറ്റൊന്ന് ഉല്‍കൃഷ്ടമാണ്. അസ്ഥിരങ്ങളായ ചരക്കുകള്‍ക്ക് പകരമായി അത്യുന്നസ്ഥാനങ്ങളും അനശ്വരങ്ങളായ ആത്മീയ ഗുണങ്ങളും വിനിമയം കൊള്ളാനും അനശ്വരമായ വാസസ്ഥാനം കൈയേല്‍ക്കുവാനും വേണ്ടി ഈ ഭൂമിയിലും അതിലെ പാഠശാലയിലും വിപണന കേന്ദ്രത്തിലുമായി കഴിഞ്ഞു കൂടുകയെന്നതാണ് അനുവദനീയതയുടെയും അഭികാമ്യതയുടെയും പരിധിയിലുള്ള ഐഹികത. ഈ ഭൂമിയില്‍ പ്രവേശനം കൊള്ളാതെ അത് സാധ്യമാവുകയില്ല. ഒരാള്‍ ഇഹലോകത്തെ ഭര്‍ത്സിക്കുന്നത് കേട്ടപ്പോള്‍ അലി ഇപ്രകാരം പറയുണ്ടായി: “ഈ ലോകത്തിന്റെ യാഥാര്‍ത്ഥ്യം ഗ്രഹിച്ചവന് ഇത് സത്യത്തിന്റെ അഭയസ്ഥാനമാണ്. അവനെ സംബന്ധിച്ചിടത്തോളം ഈ ലോകം സുരക്ഷാ സ്ഥാനമാണ്. വരാനിരിക്കുന്ന ജീവിതത്തിലേക്കാവശ്യമായ സമ്പത്തുകള്‍ ശേഖരിക്കാനുള്ള ഖനിയാണീ ലോകം. ഈ ലോകത്തുനിന്നും പാഠങ്ങള്‍ പഠിക്കുന്നവനെ സംബന്ധിച്ചിടത്തോളം ഇതൊരു പാഠശാലയാണ്. അല്ലാഹു സ്‌നേഹിക്കുന്നവര്‍ക്കുള്ള ദേവാലയമാണിത്. മാലാഖമാരുടെ പ്രാര്‍ത്ഥനാലയമാണ്. അല്ലാവിന്റെ വെളിപാടുകള്‍ ഇറങ്ങിയ പുണ്യ സ്ഥാനമാണിത്. അല്ലാഹുവിന് വേണ്ടി സമര്‍പ്പിക്കുന്നവര്‍ക്കുള്ള വിചാരണ കേന്ദ്രമാണിത്. ഇവിടെ വെച്ചാണവര്‍ ദൈവകാരുണ്യം നേടുന്നത്. ഇവിടെ വച്ചുതന്നെയാണവര്‍ പറുദീസ നേടുന്നതും. സൂക്ഷ്മാലുക്കളുടെ ഗേഹം എത്ര നല്ലതു എന്ന ഖുര്‍ആനിക സൂക്തം ഇഹലോകത്തെയാണ് പരാമര്‍ശിക്കുന്നത് എന്നാണ് ഈ സൂക്തത്തെ കുറിച്ചുള്ള ഇമാം ബാഖിറിന്റെ വ്യാഖ്യാനം. അതിനാല്‍ അല്ലാഹുവിന്റെ സൗന്ദര്യത്തിന്റെയും അവന്റെ തേജോമയമായ പ്രതാപത്തിന്റെയും സാക്ഷ്യപത്രമായ ഇഹലോകം ഈ അര്‍ത്ഥത്തില്‍ അനഭികാമ്യമോ അഭിശപ്തമോ അല്ല. മാംസനിബദ്ധം മാത്രമായ ഒരു പ്രകൃതിയെ നേടുകയും അതിന്റെ അടിസ്ഥാനത്തില്‍ ഐഹികതയില്‍ ലയിച്ചു ചേരുകയും ചെയ്യുന്നവന്റെ ലോകമാണ് അഭിശപ്തമായ ലോകം. ആ ലോകം ബാഹ്യവും ആന്തരികവുമായ മുഴുവന്‍ തിന്മകളുടെയും ഉറവിടമാണ്.ഐഹികതയുടെപ്രേരകങ്ങള്‍മനുഷ്യന്‍ പദാര്‍ത്ഥ ലോകത്തിന്റെ സന്തതിയാണ്. പ്രകൃതിയാണവന്റെ അമ്മ. വെള്ളത്തിന്റെയും മണല്‍ത്തരിയുടെയും സങ്കലനമാണവന്‍. മനുഷ്യന്റെ വളര്‍ച്ചയുടെയും പുരോഗതിയുടെയും ആരംഭഘട്ടത്തില്‍തന്നെ ഐഹിക പ്രതിപത്തി അവന്റെ ഹൃദയത്തില്‍ രൂഢമൂലമായിട്ടുണ്ട്. മനുഷ്യന്റെ സുരക്ഷയും മനുഷ്യ വംശത്തിന്റെ നിലനില്‍പും ഉദ്ദേശിച്ചു അല്ലാഹു കനിഞ്ഞു നല്‍കിയ ചില ശക്തി പ്രഭാവങ്ങളും അവയവങ്ങളുമുണ്ട്. ഈ ശക്തിപ്രഭാവങ്ങളുടെയും ആനന്ദം പകരുന്ന മനുഷ്യാവയവങ്ങളുടെയും വളര്‍ച്ചക്കനുസൃതമായി