Flash News

ഇസ്രായേലിന്റെ സൈനിക നടപടി യുദ്ധക്കുറ്റമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

ജറുസലേം: ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ യുദ്ധക്കുറ്റമായി കണക്കാക്കാമെന്നു ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്ആര്‍ഡബ്ല്യു). ഗസ അതിര്‍ത്തിയിലെ ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കെതിരേ ഫലസ്തീനികള്‍ക്കു സംരക്ഷണം നല്‍കണമെന്ന പ്രമേയത്തിനു യുഎന്‍ പൊതുസഭ പിന്തണ നല്‍കണമെന്നും അക്രമങ്ങളെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കു മറ്റു രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്നും എച്ച്് ആര്‍ഡബ്ല്യു ആവശ്യപ്പെട്ടു.
പ്രക്ഷോഭകരുടെ ഭാഗത്തു നിന്നു കാര്യമായ ഭീഷണിയില്ലാതെയാണ് ഇസ്രായേല്‍ സൈന്യം അവര്‍ക്കു നേരെ വെടിയുതിര്‍ത്തത്്. ഇക്കാര്യത്തില്‍ അന്താരാഷ്ട്രസമൂഹം മൗനംവെടിയണം. ഇസ്രായേല്‍ അന്വേഷണം നടത്തുന്നത്് അവരുടെ സൈനികരെ വെള്ളപൂശാനാണ്.
അന്താരാഷ്ട്ര അന്വേഷണങ്ങളെ രക്ഷാസമിതിയില്‍ യുഎസ് വീറ്റോ ചെയ്യുകയും ചെയ്യുന്നു. ഇത്തരം നിരുത്തരവാദ സമീപനങ്ങള്‍ക്കു പകരം ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങളില്‍  ശക്തമായ നടപടിയെടുക്കണമെന്നും റിപോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
ഫലസതീനികളുടെ സംരക്ഷണത്തിന് അന്താരാഷ്ട്ര സുരക്ഷ ഒരുക്കണമെന്ന കുവൈത്തിന്റെ പ്രമേയം യുഎസ് പൊതുസഭയില്‍ വോട്ടിനിടാനിരിക്കെയാണ് ഹ്യൂമന്‍ റൈറ്റസ് വാച്ചിന്റെ റിപോര്‍ട്ട് പുറത്തുവന്നത്.
അഭയാര്‍ഥികളാക്കപ്പെട്ട ഫലസ്തീനികളെ സ്വന്തം മണ്ണിലേക്കു തിരികെവരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ഗസ അതിര്‍ത്തിയില്‍ നടത്തുന്ന ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിന് നേരെയുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തിനിടെ മരിച്ചവരുടെ എണ്ണം 124 ആയി.
Next Story

RELATED STORIES

Share it