Flash News

ഇസ് ലാം മതം സ്വീകരിച്ചവരെക്കുറിച്ച് എന്‍ഐഎ അന്വേഷണം;കേസുകളുടെ പട്ടിക ശേഖരിച്ചു

ഇസ് ലാം മതം സ്വീകരിച്ചവരെക്കുറിച്ച് എന്‍ഐഎ അന്വേഷണം;കേസുകളുടെ പട്ടിക ശേഖരിച്ചു
X


കൊച്ചി: ഡോ. ഹാദിയ കേസ് സുപ്രീംകോടതി പരിഗണനയിലിരിക്കെ സംസ്ഥാനത്ത് നടന്ന കൂടുതല്‍ മത പരിവര്‍ത്തനങ്ങള്‍ അന്വേഷിക്കാനൊരുങ്ങി എന്‍ഐഎ. മതപരിവര്‍ത്തനത്തിന്റെ കാരണങ്ങളും പിന്നില്‍ സമ്മര്‍ദ്ദമുണ്ടോ എന്ന കാര്യവുമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. എന്നാല്‍, മറ്റുമതങ്ങളില്‍ നിന്ന് ഇസ് ലാം മതത്തിലേക്ക് എത്തിയവരെക്കുറിച്ചാണ് എന്‍ഐഎ പ്രധാനമായും അന്വേഷിക്കുന്നത് എന്നാണ് സൂചന. ഇതിനായി പോലീസില്‍ നിന്ന് സംസ്ഥാനത്ത് നടന്ന 89 മതപരിവര്‍ത്തന കേസുകളുടെ പട്ടിക എന്‍ഐഎ ശേഖരിച്ചു. ഇതില്‍ 31 കേസുകളിലെ പ്രാഥമിക പരിശോധന നടന്നുവരികയാണെന്നു എന്‍ഐഎ കൊച്ചി യൂണിറ്റ് അധികൃതര്‍ വ്യക്തമാക്കി. ഹാദിയ കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോള്‍ മറ്റ് മതപരിവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും കോടതിക്ക് കൈമാറാനാണ് തീരുമാനമെന്നാണ് വിവരം.
മതപരിവര്‍ത്തനം നടത്തിയവരുടെ ബന്ധുക്കള്‍ വിവധ പോലീസ് സ്‌റ്റേഷനുകളില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎ അന്വേഷണം നടത്തുന്നത്. ദുരൂഹ സാഹചര്യത്തില്‍ കാണാതായ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഫാത്തിമ, തമ്മനം സ്വദേശിനി മെറിന്‍ എന്ന മറിയം എന്നിവരുടെ മതംമാറ്റവും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. മതപരിവര്‍ത്തനത്തിന് സഹായം ചെയ്യുന്ന കേന്ദ്രങ്ങളും അന്വേഷണ പരിധിയിലാണെന്ന് എന്‍ഐഎ വ്യക്തമാക്കി.
ഈ മാസം 30ന് ഹാദിയ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. ഈ ദിവസം മറ്റ് മതപരിവര്‍ത്തന കേസുകളിലെ അന്വേഷണ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കാനാണ് എന്‍ഐഎ നീക്കം. അതേസമയം, ഹാദിയ കേസില്‍ ഇതുവരെ ഹാദിയയുടെ മൊഴി രേഖപ്പെടുത്താന്‍ എന്‍ഐഎ തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it