Flash News

ഇസ്‌ലാം സ്വീകരിച്ച യുവതിയുടെ വിവാഹം അസാധുവാക്കിയ വിധിയില്‍ വ്യാപക പ്രതിഷേധം



ഹൈക്കോടതി നടപടി തെറ്റ് : ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍

കൊച്ചി: പ്രായപൂര്‍ത്തിയായ യുവതിയും യുവാവും തമ്മില്‍ സ്വന്തം ഇഷ്ടപ്രകാരം നടത്തിയ വിവാഹം ഹേബിയസ് കോര്‍പസ് ഹര്‍ജിയെ തുടര്‍ന്ന് അസാധുവാക്കിയ കോടതി നടപടി തെറ്റാണെന്ന് റിട്ട. ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ തേജസിനോട് പറഞ്ഞു.  പ്രായപൂര്‍ത്തിയായ ഇവര്‍  സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായതാണെന്നും അതിനെ അസാധുവാക്കാന്‍ കോടതിക്ക് എങ്ങനെ കഴിയുമെന്നും ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ചോദിച്ചു. പ്രായപൂര്‍ത്തിയായ യുവാവും യുവതിയും വിവാഹം ചെയ്യുമ്പോള്‍ മാതാപിതാക്കളുടെ സാന്നിധ്യം വേണമെന്ന് കോടതിക്ക് എങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയും? ഇക്കാര്യത്തില്‍ കോടതി സ്വീകരിച്ച നിലപാട് ശരിയാണെന്നു തോന്നുന്നില്ലെന്നും ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ പറഞ്ഞു.

അഡ്വ. എ ജയശങ്കര്‍

കൊച്ചി:  ഹൈക്കോടതി നടപടി ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് അഡ്വ. എ ജയശങ്കര്‍.  വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ ഇവര്‍ വിവാഹം കഴിച്ചത് ഒരുപക്ഷേ കോടതിയെ ചൊടിപ്പിച്ചിട്ടുണ്ടാകാം. അതായിരിക്കും ഒരുപക്ഷേ ഇത്തരത്തിലൊരു വിധിയുണ്ടായതെന്നും ജയശങ്കര്‍ പറഞ്ഞു.

അഡ്വ. മധുസൂദനന്‍

കൊച്ചി: ഹൈക്കോടതി ഉത്തരവ് സമൂഹത്തില്‍ വളെരയധികം അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് അഡ്വ. മധുസൂദനന്‍.  ഈ കേസില്‍ ഹാദിയ സ്വന്തം ഇഷ്ടപ്രകാരമാണ് ഷഫിന്‍ ജഹാനെ വിവാഹം കഴിച്ചത്.   പ്രായപൂര്‍ത്തിയായവര്‍ ഒന്നിച്ചു താമസിക്കാന്‍ അവകാശമുള്ള നാട്ടില്‍ മതംമാറി വിവാഹം കഴിച്ച പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചുകൊണ്ടുള്ള ഉത്തരവ് ദുഃഖകരമാണെന്നും അഡ്വ. മധുസൂദനന്‍ പറഞ്ഞു.

അഡ്വ. എസ് ശ്രീകുമാര്‍

കൊച്ചി: പ്രായപൂര്‍ത്തിയായ യുവാവും യുവതിയും സ്വന്തം ഇഷ്ടപ്രകാരം നടത്തിയ വിവാഹം ഹേബിയസ് കോര്‍പസ് ഹരജിയുടെ പേരില്‍ അസ്ഥിരപ്പെടുത്താന്‍ കോടതിക്ക് അധികാരമില്ലെന്ന് അഡ്വ. എസ് ശ്രീകുമാര്‍.  കോടതി സ്വമേധയാ സ്വീകരിച്ച നടപടിയാണ്. അതുകൊണ്ടുതന്നെ  നടപടി നിയമപരമായി നിലനില്‍ക്കില്ല.  വിധിക്കെതിരേ യുവതിക്കോ യുവതിയുടെ ഭര്‍ത്താവിനോ സുപ്രിംകോടതിയെ സമീപിക്കാന്‍ കഴിയുമെന്നും അഡ്വ. എസ് ശ്രീകുമാര്‍ പറഞ്ഞു.

എസ് ഡിപിഐ

കോഴിക്കോട്: ഹാദിയക്ക് ഇഷ്ടപ്പെട്ട മതം അനുഷ്ഠിക്കാനും ഇസ്‌ലാമിക നിയമപ്രകാരം വിവാഹം ചെയ്ത പുരുഷന്റെ കൂടെ ജീവിക്കാനുമുള്ള അവസരം നിഷേധിച്ച കേരള ഹൈക്കോടതി വിധി പൗരാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍ പ്രസ്താവിച്ചു. ഹൈക്കോടതി ഒരിക്കല്‍ തീര്‍പ്പാക്കി വിട്ട കേസില്‍ വീണ്ടും ഹേബിയസ് കോര്‍പസ് ഹരജി വന്നതിലും തുടര്‍ന്നുണ്ടായ നടപടികളിലും ദുരൂഹതയുണ്ടെന്നും അജ്മല്‍ ഇസ്മായീല്‍ പറഞ്ഞു.