ലോകത്തോടുള്ള മനുഷ്യന്റെ കാമനയും വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്നു. ഈ ലോകം ആനന്ദങ്ങളുടെയും ആഡംബരങ്ങളുടെയും ഒരു വേദിയാണെന്ന് അവന്‍ കരുതുന്നു. മരണത്തിലേക്കും പാരത്രിക ജീവിതത്തിലേക്കും താന്‍ വലിച്ചിഴക്കപ്പെടുമെന്ന വിശ്വാസത്തിലേക്ക് അവന്‍ നയിക്കപ്പെട്ടാലും, പരലോകത്തിന്റെ അവസ്ഥയും അവിടെ ലഭ്യമാവുന്ന പ്രതിഫലനങ്ങളും സംബന്ധിച്ച് അവന് ബോധ്യപ്പെട്ടാലും ഈ വിശ്വാസങ്ങളത്രയും അവന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാത്തതുകൊണ്ട് അവന്‍ അംഗീകരിക്കുകയില്ല. ഈ കാരണങ്ങളാല്‍ ഐഹിക പ്രേമവും ലോകവുമായുള്ള അവന്റെ കെട്ടുപാടുകളും കൂടുതല്‍ കൂടുതല്‍ ശക്തമാവുകയാണ് ചെയ്യുക. മനുഷ്യന്‍ തീര്‍ച്ചയായും അനശ്വരതയെ സ്‌നേഹിക്കുന്നു. നാശത്തില്‍നിന്നും ഒഴിഞ്ഞു മാറുകയും ചെയ്യുന്നു. ഈ ലോകം നശ്വരമാണെന്നും, മറുലോകമാണ് ശാശ്വതമായിട്ടുള്ളതെന്നും അവന്റെ  യുക്തി അവനെ തെര്യപ്പെടുത്തിയേക്കാം. എന്നാല്‍ ഈ വസ്തുതകളൊന്നും അവന്റെ ഹൃദയം ഉള്‍ക്കൊള്ളാത്തത്‌കൊണ്ട് യുക്തിബോധത്തിന്റെ ഈ നിരീക്ഷണങ്ങളെ അവന്‍ അംഗീകരിച്ചുകൊടുക്കാന്‍ തയ്യാറാവുകയില്ല. ഹൃദയം വിശ്വാസമുള്‍ക്കൊള്ളുകയെന്നതും, വിശ്വാസവുമായി ഹൃദയം ഇണക്കം സ്ഥാപിച്ചെടുക്കുകയെന്നതുമാണ് പ്രധാനമായിട്ടുള്ളത്. ഇബ്‌റാഹീം ഖലീലുല്ലാഹ് ഈയൊരു ഹൃദ്യതക്ക് വേണ്ടിയാണ് പ്രാര്‍ത്ഥിച്ചത്. യുക്തി പരലോകത്തിന്റെ അനിവാര്യത സ്ഥാപിക്കുമെങ്കിലും ആ വിശ്വാസം ഹൃദയത്തില്‍ പ്രവേശിക്കുന്നില്ലെങ്കില്‍ ഈ ലോകത്ത് എന്നുമെന്നും ജീവിക്കാന്‍ മനുഷ്യന്‍ ആഗ്രഹിക്കുകയും മരണ ചിന്തയില്‍നിന്നും ഒഴിഞ്ഞു മാറുകയും ചെയ്യും. എന്നാല്‍ ഈ ലോകം അസ്ഥിരവും അപൂര്‍ണവും നശ്വരവുമാണെന്നും മരണത്തിന്നപ്പുറമുള്ള ജീവിത തലങ്ങള്‍ അനശ്വരവും സുഭദ്രവും പൂര്‍ണവും സുസ്ഥിരവുമാണെന്നും ഹൃദയത്തിന് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ അത് പരലോക പ്രേമത്താല്‍ നിര്‍ഭരമാവും. ഈ ലോകത്തോട് നീരസം പ്രകടിപ്പിക്കും. ഈ ലോകത്തിന് അതീതമായി ചിന്തിക്കുകയും മറുലോകത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തി കാലത്തിന്റെ വിലക്കുകളില്‍നിന്നും അസ്ഥിരതയില്‍നിന്നും രക്ഷനേടാനും ഇരുട്ടിന്റെ സങ്കേതത്തില്‍നിന്നും ഓടിയകലാനും ആഗ്രഹിക്കും.