Flash News

ഗുജറാത്ത് വ്യാജഏറ്റുമുട്ടല്‍ ഇര ജാവേദ് ശെയ്ഖിന്റെ പിതാവ് ഗോപിനാഥപിള്ള കാറടപകടത്തില്‍ മരിച്ചു

ഗുജറാത്ത് വ്യാജഏറ്റുമുട്ടല്‍ ഇര ജാവേദ് ശെയ്ഖിന്റെ പിതാവ് ഗോപിനാഥപിള്ള കാറടപകടത്തില്‍ മരിച്ചു
X
ആലപ്പുഴ: ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവേദ് ഗുലാം ശെയ്ഖിന്റെ (പ്രാണേഷ്‌കുമാര്‍) പിതാവ്  ചാരുംമൂട് താമരക്കുളം കൊട്ടയ്ക്കാട്ട്‌ശേരില്‍ മണലാടി തെക്കതില്‍ ഗോപിനാഥന്‍പിള്ള (78) വാഹനാപകടത്തില്‍ മരിച്ചു. ചേര്‍ത്തല വയലാറില്‍ ഏപ്രില്‍ 11നു രാവിലെ ആറരയോടെയായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച കാറിന്റെ പിന്നില്‍ ടാങ്കര്‍ലോറി ഇടിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോപിനാഥന്‍ പിള്ള ഇന്നു  രാവിലെയാണു മരിച്ചത്.



ഗോപിനാഥന്‍പിള്ളയുടെ സഹോദരന്‍ ഓടിച്ച കാറില്‍ അമൃത ആശുപത്രിയില്‍ പരിശോധനയ്ക്ക് പോകുകയായിരുന്നു. ഇദ്ദേഹത്തെ നേരത്തേ ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. പട്ടണക്കാട് പൊലിസ് കേസെടുത്തു.
ഗുജറാത്തിലെ ഗാന്ധിനഗറില്‍ 2004 ജൂണ്‍ 15നായിരുന്നു ജാവേദ് ശെയ്ഖ് വെടിയേറ്റ് മരിച്ചത്. ഇദ്ദേഹം  ഉള്‍പ്പെടെ നാലു പേരെ തീവ്രവാദികളെന്നു പറഞ്ഞ് വ്യാജ ഏറ്റുമുട്ടലില്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. ഈ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കി മകന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി കേസ് നടത്തിവരവെയാണു ഗോപിനാഥന്‍പിള്ളയുടെ അന്ത്യം. മകനും കുടുംബവും നാട്ടിലെത്തി മടങ്ങിയതിന്റെ അടുത്ത ദിവസമാണ് കൊല്ലപ്പെടുന്നത്. കുടുംബത്തില്‍ നിന്നും നാട്ടില്‍ നിന്നും അധികൃതരുടെ ഭാഗത്തു നിന്നുമെല്ലാം ഒറ്റപ്പെടുത്തലുകളും ഭീഷണികളും നേരിട്ടപ്പോഴും മകന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി ഗുജറാത്തില്‍ പോയി നിയമപോരാട്ടം നടത്തി വരികയായിരുന്നു ഗോപിനാഥന്‍ പിള്ള.
മൃതദേഹം ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പില്‍. പരേതയായ സരസ്വതി ഭായിയാണ് ഗോപിനാഥന്‍ പിള്ളയുടെ ഭാര്യ. പ്രാണേഷ് കുമാറിന്റെ ഭാര്യ സാജിദ, മൂത്തമകന്‍ സാജിദ് എന്നിവര്‍ മരണസമയം ആശുപത്രിയിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it