ഇസ്രായേല്‍ സൈന്യം സിറിയയിലുണ്ടെന്ന് നെതന്യാഹു

തെല്‍അവീവ്: സംഘര്‍ഷ കലുഷിതമായ സിറിയയില്‍ തങ്ങളുടെ സൈനികരും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആദ്യമായാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ഇക്കാര്യം തുറന്നുപറയുന്നത്. സിറിയയില്‍ നിന്നു തങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ ഇല്ലാതാക്കാനാണ് സൈനികരെ അയച്ചിരിക്കുന്നതെന്നും വടക്കന്‍ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ നെതന്യാഹു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അമേരിക്കയുടെയും റഷ്യയുടെയും യൂറോപ്യന്‍-അറബ് രാജ്യങ്ങളുടെയും സൈനികര്‍ സിറിയയില്‍ ആക്രമണം നടത്തുന്നതിനിടെയാണ് ഇസ്രായേല്‍ സൈനികരുമെത്തിയിരിക്കുന്നത്. സിറിയയില്‍ നിന്നു ലബ്‌നാനിലേക്ക് ആയുധങ്ങള്‍ കടത്തുന്നതു തടയുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നു പറഞ്ഞ നെതന്യാഹു കൂടുതല്‍ വിശദീകരണം നല്‍കിയില്ല. സിറിയയിലെ ആയുധകേന്ദ്രങ്ങളില്‍ അടുത്തിടെ അജ്ഞാതസംഘങ്ങള്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഔദ്യോഗികമായി ഏറ്റെടുത്തിരുന്നില്ല. അതേസമയം, റഷ്യന്‍ യുദ്ധവിമാനം തങ്ങളുടെ വ്യോമപരിധിയില്‍ കടന്നുവെന്ന് ആരോപിച്ച ഇസ്രായേല്‍ യുദ്ധമന്ത്രി മോശെ യാലോണ്‍, ഇക്കാര്യത്തില്‍ റഷ്യയുമായി ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അറിയിച്ചു.
Next Story

RELATED STORIES

Share it