ഈ ലോകത്തുനിന്നും ലഭ്യമാവുന്ന ഓരോ ആനന്ദവും ഹൃദയപാളിയില്‍ അതിന്‍ വടുക്കള്‍ അവശേഷിപ്പിക്കുന്നു. ഈ മുദ്രകള്‍ പദാര്‍ത്ഥ ലോകത്തോടുള്ള പ്രേമം ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്നു. ആസ്വാദ്യതയും ആനന്ദവും എത്രമേല്‍ വര്‍ദ്ധമാനമായ അളവിലാണോ അവയുടെ പ്രതിഫലനവും അതിനനുസൃതമായി തീവ്രമായിരിക്കും. ഹൃദയം പൂര്‍ണമായും ഐഹിക പ്രേമത്തിന്റെയും ആഡംബരത്തിന്റെയും പിടിയിലൊതുങ്ങുവോളം ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കും. ഐഹിക കാമനയാണ് എല്ലാ തിന്മകളുടെയും ഉറവിടം. നിയമലംഘനങ്ങള്‍, പാപകര്‍മ്മങ്ങള്‍, അധര്‍മ്മം തുടങ്ങിയവയെല്ലാം ഐഹിക പ്രേമത്തിന്റെ സൃഷ്ടികളാണ്. ഒരു നബിവചനം കാണുക: ഐഹിക  പ്രേമം ഹൃദയത്തെ കീഴടക്കുകയും ലോകത്തോടുള്ള അതിന്റെ ബാന്ധവം ശക്തമാവുകയും ചെയ്താല്‍ മരണാസന്നനായ വ്യക്തിക്ക് തോന്നുക ദൈവം തന്നെയും തന്റെ പ്രേമഭാജനത്തേയും വേര്‍പ്പെടുത്തിയെന്നായിരിക്കും. ഇതാണ് ഐഹിക പ്രേമത്തിന്റെ ഏറ്റവും വലിയ വിന. ഇതുകാരണമായി ദൈവത്തോട് നീരസവും, തീരാവൈരവും പ്രകടിപ്പിച്ചുകൊണ്ടായിരിക്കും അവര്‍ മരണപ്പെടുക.മറ്റൊരു ഹദീസ് കാണുക: “ലോകത്തിന്റെറ ഉദാഹരണം കടല്‍വെള്ളത്തിന്റേതാണ്. ദാഹാര്‍ത്തനായ ഒരു മനുഷ്യന്‍ അത് എത്രമാത്രം കുടിക്കുന്നുവോ അതിനനുസൃതമായി അവന്റെ ദാഹം വര്‍ദ്ധിച്ചുക്കൊണ്ടിരിക്കും.ഐഹിക ലോകത്തോടുള്ള കമ്പം മനുഷ്യനെ എന്നെന്നേക്കുമായി നാശത്തിലാഴ്ത്തും. ബാഹ്യവും ആന്തരികവുമായ സര്‍വ്വവിധ ധിക്കാരങ്ങളുടെയും മൂലകാരണമതാണ്. “ദിര്‍ഹമും ദീനാറും നിങ്ങള്‍ക്ക് മുമ്പ് എത്രയോ ജനവിഭാഗങ്ങളെ നശിപ്പിച്ചു. അതു നിങ്ങളെയും നശിപ്പിക്കും.”ഐഹിക പ്രേമം സര്‍വ്വവിധമായ ദുഷ്‌പ്രേരണകള്‍ക്കും കാരണമാവുന്നു. ഭൗതിക ഭ്രമം എത്രമാത്രം കുറഞ്ഞ അളവിലാണോ ഒരാളിലുളവാകുന്നത് അതിനനുസൃതമായി അയാളുടെ ഖബറിടം വിശാലവും പ്രകാശമയവുമായിരിക്കും.മരണത്തെ കുറിച്ച് ഭീതി ജനിപ്പിക്കുകയാണ് ഐഹിക പ്രേമത്തിന്റെ ഒരു ദുഷ്ഫലം. പുനരുദ്ധാരണത്തെ സംബന്ധിച്ച് വിശ്വാസികള്‍ക്കുണ്ടാവുന്ന ഭയം മരണഭീതിയല്ല. ഈ ലോകത്തിന്റെ കെട്ടുപാടുകളില്‍നിന്നും വേര്‍പ്പെടുന്നതില്‍നിന്നുള്ള വിരക്തി കാരണമായി മരണവേളയില്‍ അനുഭവിക്കുന്ന പീഢയാണ് മരണഭയം.മതാനുഷ്ഠാനങ്ങളില്‍നിന്നും, പ്രാര്‍ത്ഥനകളില്‍നിന്നും അകറ്റി നിര്‍ത്തുകയെന്നതാണ് ഐഹിക പ്രേമത്തിന്റെ മറ്റൊരു ദൂഷ്യം. ആത്മാവിന്റെ അഭിലാഷങ്ങള്‍ക്കെതിരില്‍ ധിക്കാരം പ്രകടിപ്പിക്കുവാന്‍ ബാഹ്യപ്രകൃതിയില്‍ അത് സമര്‍ദ്ദം ചെലുത്തുന്നു. നിശ്ചയദാര്‍ഢ്യവും മനഃസാന്നിദ്ധ്യവും അത് നശിപ്പിക്കുന്നു. ശരീരത്തേയും