ഫലസ്തീന്‍കാര്‍ക്കുള്ള പ്രവേശനാനുമതി വിലക്ക്; ഇസ്രായേല്‍ നടപടി കൂട്ട ശിക്ഷ: യുഎന്‍

തെല്‍അവീവ്: തെല്‍അവീവ് ആക്രമണത്തെത്തുടര്‍ന്ന് ഫലസ്തീന്‍കാര്‍ക്കുള്ള പ്രവേശനാനുമതി നിഷേധിച്ച ഇസ്രായേല്‍ നടപടി ഒരു ജനവിഭാഗത്തെ ഒന്നാകെ ശിക്ഷിക്കുന്നതിനു തുല്യമെന്ന് യുഎന്‍. ഇത്തരത്തിലുള്ള കൂട്ടശിക്ഷകള്‍ അന്താരാഷ്ട്ര നിയമപ്രകാരം നിരോധിക്കപ്പെട്ടതാണെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗം ഹൈകമ്മീഷണര്‍ സെയ്ദ് റാഅദ് അല്‍ ഹുസയ്ന്‍ അറിയിച്ചു. റമദാന്‍ മാസത്തില്‍ ഇസ്രായേലില്‍ പ്രവേശിക്കുന്നതിന് 83,000ഓളം ഫലസ്തീന്‍കാര്‍ക്ക് നല്‍കിയ അനുമതിയാണ് ഇസ്രായേല്‍ റദ്ദാക്കിയത്. ഒപ്പം തന്നെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേക്ക് കൂടുതല്‍ സൈനിക സംഘത്തെ അയക്കാനും ഇസ്രായേല്‍ തീരുമാനിച്ചിരുന്നു. തലസ്ഥാനം തെല്‍ അവീവില്‍ സൈനികാസ്ഥാനത്തിനു സമീപമുണ്ടായ വെടിവയ്പില്‍ നാല് ഇസ്രായേലികള്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടികള്‍. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടു ഫലസ്തീന്‍ യുവാക്കളെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തിരുന്നു. യുവാക്കളുടെ ബന്ധുക്കളായ 204 പേര്‍ക്കുള്ള തൊഴില്‍ അനുമതി ഇസ്രായേല്‍ റദ്ദാക്കിയിരുന്നു. തെല്‍അവീവ് വെടിവയ്പിനെ അപലപിക്കുന്നതോടൊപ്പം ഫലസ്തീനികള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ച ഇസ്രായേല്‍ നടപടിയില്‍ ആശങ്ക പ്രകടിപ്പിക്കുന്നതായി സെയ്ദ് റാഅദ് അല്‍ ഹുസയ്ന്‍ പറഞ്ഞു. തെല്‍അവീവ് വെടിവയ്പില്‍ കുറ്റക്കാരായവര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍, അതിന്റെ പേരില്‍ നിരപരാധികളായ ആയിരക്കണക്കിന് ഫലസ്തീനികളെ ഇസ്രായേല്‍ ശിക്ഷിക്കുകയാണെന്ന് യുഎന്‍ വക്താവ് റവിന ഷംദസാനി പറഞ്ഞു.
Next Story

RELATED STORIES

Share it