ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ യുവാവിനെ കൊലപ്പെടുത്തി

വെസ്റ്റ്ബാങ്ക്: വെസ്റ്റ്ബാങ്കിലെ ഹെബ്രോണില്‍ ആശുപത്രിയില്‍ അതിക്രമിച്ചു കയറിയ ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ യുവാവിനെ വെടിവച്ചു കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

27കാരനായ അബ്ദുല്ല അല്‍ ഷലാല്‍ദിഹ് ആണ് കൊല്ലപ്പെട്ടത്. ഇസ്രായേല്‍ സൈനികര്‍ സഹോദരനു കൂട്ടിരിക്കുകയായിരുന്ന അബ്ദുല്ലയ്ക്കു നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
ഇസ്രായേല്‍ വെടിവയ്പില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന സഹോദരന്‍ അസ്സാമിനെ ചോദ്യംചെയ്യാനെത്തിയതായിരുന്നു ഇസ്രായേല്‍ സൈന്യം. ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന സഹോദരനെ ചോദ്യംചെയ്യാനുള്ള നീക്കം തടയാന്‍ ശ്രമിച്ച അബ്ദുല്ലയ്ക്കു നേരെ സൈന്യം നിറയൊഴിക്കുകയായിരുന്നു. അസ്സാമിനെ സൈന്യം അറസ്റ്റ് ചെയ്തതായും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ആശുപത്രിയിലെത്തിയ സൈന്യം ഇവരുടെ മുറി ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. സൈനികരിലൊരാള്‍ ഗര്‍ഭിണിയായി വേഷപ്രച്ഛന്നനായാണ് ആശുപത്രിയിലെത്തിയതെന്നും റിപോര്‍ട്ടുണ്ട്.
ആശുപത്രിയില്‍ പരിശോധന നടത്തിയതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഉപരോധം നിലനില്‍ക്കുന്ന ഗസയ്ക്കു ചുറ്റും 'ഭൂഗര്‍ഭ രക്ഷാകവചങ്ങള്‍' നിര്‍മിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി മോഷെ യാലോണ്‍ അറിയിച്ചു. ഗസയ്ക്കു ചുറ്റും സൈനിക സുരക്ഷയ്ക്കു പുറമേ ഭൂഗര്‍ഭ രക്ഷാകവചങ്ങള്‍ കൂടി നിര്‍മിക്കുമെന്ന് അദ്ദഹം പറഞ്ഞു.
ഗസയ്ക്കടുത്തുള്ള ഇസ്രായേല്‍ അധീനതയിലുള്ള പ്രദേശങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇവ നിര്‍മിക്കുന്നതെന്നാണ് ഇസ്രായേലിന്റെ ന്യായീകരണം.
Next Story

RELATED STORIES

Share it