ഇസ്രായേല്‍ സൈനികരുടെ ക്രൂരത വീണ്ടും: പിഞ്ചുകുഞ്ഞടക്കം മൂന്നു ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു

റാമല്ല: എട്ടു മാസം പ്രായമായ കുട്ടിയുള്‍പ്പെടെ മൂന്നു ഫലസ്തീന്‍കാരെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊന്നു. നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് വെസ്റ്റ് ബാങ്കിലും ഗസയിലും തെരുവിലിറങ്ങിയ ജനങ്ങള്‍ക്കു നേരെയും ഇസ്രായേല്‍ സൈന്യം വെടിവച്ചു.
ബത്‌ലഹേമിനടുത്ത ബെയ്ത് ഫജര്‍ ഗ്രാമത്തില്‍ ഇസ്രായേല്‍ സൈന്യം പ്രയോഗിച്ച കണ്ണീര്‍ വാതകമാണ് റമദാന്‍ മുഹമ്മദ് ഫൈസല്‍ തവബ്ത എന്ന കുഞ്ഞിന്റെ മരണത്തിനു കാരണമായതെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബ്‌ലുസില്‍ ഇസ്രായേല്‍ പോലിസിന്റെ തമ്പിനടുത്ത് വച്ചാണ് ഖാസിം സബആനയ്ക്കും സുഹൃത്തിനും വെടിയേറ്റത്. ഖാസിം സംഭവസ്ഥലത്ത് മരണപ്പെട്ടു.
കത്തിയുമായി ബൈക്കിലെത്തിയ രണ്ടുപേരെയാണ് വെടിവച്ചതെന്ന് ഇസ്രായേല്‍ പോലിസ് അവകാശപ്പെട്ടു. അധിനിവിഷ്ട കിഴക്കന്‍ ജറുസലേമില്‍ ട്രെയിന്‍ സുരക്ഷാ ഓഫിസര്‍മാരുടെ വെടിയേറ്റ വ്യക്തിയാണ് കൊല്ലപ്പെട്ട മറ്റൊരു ഫലസ്തീന്‍കാരന്‍. ഇയാളുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നുവെന്ന് ഇസ്രായേല്‍ പോലിസ് പറഞ്ഞു.
ഇസ്രായേല്‍ വെടിയേറ്റ് ഏഴു ഫലസ്തീന്‍കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ ഒന്നിന് ശേഷം വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം, ഗസ എന്നിവിടങ്ങളില്‍ നിരായുധരായവരുള്‍പ്പെടെ 69 ഫലസ്തീന്‍കാരാണ് ഇസ്രായേല്‍ സൈനികരുടെ വെടിയേറ്റു മരിച്ചത്. വിവിധ സംഭവങ്ങളിലായി ഒമ്പത് ഇസ്രായേലികളും കൊല്ലപ്പെട്ടു. ജറുസലേമില്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ച് ഫലസ്തീന്‍കാരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇസ്രായേല്‍ ഭരണകൂടം.
ഒന്നില്‍ കൂടുതല്‍ ഫലസ്തീന്‍കാരെ ഒരുമിച്ച് നടക്കാന്‍ അനുവദിക്കുന്നില്ല. ആയുധങ്ങള്‍ കൈവശമില്ലെന്ന് ഉറപ്പാക്കാന്‍ യുവാക്കളെ വസ്ത്രമഴിച്ച് പരിശോധിച്ചാണ് കടത്തിവിടുന്നത്. ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് റാമല്ലയ്ക്കടുത്ത പ്രദേശങ്ങളില്‍ ഫലസ്തീന്‍കാര്‍ പ്രകടനം നടത്തി. 500ലധികം പേര്‍ ഇസ്രായേല്‍ സൈന്യവുമായി ഏറ്റുമുട്ടി. ഫലസ്തീന്‍കാരെ കൊലപ്പെടുത്തുന്നത് ഇസ്രായേല്‍ അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it