ശാരീരിക കഴിവുകളേയും നൈസര്‍ഗിക വാസനകളേയും ആത്മാവിനിഷ്ടപ്പെടുന്നതും അഭികാമ്യവുമായ മാര്‍ഗ്ഗങ്ങളിലൂടെ ചലിപ്പിക്കുകയും ആത്മാവിനിഷ്ടപ്പെടാത്ത അവിഹിത മാര്‍ഗ്ഗങ്ങളില്‍നിന്നും അവയെ തടയുകയെന്നതുമാണ് ആരാധനാമുറകളുടെ ഉദ്ദേശ്യം. ആത്മാവ് ശരീരത്തെ കീഴ്‌പ്പെടുത്തുമ്പോള്‍ ശരീരവും ശാരീരിക കഴിവുകളും അതിന്റെ വരുതിയിലാവുന്നു. അപ്പോള്‍ കര്‍മ്മങ്ങള്‍ യാതൊരു വിമുഖതയുമില്ലാതെ നിര്‍വ്വഹിക്കുവാന്‍ ശരീരം സന്നദ്ധമാവുന്നു. ഈയൊരവസ്ഥയെ പ്രദാനം ചെയ്യുന്നതില്‍ ക്ലേശകരങ്ങളായ ആരാധനാ മുറകള്‍ വളരെയധികം പ്രയോജകീഭവിക്കുന്നു. ഈ ആരാധനാ മുറകള്‍ മനുഷ്യന് നിശ്ചയദാര്‍ഢ്യവും മനക്കരുത്തും കരഗതമാക്കിക്കൊടുക്കുകയും അയാളുടെ ബാഹ്യപ്രകൃതിയെ കീഴടക്കിക്കൊടുക്കുകയും ചെയ്യുന്നു. മനസ്സു പൂര്‍ണവും അന്യൂനമാവുകയും പ്രതിജ്ഞകളും തീരുമാനങ്ങളും ദൃഢമാവുകയും ചെയ്യുമ്പോള്‍ മനുഷ്യ ശരീരവും അതിന്റെ ശക്തികേന്ദ്രങ്ങളും അല്ലാഹുവിന്റെ കല്‍പനകളനുസരിക്കുന്നതിലും നിഷിദ്ധങ്ങളില്‍നിന്നും വിട്ടുനില്‍ക്കുന്നതിലും യാതൊരു വിഷമവും വൈമുഖ്യവും പ്രകടിപ്പിക്കാത്ത, ദൈവഹിതം പ്രവര്‍ത്തിക്കാന്‍ തീരെ കാലവിളംബമുണ്ടാക്കാത്ത മാലാഖമാരുടെ പ്രകൃതിയിലേക്കുയരുന്നു. മനുഷ്യന്റെ ബാഹ്യ പ്രകൃതി ആത്മാവിന്റെ നിയന്ത്രണത്തിലാവുമ്പോള്‍ മുഴുവന്‍ ദുരിതങ്ങളും പ്രയാസങ്ങളും ദൂരീകരിക്കപ്പെടുകയും മനുഷ്യന്‍ പ്രശാന്തിയെ പുണരുകയും ചെയ്യുന്നു. അങ്ങിനെ സംഭവിക്കുമ്പോള്‍ ബാഹ്യപ്രകൃതിയുടെ ഏഴുതലങ്ങളും ദൈവിക ശക്തിക്ക് കീഴ്‌പ്പെടും.മനക്കരുത്തും ദൃഢപ്രതിജ്ഞയും മറുലോകത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ഇതിന്റെ അഭാവത്തില്‍ അത്യുന്നതമായ സ്വര്‍ഗ്ഗത്തിലെത്താന്‍ കഴിയുകയില്ല. സച്ചിരതരായ വ്യക്തികള്‍ സ്വര്‍ഗ്ഗസ്ഥാനീയരായിരിക്കവേ, ദൈവത്തില്‍ നിന്നും അവര്‍ക്കൊരു സന്ദേശം ലഭിക്കുമെന്ന് ഒരു ഹദീസില്‍ കാണാം. ആ സന്ദേശം ഇപ്രകാരമാണ്: “അനശ്വരനും ശാശ്വതനുമായ ഒരുവനില്‍ നിന്നും, നശ്വരനായവനിലേക്കുള്ള ഒരു സന്ദേശമിതാ! ഞാന്‍ എന്തു കല്‍പ്പിക്കുന്നുവോ അതൊക്കെയും സംഭവിക്കുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നതും കല്‍പിക്കുന്നുമായ മുഴുവന്‍ കാര്യങ്ങളും സംഭവിക്കുമാറ് ഈ അധികാരം ഞാന്‍ ഇന്നേ ദിവസം നിങ്ങള്‍ക്കു നല്‍കി നിങ്ങളെ നാം അനുഗ്രഹിക്കുന്നു.” എത്രമഹത്തരവും ഉദാത്തവുമായ ഒരധികാരമാണിത്. നിശ്ചയദാര്‍ഢ്യമുള്ള വ്യക്തിയുടെ ആഗ്രഹാഭിലാഷങ്ങളൊക്കെയും