World

ഇസ്രായേല്‍ വ്യോമാക്രമണം;രണ്ടുപേര്‍ കൊല്ലപ്പെട്ടു

ഗസ സിറ്റി: ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ രണ്ടു ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്കു പരിക്കേറ്റു. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരേ ഫലസ്തീന്‍ മേഖലകളില്‍ പ്രക്ഷോഭം തുടരുന്നതിടെയാണ് ഇസ്രയേലിന്റെ  ആക്രമണം. ഇന്നലെ പുലര്‍ച്ചയോടെ മധ്യഗസയിലെ നസെയ്‌റാതില്‍ ഹമാസ് കേന്ദ്രത്തിനു സമീപമായിരുന്നു ഇസ്രായേല്‍ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടവരെ പുറത്തെത്തിച്ചതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം വക്താവ് അഷ്‌റഫ് അല്‍ ഖുദ്‌റ അറിയിച്ചു. ഹമാസ് പരിശീലനകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് വ്യോമാക്രമണമെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നത്. എന്നാല്‍, സ്ത്രീകളും കുട്ടികളും അടക്കമുള്ള സാധാരണക്കാര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങള്‍ക്കു തിരിച്ചടിയാണ് വ്യോമാക്രമണമെന്നാണ് ഇസ്രായേലിന്റെ വിശദീകരണം. ഫലസ്തീന്‍ മേഖലയില്‍ നിന്നുള്ള റോക്കറ്റുകളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തിരിച്ചറിഞ്ഞതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. റോക്കറ്റ് ആക്രമണത്തിനു തിരിച്ചടിയായി വ്യോമസേന ഗസയിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ചതായി ഇസ്രായേല്‍ സൈന്യത്തിന്റെ ഔദ്യോഗിക വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. തെക്കന്‍ ഇസ്രായേല്‍ നഗരമായ സ്‌ദെറോത്തിനു നേര്‍ക്കായിരുന്നു വെള്ളിയാഴ്ച ഹമാസിന്റെ റോക്കറ്റ് ആക്രമണമുണ്ടായതെന്നും ഇവ പൊട്ടിത്തെറിച്ചിട്ടില്ലെന്നും ആര്‍ക്കും അപകടമുണ്ടായില്ലെന്നും ഇസ്രായേലി റേഡിയോ റിപോര്‍ട്ട് ചെയ്തിരുന്നു. മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സലാഹുദ്ദീന്‍ ബ്രിഗേഡ്‌സ് എന്ന സംഘടന പ്രതികരിച്ചിരുന്നു. എന്നാല്‍, ഹമാസ് ആക്രമണം നടത്തിയതായി ഇസ്രായേല്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച നമസ്‌കാരത്തിനുശേഷം തെരുവിലിറങ്ങിയ ഫലസ്തീന്‍കാര്‍ക്ക് നേരെ സൈന്യം വ്യാപകമായ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഗസയിലും വെസ്റ്റ്ബാങ്കിലുമായി 200ലധികം ഫലസ്തീനികള്‍ക്കാണ് വെള്ളിയാഴ്ച സൈന്യത്തിന്റ ആക്രമണത്തില്‍ പരിക്കേറ്റത്.
Next Story

RELATED STORIES

Share it