Flash News

ഇസ്‌ലാമിക് ബാങ്കിങ് നടപ്പാക്കാനാവില്ല : ആര്‍ബിഐ



ന്യൂഡല്‍ഹി: രാജ്യത്ത് ഇസ്‌ലാമിക് ബാങ്കിങ് (പലിശ രഹിത ബാങ്കിങ്) സംവിധാനം നടപ്പാക്കാനാവില്ലെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ പ്രതിനിധി വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ സാമ്പത്തിക സേവനങ്ങള്‍ക്കും ബാങ്കിങിനുമുള്ള രാജ്യത്തെ മുഴുവന്‍ പൗരന്‍മാരുടെയും വിശാലവും തുല്യവുമായ അവകാശം പരിഗണിച്ചാണ് ആര്‍ബിഐയുടെ തീരുമാനമെന്നാണു വിശദീകരണം. നിലവില്‍ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഒരു പോലെ ബാങ്കിങ് സംവിധാനങ്ങള്‍ ലഭ്യമായിരിക്കെ പുതിയൊരു സംവിധാനത്തിന്റെ ആവശ്യമില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.പലിശ നിഷിദ്ധമായതിനാ ല്‍ മുസ്‌ലിംകള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമെ ബാങ്കുമായി സഹകരിക്കാറുള്ളൂ. മുസ്‌ലിംകള്‍ നിക്ഷേപത്തിനുള്ള പലിശ സ്വീകരിക്കാത്തതു കാരണം രാജ്യത്തെ വിവിധ ബാങ്കുകളിലായി 67 ലക്ഷം കോടി രൂപ പലിശയിനത്തില്‍ കെട്ടിക്കിടക്കുന്നതായി റിസര്‍വ് ബാങ്ക് നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു.ഇതേത്തുടര്‍ന്നാണു രാജ്യത്തെ മുസ്‌ലിംകലെ കൂടി ഉള്‍ക്കൊള്ളുന്ന വിധത്തില്‍ പലിശ രഹിത ബാങ്കിങ് സംവിധാനത്തെക്കുറിച്ച് റിസര്‍വ് ബാങ്ക് ചര്‍ച്ചകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഇസ്‌ലാമിക് ബാങ്കിങ് നടപ്പാക്കുന്നതിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രാലയത്തിന് റിസര്‍വ് ബാങ്ക് റിപോര്‍ട്ട് നല്‍കിയിരുന്നു.രാജ്യത്ത് പലിശരഹിത ബാങ്കിങ് ഘട്ടംഘട്ടമായി നടപ്പാക്കാമെന്നും ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ നിലവിലുള്ള ബാങ്കുകളില്‍ ഇസ്‌ലാമിക് ബാങ്കിങ് വിന്‍ഡോ’തുറക്കാമെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് റിസര്‍വ് ബാങ്ക് കഴിഞ്ഞവര്‍ഷം നവംബറില്‍ എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപോര്‍ട്ടില്‍ പലിശ രഹിത ബാങ്കിങിന്റെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശവുമുള്‍പ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it