ദൈവേച്ഛയുടെ പ്രകടനമായിത്തീരും. അതുവഴി അവര്‍ക്ക് ശൂന്യതക്ക് ഉണ്മയുടെ ചമയം പ്രദാനം ചെയ്യാന്‍ കഴിയും. ഈ പദവി എത്ര മനോഹരം! മറ്റെല്ലാ മാനുഷിക സിദ്ധികളേക്കാളും ശക്തികളേക്കാളും ഉദാത്തമാണ്, മനക്കരുത്തും നിശ്ചയദാര്‍ഢ്യവും എന്നാണിത് തെളിയിക്കുന്നത്. കണിശമായ വിധി തീര്‍പ്പില്ലാതെ ഈ പദവി നല്‍കപ്പെടുകയില്ല. ഏതൊരാള്‍ക്കും കരഗതമാകുവാന്‍ കഴിയുമാറ് ഈ അനുഗ്രഹീതമായ പദവി നല്‍കുന്നതില്‍ അയഞ്ഞതോ ധാരാളിത്തത്തോടുകൂടിയുള്ളതോ ആയ ഒരു നിലപാടു അല്ലാഹു സ്വീകരിക്കുകയില്ലെന്നതും വളരെ വ്യക്തമാണ്. വ്യക്തിയുടെ മനസ്സ് മൃഗീയ താല്‍പര്യങ്ങള്‍ക്കടിപ്പെടുകയാണെങ്കില്‍ ഈ പദവി അയാള്‍ക്ക് കരഗതമാവുകയില്ല.ഈ ലോകം പരലോകത്തിന് വേണ്ടിയുള്ള കൃഷിയിടമാണ്. ഈ ലോകത്ത് വെച്ചുതന്നെ മനക്കരുത്തും നിശ്ചയദാര്‍ഢ്യവും നേടിയെടുക്കണം. സ്വര്‍ഗ്ഗ പ്രവേശനത്തിന്റെ മാനദണ്ഡമാണത്. ശരീഅത്ത് അനുശാസിച്ചിട്ടുള്ള ആരാധനകളും അനുഷ്ഠാനങ്ങളും അലൗകീകമായ മാലാഖ പ്രകൃതി കൈവരിക്കുമെന്നതിനുപുറെ, സ്വര്‍ഗം നേടാനുള്ള അടിസ്ഥാന ഘടകങ്ങളായി വര്‍ത്തിക്കുകയും ചെയ്യുന്നു. യുക്തിബോധവും അത് സമ്മതിക്കുന്നുണ്ട്. എല്ലാ ആരാധനകളും മനസ്സില്‍ അതിന്റെ പ്രതിഫലനങ്ങളുണ്ടാക്കുന്നുണ്ട്. ആരാധനകള്‍ പതുക്കെ പതുക്കെ മനസ്സിനെ ബലപ്പെടുത്തുകയും ദൃഡീകരിക്കുകയും ചെയ്യുന്നു. മനോശക്തി മനസ്സിനെ പൂര്‍ണതയിലെത്തിക്കുന്നു. ആരാധനയ്ക്ക് നല്‍കുന്ന പ്രയത്‌നത്തിന്റെ അളവിന്റെ വര്‍ദ്ധനവനുസരിച്ച് ആരാധന കൂടുതല്‍ ഫലദായകമായിത്തീരുന്നു. “ഏറ്റവും ദുഷ്‌ക്കരമായ ആരാധനാ രൂപമാണ് ഏറ്റവും ഉത്തമമായ ആരാധന. ശരത്കാല രാത്രിയില്‍ സുഖസുഷുപ്തിയുപേക്ഷിച്ചുകൊണ്ട് ദൈവാരാധനയ്ക്കായി എഴുന്നേല്‍ക്കുകയാണെങ്കില്‍ ശരീരം ആത്മാവിന് കീഴ്‌പ്പെടുന്നു. മനസ്സ് കരുത്താര്‍ജ്ജിക്കുകയും ചെയ്യും. ആരംഭത്തില്‍ ഒരല്‍പം വിഷമവും ബുദ്ധിമുട്ടും അനുഭവപ്പെട്ടെന്നുവരാം. അതെളുപ്പം ദുരീകരിക്കപ്പെടും. ബുദ്ധിമുട്ടുപറയുന്ന അനേകം വ്യക്തികളെ കാണാം. എന്നാല്‍ നാം പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കാത്തതുകൊണ്ടുമാത്രമാണ് നമുക്ക് വിഷമവും ആലസ്യവും അലംബാവവും അനുഭവപ്പെടുന്നത്. നാം നമ്മെ നിര്‍ബന്ധിക്കുകയാണെങ്കില്‍ ഈ വിഷമാവസ്ഥ മാറിക്കിട്ടും. നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ മനസ്സ് അത് പതിവാക്കും. നിശാവേളയില്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കുന്നവര്‍ക്ക് അവാച്യമായ ആനന്ദനിര്‍വൃതി കരഗതമാവുന്നു. ശാരീരികാനന്ദത്തെക്കാള്‍ ആസ്വാദ്യകരമാണത്.”