ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം വ്യാപിക്കുന്നു; അഞ്ചു പേര്‍ കൂടി കൊല്ലപ്പെട്ടു

ജറുസലേം: മസ്ജിദുല്‍ അഖ്‌സയ്ക്കു നേരെയുള്ള ഇസ്രായേല്‍ കൈയേറ്റങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധം ജറുസലേമില്‍ ശക്തിപ്പെടുന്നു. ജറുസലേം, തെല്‍അവീവ് എന്നിവിടങ്ങളില്‍ ഇന്നലെയുണ്ടായ സംഘര്‍ഷങ്ങളില്‍ നാലു ഇസ്രായേലികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിലെ ജബല്‍ അല്‍ മുക്കാബറയില്‍ ബസ് യാത്രക്കാര്‍ക്കു നേരെ രണ്ടു ഫലസ്തീനികള്‍ തോക്കും കത്തിയും ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ മൂന്നു ഇസ്രായേലികള്‍ കൊല്ലപ്പെടുകയും അഞ്ചോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

കാറിലെത്തിയ ഫലസ്തീനി യുവാവ് ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. യുവാവിനെ ഇസ്രായേല്‍ സൈനികര്‍ കൊലപ്പെടുത്തി. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തെല്‍അവീവില്‍ ഫലസ്തീനി ഇസ്രായേലിയെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനു പിന്നാലെയാണ് സംഭവ വികാസങ്ങള്‍.അതേസമയം, മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. ജറുസലേമിലെ ആക്രമണങ്ങള്‍ക്ക് പരസ്പര ബന്ധമുണ്ടോ കാര്യം അന്വേഷിച്ചുവരുകയാെണന്ന് ഇസ്രായേല്‍ പോലിസ് അറിയിച്ചു. സംഘര്‍ഷം വ്യാപിച്ചതോടെ 1500ഓളം റിസര്‍വ് പോലിസിനെ കൂടി തെരുവുകളിലും ബസ് സ്‌റ്റേഷനിലുമായി വിന്യസിച്ചിട്ടുണ്ട്. വീണ്ടും സംഘര്‍ഷം ആരംഭിച്ച ഒക്ടോബര്‍ ഒന്നു മുതല്‍ എട്ടു കുട്ടികള്‍ ഉള്‍പ്പെടെ 28 ഫലസ്തീനികളും ഏഴു ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it