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ

കൊല്ലം: ഹാദിയ കേസില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണം പുനഃപരിശോധിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി തേജസിനോട് പറഞ്ഞു.  ഇസ്‌ലാംമതത്തില്‍ നിന്നു മറ്റു മതങ്ങളിലേക്കു പോകുന്ന പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത്തരം വിമര്‍ശനങ്ങളൊന്നും ഉയര്‍ന്നുവരാതിരിക്കുകയും എന്നാല്‍ ഇസ്‌ലാംമതം സ്വീകരിക്കുന്നവരുടെ കാര്യത്തില്‍ മാത്രം വിമര്‍ശനം നടത്തുകയും ചെയ്യുന്നത് മതേതര സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്ത് ഫെഡറേഷന്‍

കൊല്ലം: ഹാദിയ കേസില്‍ ഹൈക്കോടതിവിധി പൗരസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമായി വിലയിരുത്തപ്പെടേണ്ടിയിരിക്കുന്നുവെന്ന് ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി തേജസിനോട് പറഞ്ഞു.   ഏതു മതവും തിരഞ്ഞെടുക്കാന്‍ ഭരണഘടന അവകാശം നല്‍കുന്ന ഇന്ത്യയില്‍ 23കാരി ഹാദിയക്ക് ഇസ്‌ലാംമതം സ്വീകരിച്ചുവെന്ന ഒറ്റക്കാരണത്താല്‍ പൗരസ്വാതന്ത്ര്യവും നിഷേധിച്ച വിധിയാണ് കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

മെക്ക

കൊച്ചി:  ഹൈക്കോടതി  വിധി പൗരന്റെ മൗലികാവകാശത്തിനു പുല്ലുവില പോലും കല്‍പിക്കാത്തതാണെന്ന് മുസ്‌ലിം എംപ്ലോയീസ് കള്‍ചറല്‍ അസോസിയേഷന്‍ (മെക്ക) സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി. നിയമത്തിനു മുമ്പില്‍ പൗരന്മാരെല്ലാം തുല്യരാണെന്ന പൊതുതത്ത്വം ഈ കേസില്‍ എന്തുകൊണ്ടുണ്ടായില്ല എന്നത് ജനാധിപത്യ വിശ്വാസികളില്‍ അമ്പരപ്പുളവാക്കുന്നതാണെന്നും എന്‍ കെ അലി പറഞ്ഞു.

കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

കൊല്ലം: മനുഷ്യന് ഇഷ്ടമുള്ള മതം പഠിക്കലും ഇഷ്ടമുള്ളവരെ വിവാഹം ചെയ്യലും ജന്മാവകാശവും ജനാധിപത്യ രാഷ്ട്രത്തില്‍ പൗരാവകാശമാണ്. മാനുഷികവും ഭരണഘടന ഉറപ്പുനല്‍കുന്നതുമായ ഇത്തരം അവകാശങ്ങളെ പരസ്യമായി ഹനിക്കുന്നതിന് ആഹ്വാനം ചെയ്യുന്നതാണ് ഹാദിയ കേസിലെ വിധിയെന്നു കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ് പ്രസ്താവനയില്‍ പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: ഹൈക്കോടതി നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ശെയ്ഖ് മുഹമ്മദ് കാരക്കുന്ന്. രക്ഷിതാക്കളുടെ അനുവാദമില്ലാതെ വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ആളുകള്‍ തമ്മില്‍ ധാരാളം വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. അവ റദ്ദാക്കാന്‍ കോടതി തയ്യാറാവുമോയെന്നും അദ്ദേഹം ചോദിച്ചു.

എസ്‌വൈഎസ്

കോഴിക്കോട്:മതത്തെ അടയാളപ്പെടുത്തിയുള്ള വിധി ജുഡീഷ്യറിക്ക് നാണക്കേടാണെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

എംഎസ്എസ്

കോഴിക്കോട്: നടപടി വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് എംഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ മമ്മദ് കോയ. കല്യാണം കഴിക്കാത്തവര്‍ക്കു പോലും ഒരുമിച്ചു താമസിക്കാമെന്നിരിക്കെ വിവാഹിതരായ ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ പാടില്ലെന്നു പറയുന്നത് അസ്വാഭാവികമാണെ ന്നും അദ്ദേഹം പറഞ്ഞു.

ഹാദിയ-ഷെഫിന്‍ വിവാഹം ജമാഅത്തിന്റെ അറിവോടെയെന്ന്

കൊല്ലം: കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയ ഹാദിയ-ഷെഫിന്‍ ദമ്പതികളുടെ നികാഹ് വരന്റെ ജമാഅത്തായ ചാത്തിനാംകുളം ജമാഅത്തിന്റെ അറിവോടെയാണെന്ന് ജമാഅത്ത് സെക്രട്ടറി മുഹമ്മദ് ഹനീഫ പറഞ്ഞു. ഷെഫിന്റെ കുടുംബം വിവാഹത്തെപ്പറ്റി ജമാഅത്ത് കമ്മിറ്റിയെ അറിയിക്കുകയും അതിന്റെ തുടര്‍നടപടി എന്ന നിലയില്‍ ജമാഅത്തിന്റെ കത്ത് നല്‍കുകയും ചെയ്തു. കൂടാതെ നികാഹില്‍ ജമാഅത്തിനെ പ്രതിനിധീകരിച്ച് ജമാഅത്ത് കമ്മിറ്റി അംഗം  പങ്കെടുക്കുകയും ചെയ്തു. ഷെഫിന്റെ നികാഹ് ജമാഅത്തിന്റെ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it