ഇത്തരം ആരാധനാ രൂപങ്ങള്‍ വളരെ പ്രയോജനങ്ങള്‍ നേടിത്തരുന്നു. ഈ ആരാധനാ രൂപങ്ങള്‍ക്ക് ലോകത്ത് വെച്ച് ഭാവനാതീതവും അതുല്യവുമായ മനോഹാരിത കൈവരും എന്നതാണ് ഒരു നേട്ടം. മനസ്സു കരുത്താര്‍ജ്ജിക്കുമെന്നുള്ളതും, ബലിഷ്ഠമാകുമെന്നുള്ളതുമാണ് മറ്റൊരു നേട്ടം. രാജാധി രാജനിലേക്ക് ഹൃദയം തിരിച്ചും സ്‌നേഹവത്സലനോടുള്ള പ്രേമവായ്പില്‍ ഹൃദയം തുടിച്ചും അസത്യത്തെ തിരസ്‌ക്കരിച്ചും സത്യത്തെ ആശ്ലേഷിച്ചും ഇഹലോകവുമായുള്ള കെട്ടുപാടുകള്‍ അവസാനിപ്പിച്ചുകൊണ്ടും, പരലോകത്തെ സംബന്ധിച്ചുള്ള ഉല്‍ക്കണ്ഠ ഇല്ലായ്മ ചെയ്തുകൊണ്ടും. ദൈവാരാധനയുമായും ദൈവസ്മരണയുമായും മനുഷ്യന്‍ ഇഴുകിച്ചേരുമെന്നതാണ് ഇനിയുമൊരു പ്രയോജനം. ദിവ്യമായ ഈ അനുഭൂതിയും വികാരപാരവശ്യവും പ്രകടമാവുകയും, ആരാധനകളുടെ ശരിയായ ഉദ്ദേശ്യവും ധ്യാനത്തിന്റെ രഹസ്യവും മനസ്സിലാവുകയും ചെയ്താല്‍ ഇരുലോകങ്ങളെ കുറിച്ചുമുള്ള ഭയം അവനില്‍നിന്നും ദുരീകരിക്കപ്പെടും. ഹൃദയപാളികളില്‍ ഒട്ടിപ്പിടിച്ചിട്ടുള്ള ദ്വിത്വത്തിന്റെ പൊടിപടലങ്ങള്‍ അല്ലാഹു തൂത്തുകളയും. ഇത്തരമൊരു ഭക്തനോടുള്ള അല്ലാഹുവിന്റെ സമീപനം എത്രമാത്രം ഉദാരമായിരിക്കും എന്ന് അവന്ന് മാത്രമേ അറിയൂ. മനുഷ്യപ്രകൃതിയെയും സഹജ ഗുണങ്ങളേയും അനുസരിച്ചാണ് മനുഷ്യന്‍ ആത്യന്തികമായ പൂര്‍ണതനേടുന്നതു എന്ന് വിവേകശാലികളായ ആര്‍ക്കുമറിയാം. മനുഷ്യഹൃദയം ആത്യന്തിക സൗന്ദര്യത്തിലേക്കും വസ്തുതകളുടെ സമ്പൂര്‍ണതയിലേക്കും ആകര്‍ഷിക്കപ്പെട്ടിരിക്കുന്നു. മനുഷ്യ ഹൃദയത്തിന്റെ  ഈയൊരഭിനിവേശം അല്ലാഹു മനുഷ്യ പ്രകൃതിയില്‍ ഉരുക്കിച്ചേര്‍ത്തിട്ടുള്ളതും നൈസര്‍ഗികവുമാണ്. ഓരോരുത്തര്‍ക്കും പൂര്‍ണതയെകുറിച്ച് അവരവരുടേതായ ആശയഗതിയുണ്ട്. അവന്‍ ആകര്‍ഷിക്കപ്പെടുന്നതില്‍ അവന്‍ പൂര്‍ണത ദര്‍ശിക്കുന്നു. പരലോകത്തിനുവേണ്ടി പ്രയത്‌നിക്കുന്ന വ്യക്തി അതിലെ പദവികളിലും, സ്ഥാനങ്ങളിലും പൂര്‍ണത ദര്‍ശിക്കുകയും അവരുടെ ഹൃദയം അതിലേക്ക് തിരിയുകയും ചെയ്യുന്നു. ദൈവത്തിന്റെ സൗന്ദര്യത്തില്‍ പൂര്‍ണതയും, ദൈവത്തിന്റെ പൂര്‍ണതയില്‍ സൗന്ദര്യവും ദര്‍ശിക്കുന്ന ദൈവദാസന്മാര്‍ ഇപ്രകാരം പറയും: ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചവന്റെ നേര്‍ക്ക് ഞാന്‍ എന്റെ മുഖം തിരിച്ചു. (6:79) അവന്‍ പറയും എന്റെ ആത്മസായൂജ്യം ദൈവത്തിലാണ്. അവര്‍ അല്ലാഹുവുമായി ലയിക്കാന്‍ കൊതിക്കുകയും