Flash News

ഇസ്രായേല്‍ സൈന്യത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടയുന്നു

ജെറുസലേം: ജോലിക്കിടെ ഇസ്രായേല്‍ സൈന്യത്തിന്റെ ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നതു തടയാന്‍ ഇസ്രായേല്‍ നീക്കം. ജോലിക്കിടെ സൈന്യത്തിന്റെ ഫോട്ടോയും വീഡിയോയും എടുക്കുന്നത് കുറ്റകൃത്യമാക്കുന്ന ബില്ല് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
ബില്ലിന് അംഗീകാരം നല്‍കാനുളള നീക്കത്തെ ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകര്‍ അപലപിച്ചു. ഇതു മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും ഫലസ്തീനികള്‍ക്കെതിരേയുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ക്കു നിയമസാധുത നല്‍കുന്നതാണെന്നും ഫലസ്തീന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ് (പിജെഎസ്) അഭിപ്രായപ്പെട്ടു.
അന്ത്രാരാഷ്ട്ര നീതിന്യായ കോടതിയുടെ നടപടികളില്‍ നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗം കൂടിയാണിതെന്നും മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച പ്രൊഹിബിഷന്‍ എഗയ്ന്‍സ്റ്റ് ഫോട്ടോഗ്രാഫിങ് ആന്റ് ഡോക്യുമെന്റിങ് സോള്‍ജിയേഴ്‌സ് ബില്ല് ഇസ്രായേല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.  പ്രതിരോധ വകുപ്പ് ഇതു പിന്താങ്ങുകയും ചെയ്തു.
സൈന്യത്തിന്റെയും ഇസ്രായേല്‍ പൗരന്‍മാരുടെയും ആത്മവീര്യം നഷ്ടപ്പെടുത്തുന്ന തരത്തില്‍ ആരെങ്കിലും അവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തുന്നത് അഞ്ചുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണെന്നും ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് വര്‍ഷങ്ങളായി സൈന്യത്തെ അശ്വസ്ഥമാക്കുന്നതായും ബില്ലില്‍ പറയുന്നു.
ഇസ്രായേലില്‍ സ്വതന്ത്ര നിലപാട് വച്ചുപുലര്‍ത്തുന്ന ഹാരറ്റ്‌സ് പത്രം ഈ ബില്ലിനെതിരേ രംഗത്തെത്തി. ബില്ല് മാധ്യമസ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും നേരെയുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്നു ഹാരറ്റ്‌സ് എഡിറ്റോറിയല്‍ വ്യക്തമാക്കി. രാജ്യത്തെ സൈന്യം തങ്ങളുടെ പേരില്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
രാജ്യത്തിന്റെ സുരക്ഷ അത്യന്തം അപകടത്തിലാവുന്ന സമയങ്ങളില്‍ മാത്രമേ ഇത്തരത്തിലുള്ള നിയമങ്ങള്‍ നടപ്പാക്കാവൂ എന്നും പത്രം വ്യക്തമാക്കി. മാധ്യമ സ്വാതന്ത്യം സംരക്ഷിക്കാനും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാനും യുഎന്നും അന്താരാഷ്ട്ര മാധ്യമസ്വാതന്ത്ര്യ സമിതിയും ഇസ്രായേലിനു മേല്‍ സമ്മര്‍ദം ചെലുത്തണമെന്നു പിജെഎസ് ആവശ്യപ്പെട്ടു.
അതേസമയം സൈന്യത്തിനെതിരേ ബോംബ് ആക്രമണണം നടത്തിയെന്ന് ആരോപിച്ച് ഗസ അതിര്‍ത്തിയില്‍ ഇസ്രായേല്‍ വ്യോമാക്രമണംനടത്തി. ഇസ്‌ലാമിക് ജിഹാദ് സംഘത്തിന്റെ 30 കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.
Next Story

RELATED STORIES

Share it