Flash News

ഇസ്രായേല്‍ സന്ദര്‍ശനം : ബ്രിട്ടിഷ് മന്ത്രി പ്രീതി പട്ടേല്‍ രാജിവച്ചു



ലണ്ടന്‍: ഇസ്രായേല്‍ അധികൃതരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിനെത്തുടര്‍ന്ന്്് വിവാദത്തിലായ, ഇന്ത്യന്‍ വംശജയായ ബ്രിട്ടിഷ് കാബിനറ്റ് മന്ത്രി പ്രീതി പട്ടേല്‍ രാജിവച്ചു. ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്റ് സെക്രട്ടറിയുമായിരുന്നു പ്രീതി പട്ടേല്‍. സ്വകാര്യ സന്ദര്‍ശനത്തിനു ആഗസ്തില്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി നെതന്യാഹൂ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമായി പ്രീതി കൂടിക്കാഴ്ച നടത്തിയതു വിവാദമായിരുന്നു. കൂടിക്കാഴ്ച  വിദേശകാര്യ മന്ത്രാലയത്തെയോ ഇസ്രായേലിലുള്ള ബ്രിട്ടിഷ് നയതന്ത്ര ഉദ്യോഗസ്ഥരെയോ അറിയിച്ചിരുന്നില്ല. ഇതേച്ചൊല്ലി പാര്‍ലമെന്റില്‍ ബഹളമുണ്ടായി. തുടര്‍ന്നു പ്രധാനമന്ത്രി തെരേസ മേയ് ആഫ്രിക്കന്‍ സന്ദര്‍ശനത്തിലായിരുന്ന പ്രീതിയെ തിരിച്ചുവിളിക്കുകയായിരുന്നു. കെനിയയിലായിരുന്ന പ്രീതി യാത്ര വെട്ടിച്ചുരുക്കി ലണ്ടനില്‍ തിരിച്ചെത്തിയ ഉടനെ രാജി സമര്‍പ്പിക്കുകകയും ചെയ്തു. കൂടിക്കാഴ്ച വിവാദമായതിനെത്തുടര്‍ന്ന് പ്രീതി മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ആഗസ്തിലെ കൂടിക്കാഴ്ചയ്ക്കുശേഷം ന്യൂയോര്‍ക്കിലും ലണ്ടനിലും ഇസ്രായേല്‍ നേതാക്കളുമായി പ്രീതി രഹസ്യ ചര്‍ച്ച നടത്തിയെന്ന് വ്യക്തമായതാണ് അവര്‍ക്കു വിനയായത്.  ബ്രിട്ടിഷ് വിദേശമന്ത്രാലയത്തെ അറിയിക്കാതെ പ്രീതി ഇസ്രായേലികളുമായി 12 തവണ ചര്‍ച്ച നടത്തിയതായാണ് വിവരം. ജൂലാന്‍ കുന്നുകളിലെ ഇസ്രായേലി സൈനിക ക്യാംപും സന്ദര്‍ശിച്ചിരുന്നു. ജൂലാന്‍ കുന്നുകളിലെ ഇസ്രായേല്‍ കൈയേറ്റത്തെ അനുകൂലിക്കാത്ത ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങള്‍ ഇവിടെ സന്ദര്‍ശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്്്. പ്രീതി 2010ലാണ് ആദ്യമായി എസെക്‌സിലെ വിത്തം പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന 2014ല്‍ ട്രഷറിയുടെ ചുമതലയുള്ള സഹമന്ത്രിയായും, 2015ല്‍ തൊഴില്‍ മന്ത്രിയായും നിയമിതയായി. കഴിഞ്ഞ വര്‍ഷമാണ് പ്രീതിയെ തെരേസ മേയ്്് ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്റ് സെക്രട്ടറിയായി നിയമിച്ചത്്. 2016ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബ്രെക്‌സിറ്റ് വിഷയത്തില്‍ പ്രധാനമന്ത്രി തേരസ മേയ്ക്ക് പ്രീതി ശക്തമായ പിന്തുണ നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it