അവന്റെ സൗന്ദര്യവുമായി പ്രേമവായ്പ്പിലാവുകയും ചെയ്യുന്നു. ഭൗതികതയുടെ ഉപാസകന്മാര്‍ ആഡംബരങ്ങളിലും ആനന്ദങ്ങളിലും പൂര്‍ണതദര്‍ശിക്കുന്നു. അവരുടെ കണ്ണുകളില്‍ സൗന്ദര്യമുള്ളതായി കാണപ്പെടുന്ന എല്ലാവസ്തുക്കളും അവരെ മത്ത് പിടിപ്പിക്കുന്നു. അവര്‍ അവയിലേക്ക് ചായ്‌വ് പ്രകടിപ്പിക്കുന്നുണ്ട്. എങ്കിലും ഐഹികലോകവുമായുള്ള ബാന്ധവങ്ങള്‍ അവന്റെ വിധി തീര്‍പ്പുകളെ വഴിപിഴപ്പിക്കുന്നു. അതിനാല്‍, ഒരു വ്യക്തി ഇഹപരലോകങ്ങളെ കുറിച്ചുള്ള അഗാധജ്ഞാനം ഉടമപ്പെടുത്തിയവനാവട്ടെ, മാനസികമായ മികവുകള്‍ നേടിയെടുത്തവനാകട്ടെ, അധികാരവും, ശക്തിയും ആര്‍ജിച്ചവനാകട്ടെ, സമ്പത്തുകളുടെ ശേഖരങ്ങള്‍ കൈവശപ്പെടുത്തിയവനാകട്ടെ, അവയോടുള്ള അവന്റെ താല്‍പര്യവും ആഗ്രഹം വര്‍ദ്ധിക്കുന്നു. അവയോടുള്ള അവന്റെ സ്‌നേഹാനുരാഗങ്ങള്‍ കൂടുതല്‍ കൂടുതല്‍ തീക്ഷ്ണമാവുന്നു.ആത്യന്തികമായ പൂര്‍ണതയുടെ നേര്‍ക്കുള്ള അഭിനിവേശം മനുഷ്യനില്‍ അന്തര്‍ലീനമാണ്. എന്നാല്‍ ലൗകികതയോടുള്ള മനുഷ്യദുര എത്രമാത്രം ശക്തമാണോ അതിനനുസൃതമായി അവന്‍ അത് കൂടുതല്‍ നേടിയെടുക്കുന്നു. അതിനനുസൃതമായി  അവയിലേക്ക്  അവന്‍ കൂടുതല്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു.  ലോകവും ലോകത്തിലെ ആനന്ദവും നേടിയെടുക്കുകയെന്നതാണ് അത്യുന്നതമായ തന്റെ ജീവിതലക്ഷ്യമെന്ന് തെറ്റിദ്ധരിക്കുന്നവരുടെ അത്യാര്‍ത്തിയും ദുരയും ദിനേന വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്നു. ഭൗതികതയോടുള്ള അവന്റെ ആശ്രയത്വം കൂടുതല്‍ ശക്തമാവുന്നു. ദാരിദ്ര്യവും അപര്യാപ്തതയുമാണ് അവന്റെ വിധി. എന്നാല്‍ പരലോകത്തിന്‌വേണ്ടി പ്രവര്‍ത്തിക്കുന്നവന്റെ ലോകത്തോടുള്ള ആകര്‍ഷണം കുറഞ്ഞു കുറഞ്ഞു വരുന്നു. ലോകത്തിന്റെ പകിട്ടിലും പത്രാസിലും അവന്‍ യാതൊരു ശ്രദ്ധയും പതിപ്പിക്കുന്നില്ല. അവന്‍ സംതൃപ്താവസ്ഥയെ പുണരുന്നു. ഭൗതിക സമ്പത്തുകള്‍ക്ക് അവന്റെ കണ്ണില്‍ ഒരു വിലയുമില്ലാതായിത്തീരുന്നു. അവന്റെ ഒരേ ഒരു ലക്ഷ്യം ആത്യന്തികമായ ഈ സമൃദ്ധി മാത്രമാണ്. സ്വാശ്രയനായ അല്ലാഹുവിന്റെ പ്രകാശം അവന്റെ ഹൃദയത്തില്‍ സമൃദ്ധിയുമായി വിളക്കിച്ചേര്‍ക്കുന്നു.