Flash News

ഇസ്രായേലി പാഠ്യപദ്ധതി നടപ്പാക്കിയില്ല : ഫലസ്തീനി അധ്യാപകരെ അറസ്റ്റ് ചെയ്തു



ജറുസലേം: അധിനിവിഷ്ട ജറുസലേമില്‍ ഇസ്രായേലി പഠന പാഠ്യപദ്ധതി നടപ്പാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഫലസ്തീന്‍ കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂള്‍ അസിസ്റ്റന്റ്് പ്രിന്‍സിപ്പലിനെയും മൂന്ന് അധ്യാപകരെയും ഇസ്രായേല്‍ പോലിസ് അറസ്റ്റ് ചെയ്തു. പഠനം നടന്നുകൊണ്ടിരിക്കേ സഹ്്്‌വ അല്‍ ഖുദ്‌സ് സ്‌കൂളിലേക്ക് അതിക്രമിച്ചുകയറിയ  പോലിസ്് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അധ്യാപകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇസ്രായേലിന്റെ നടപടി കുട്ടികളെയും രക്ഷിതാക്കളെയും പരിഭ്രാന്തരാക്കി.സ്‌കൂളില്‍ സയണിസ്റ്റ്്് സിലബസ് അടിച്ചേല്‍പ്പിക്കാന്‍ ഇസ്രായേല്‍ നേരത്തേ ശ്രമം നടത്തിയിരുന്നുവെന്നു സ്‌കൂള്‍ രക്ഷാകര്‍തൃസമിതി അധ്യക്ഷന്‍ സെയ്ദ് അല്‍ ഷമാലി പറഞ്ഞു. പക്ഷേ, തങ്ങള്‍ അതിന് തയ്യാറായില്ല. തുടര്‍ന്നാണ് പോലിസ് കുഞ്ഞുങ്ങളെ പരിഭ്രാന്തരാക്കുകയും അധ്യാപകരെ അറസ്റ്റ് ചെയ്യുകയും ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. മൂന്നിനും ഒമ്പതിനും ഇടെ പ്രായമുള്ള 90 ഫലസ്തീനി കുട്ടികളാണ്  സ്‌കൂളില്‍ പഠനം നടത്തുന്നത്. പോലിസ് സ്‌കൂളിലെത്തി വിദ്യാര്‍ഥികളോട് പാഠഭാഗങ്ങളെക്കുറിച്ച് ചോദിക്കുകയും പുസ്തകങ്ങള്‍ പരിശോധിക്കുകയും അധ്യാപകരെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും നാലുപേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. അധ്യാപകരുടെ ഐഡി കാര്‍ഡിന്റെ ഫോട്ടോ പകര്‍ത്തിയ സംഘം സ്‌കൂളിലെ ഫോണും സിസി കാമറയും തകര്‍ത്താണ് മടങ്ങിയതെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സപ്തംബറിലും ഈ സ്‌കൂളില്‍ ഇസ്രായേല്‍ റെയ്ഡ് നടത്തിയിരുന്നുവെന്ന് അധ്യാപകര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it