ഇസ്രായേല്‍ സൈനികരുടെ വിളയാട്ടം; രണ്ട് ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു

റാമല്ല: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ രണ്ടു ഫലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അഹ്മദ് ജഹാജ, ഹിക്മത്ത് ഹംദാന്‍ എന്നിവരാണു കൊല്ലപ്പെട്ടത്.
വടക്കന്‍ ജറുസലേമിലെ ഖലന്തിയ അഭയാര്‍ഥി ക്യാംപിലെത്തിയ ഇവര്‍ ഇസ്രായേല്‍ സൈനികരുടെ നേര്‍ക്ക് കാറോടിച്ചു കയറ്റിയെന്നാരോപിച്ചാണ് വെടിവച്ചു കൊന്നത്. കാറിടിച്ച് മൂന്നു സൈനികര്‍ക്കു പരിക്കേറ്റെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. യുവാക്കള്‍ കൊല്ലപ്പെട്ടതോടെ തെരുവിലിറങ്ങിയ ഫലസ്തീന്‍ യുവാക്കള്‍ സൈനികര്‍ക്കു നേരെ കല്ലെറിഞ്ഞു. ഇവരെ വെടിവച്ചു തുരത്തിയ ശേഷം ഖലന്തിയ അഭയാര്‍ഥി ക്യാംപിലേക്കു ജീപ്പിലെത്തിയ സൈനികര്‍ നിരവധി വീടുകളും കടകളും തകര്‍ത്തു. 26കാരനായ മഹ്മൂദ് നായിഫ് അബു ലത്തീഫയെ പിടികൂടി ക്രൂരമായി മര്‍ദ്ദിച്ചു. ഇയാളുടെ നില അതീവ ഗുരുതരമാണ്. ക്യാംപിലെ നിരവധി കടകള്‍ സൈനികര്‍ കൊള്ളയടിക്കുകയും ലാബിലെ ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്‌തെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വെസ്റ്റ്ബാങ്കിലെ വിവിധ പ്രദേശങ്ങളില്‍ സൈന്യം റെയ്ഡ് തുടരുകയാണ്.
Next Story

RELATED STORIES

Share it