Flash News

ഇസ്‌ലാം സ്വീകരിച്ച യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു ; വിവാഹം അസാധുവെന്ന് ഹൈക്കോടതി



കൊച്ചി: ഹേബിയസ് കോര്‍പസ് ഹരജിയില്‍ വിവാഹം അസാധുവാക്കി പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ച് ഹൈക്കോടതി ഉത്തരവ്. സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിക്കുകയും നിയമപ്രകാരം ഷഫിന്‍ എന്ന യുവാവിനെ വിവാഹം കഴിക്കുകയും ചെയ്ത ബിഎച്ച്എംഎസ് ബിരുദധാരിണി അഖില എന്ന ഹാദിയ(25)യെയാണ് പിതാവ് വൈക്കം കാരാട്ട് അശോകന്റെ ഹരജിയില്‍ മാതാപിതാക്കള്‍ക്കൊപ്പം വിട്ടുകൊണ്ട് ജസ്റ്റിസ് സുരേന്ദ്രമോഹന്‍, ജസ്റ്റിസ് മേരി ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഹാദിയയെ പോലിസ് അകമ്പടിയോടെ വീട്ടിലെത്തിക്കണമെന്നാണ് കോടതി നിര്‍ദേശം. മാതാപിതാക്കളുടെ സാന്നിധ്യം പെണ്‍കുട്ടികളുടെ വിവാഹത്തിന് നിര്‍ബന്ധമാണെന്നും അതില്ലാതെ ഹാദിയയും ഷഫിനും തമ്മില്‍ നടന്ന വിവാഹം അസാധുവാണെന്നും കോടതി ഉത്തരവിട്ടു. തന്റെ മകള്‍ അഖിലയെ കാണാനില്ലെന്നും ആരുടെയോ തടവിലാണെന്നും മകളെ കണ്ടെത്തി ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് 2016 ജനുവരി 19നാണ് അശോകന്‍ ഹൈക്കോടതിയില്‍ ആദ്യ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തത്. മകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയയാക്കിയെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ തെറ്റാണെന്നും താന്‍ സ്വന്തം ഇഷ്ടപ്രകാരം മതംമാറിയതാണെന്നും ആരുടെയും തടവിലല്ലെന്നും അഖില എന്ന ഹാദിയ കോടതിയെ ബോധ്യപ്പെടുത്തിയതോടെ ഹരജി തീര്‍പ്പാക്കി ഹാദിയയെ വിട്ടയച്ചിരുന്നു. പിന്നീട് ആറുമാസത്തിനുശേഷം രണ്ടാമതും അശോകന്‍ കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തു. തന്റെ മകളെ സിറിയയിലേക്ക് കടത്തിക്കൊണ്ടുപോയി ഐഎസില്‍ ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഇതു തടഞ്ഞ് മകളെ തന്നെ ഏല്‍പിക്കണമെന്നും  ഹരജിയില്‍ വ്യക്തമാക്കി. എന്നാല്‍, സിറിയക്ക് പോവാന്‍ പാസ്‌പോര്‍ട്ടില്ലെന്നും താന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിട്ടുപോലുമില്ലെന്നും ഹാദിയ കോടതിയില്‍ ബോധിപ്പിച്ചു. താന്‍ മാതാപിതാക്കളോട് ഫോണില്‍ സംസാരിക്കാറുണ്ടെന്നും എന്നാല്‍ മാതാപിതാക്കള്‍ക്കൊപ്പം പോവാന്‍ താല്‍പര്യമില്ലെന്നും ഷഫിനെ വിവാഹം കഴിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഹാദിയ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെയാണ് ഹാദിയയെ ഹൈക്കോടതി നിര്‍ബന്ധപൂര്‍വം മാതാപിതാക്കള്‍ക്കൊപ്പം വിട്ടുകൊണ്ട് ഉത്തരവിട്ടിരിക്കുന്നത്. ഹൈക്കോടതി വിധി നിരവധി നിയമപ്രശ്‌നങ്ങള്‍ക്കു വഴിവച്ചേക്കുമെന്നാണ് നിയമജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്.
Next Story

RELATED STORIES

Share it