Flash News

ഇസ്രായേലിന് സൗഹൃദമെന്തെന്നറിയില്ല; അര്‍ജന്റീനയോട് ഫലസ്തീന്‍ യുവ ഫുട്‌ബോള്‍ താരം

ഗസ സിറ്റി: ഇസ്രായേലിന്റെ 70ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജൂണ്‍ 9നു നടക്കാനിരിക്കുന്ന സൗഹൃദമല്‍സരത്തില്‍ നിന്ന് അര്‍ജന്റീനയും ലയണല്‍ മെസ്സിയും പിന്‍വാങ്ങണമെന്ന ആവശ്യവുമായി ഫലസ്തീനിലെ ഗസയില്‍ നിന്നുള്ള ഫുട്‌ബോള്‍ താരം മുഹമ്മദ് ഖലീല്‍. വീഡിയോസന്ദേശത്തിലൂടെയാണ് ഖലീല്‍ ഇക്കാര്യം ആവശ്യപ്പെടുന്നത്. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീമിനോടും ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയോടും ഇസ്രായേലിന് സൗഹൃദമെന്നൊന്നില്ലെന്നും ഇസ്രായേലുമായുള്ള മല്‍സരം ഉപേക്ഷിക്കണമെന്നുമാണ് ഖലീല്‍ ആവശ്യപ്പെടുന്നത്. ഫലസ്തീന്‍ ജനതയ്ക്കു നേരെയുള്ള ഇസ്രായേലിന്റെ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഖലീല്‍ ഇങ്ങനെയൊരു അഭ്യര്‍ഥന മുന്നോട്ടുവച്ചത്.
ഫലസ്തീന്‍ ഫുട്‌ബോള്‍ താരങ്ങളെ വെടിവയ്ക്കുമ്പോ ള്‍ ഇസ്രായേലിന്  സൗഹൃദമില്ല. അങ്ങനെയൊരു രാജ്യവുമായി എന്തിന് സൗഹൃദ ഫുട്‌ബോള്‍ കളിക്കുന്നുവെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ ഖലീല്‍ ചോദിക്കുന്നു. ഗസയില്‍ നിന്നുള്ള ഖലീലിന്റെ ഫുട്‌ബോള്‍ കരിയര്‍ നശിപ്പിച്ചത് ഇസ്രായേലി സൈനികരാണ്. കാല്‍മുട്ടിന് വെടിയേറ്റ ഖലീലിന് ഇപ്പോള്‍ എഴുന്നേറ്റു നടക്കാന്‍പോലും കഴിയില്ല. മൂന്നുദശലക്ഷം ഡോളര്‍ ചെലവാക്കിയാണ് ഇസ്രായേല്‍ സര്‍ക്കാര്‍ മല്‍സരം സഘടിപ്പിക്കുന്നത്.
തിങ്കളാഴ്ച ജറുസലേമില്‍ യുഎസ് എംബസിക്കെതിരേ പ്രതിഷേധിച്ച ഫലസ്തീനിക ള്‍ക്കു നേരെ ഇസ്രായേലി സുരക്ഷാ സൈനികര്‍ നടത്തിയ വെടിവയ്പില്‍ 60ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. 1300ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ജറുസലേമില്‍ യുഎസ് എംബസി തുറന്നത്.
Next Story

RELATED STORIES

Share it