പ്രഭാതം മുതല്‍ പ്രദോഷം വരെ ഒരു വ്യക്തിയുടെ ഏറ്റവും വലിയ ശ്രദ്ധ ഇഹലോകമാണെങ്കില്‍ അയാളുടെ കണ്ണുകളില്‍ അല്ലാഹു ദാരിദ്ര്യം ഇട്ടുകൊടുക്കുമെന്ന് ഈ ഹദീസില്‍നിന്നും നമുക്ക് മനസ്സിലായി. പരലോകത്തില്‍ ആര് ശ്രദ്ധപതിപ്പിക്കുന്നുവോ, അവരുടെ കണ്ണുകളില്‍ അല്ലാഹു ധന്യതയും സമൃദ്ധിയും ഇട്ടുകൊടുക്കുമെന്നും നാം മനസ്സിലാക്കി. പരലോക ചിന്തയുമായി കഴിയുന്നവന്റ കണ്ണില്‍ ഈ ലോകം ചെറുതായി കാണും. ഈ ലോകത്തെ അവന്‍ വീക്ഷിക്കുക തനിക്ക് വിദ്യാഭ്യാസവും പരിശീലനവും സാധിച്ചെടുക്കാന്‍ കഴിയുന്ന പരിവര്‍ത്തന വിധേയവും, താല്‍കാലികവും, ശുഷ്‌ക്കവുമായ ഒരിടമായിട്ടു മാത്രമാണ്, ഈ ലോകത്ത് അവന്‍ വളരെ കുറച്ചു മാത്രം കാംക്ഷിക്കുന്നു. ഈ ലോക കാര്യങ്ങളോടും, ജനങ്ങളോടുമുള്ള അവന്റെ ആശ്രയത്വം ചെറുതായി വരുന്നു. പൂര്‍ണമായ സ്വാശ്രയത്വത്തില്‍ അവന്‍ എത്തപ്പെടുന്നു. അവന്റെ കാര്യങ്ങളിലൊക്കെ സമഗ്രതയും താളസുബദ്ധതയും കൈവരുന്നു. എന്നാല്‍ ഈ ലോകത്തെ കുറിച്ച് നീ അത്ഭുതപ്പെടുകയും, അതിനോട് നീ പ്രതിപത്തി പുലര്‍ത്തുകയുമാണെങ്കില്‍ നീ അതുമായി ശക്തമായ ബാന്ധവം സ്ഥാപിക്കുന്നു. നീ ഈ ലോകത്തുനിന്നും കൂടുതല്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ലോകത്തോടുള്ള നിന്റെ ആശ്രയത്വം കൂടുതല്‍ ശക്തമാവുന്നു. നിന്റെ വ്യക്തിത്വത്തില്‍ ദാരിദ്ര്യവും ദീനതയും പ്രത്യക്ഷപ്പെടുന്നു. നിന്റെ കാര്യങ്ങളൊക്കെ ശിഥിലവുമായി തീരുന്നു. നിന്റെ ഹൃദയം ദുഃഖഭരിതവും ഉല്‍ക്കണ്ഠാജനകവുമായി തീരുന്നു. നിന്റെ ഹൃദയം ഭീതിയിലമരുന്നു. നിന്റെ ആഗ്രങ്ങളൊന്നും സാക്ഷാല്‍ക്കരിക്കപ്പെടുകയില്ല. നിന്റെ പ്രതീക്ഷയും അത്യാര്‍ത്തിയും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. ആധിയും വ്യാധിയും നിന്നെ കീഴ്‌പ്പെടുത്തും. നിരാശയും ചാഞ്ചല്യവും നിന്നെ വേട്ടയാടും. ഒരു ഹദീസ് ഈ വസ്തുത ഇപ്രകാരം വിവരിക്കുന്നു: ഈ ലോകത്തോടുള്ള വ്യക്തിയുടെ കെട്ടുപാട് എത്ര ശക്തമാണോ, ഈ ലോകത്തോട് വിടപറയുമ്പോള്‍ അവന്റെ ദുഃഖം അതിനനുസൃതമായി തീക്ഷ്ണവുമായിരിക്കും.” മറ്റൊരു ഹദീസ് കാണുക:ഈ ലോകത്തോട് ബാന്ധവം സ്ഥാപിച്ച ഹൃദയങ്ങളില്‍ മൂന്നു കാര്യങ്ങള്‍ ഇട്ടുകൊടുക്കും. തീരാദുഃഖം, സാക്ഷാല്‍ക്കരിക്കപ്പെടാത്ത ആഗ്രഹം, പൂര്‍ത്തീകരിക്കപ്പെടാത്ത പ്രതീക്ഷ എന്നിവയാണവ.”എന്നാല്‍ പരലോകത്തെ കാംക്ഷിക്കുന്നവന്‍ അല്ലാഹുവിന്റെ സന്നിധാനത്തെ സമീപിക്കുന്തോറും കൂടുതല്‍ സന്തുഷ്ടനും സംതൃപ്തനുമായിരിക്കും. ഈ ലോകത്തെ സംബന്ധിച്ചും അതിലെ പദാര്‍ത്ഥങ്ങളെ കുറിച്ചും അവന്‍ വിസ്മൃതനായിരിക്കും. അവര്‍ക്ക് അല്ലാഹു ഈ ലോകത്ത് ഒരു ജീവിതാവധി കൊടുത്തില്ലായിരുന്നുവെങ്കില്‍ ക്ഷണനേരമെങ്കിലും അവര്‍ ഇവിടെ തങ്ങുകില്ലായിരുന്നു.
Next Story

RELATED STORIES

Share it