ഇസ്തിരിപ്പെട്ടിക്കുള്ളില്‍ കടത്താന്‍ ശ്രമിച്ച ഏഴുകിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: ഇസ്തിരിപ്പെട്ടിക്കുള്ളില്‍ കടത്താന്‍ ശ്രമിച്ച എഴു കിലോ സ്വര്‍ണവുമായി വിമാനത്താവളത്തില്‍ ഒരാള്‍ പിടിയിലായി. കൊല്ലം സ്വദേശി ഷാനവാസില്‍ നിന്നാണു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം സ്വര്‍ണം പിടികൂടിയത്. ഈ സ്വര്‍ണത്തിനു വിപണിയില്‍ 1.80 കോടി രൂപ വിലവരും. വെള്ളിയാഴ്ച പുലര്‍ച്ചെ ദുബയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ എമിറേറ്റ്‌സിന്റെ ഇകെ 552 വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. ഇസ്തിരിപ്പെട്ടിക്കുള്ളിലും ചെറിയ ട്രാന്‍സ്‌ഫോമറിനുള്ളിലുമായാണു സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധന നടത്തി പുറത്ത് ഇറങ്ങുന്നതിനിടെ സംശയം തോന്നിയ കസ്റ്റംസ് സൂപ്രണ്ട് പി റെജി ഇയാളെ തിരികെ വിളിച്ച് നടത്തിയ വിശദ പരിശോധനയിലാണു സ്വര്‍ണം പിടിച്ചെടുത്തത്. രണ്ട് ഇസ്തിരിപ്പെട്ടികള്‍ക്കുള്ളിലായി അഞ്ച് കിലോ സ്വര്‍ണമാണു സൂക്ഷിച്ചിരുന്നത്. ഇസ്തിരിപ്പെട്ടിയിലെ ഇരുമ്പുകോയില്‍ ഇളക്കി സ്വര്‍ണത്തില്‍ തീര്‍ത്ത കോയിലില്‍ ഇരുമ്പാണെന്നു തോന്നിക്കുംവിധം കറുത്ത പെയിന്റ് അടിച്ചാണു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കൂടാതെ രണ്ട് ചെറിയ ട്രാന്‍സ്‌ഫോമറിനുള്ളില്‍ രണ്ടു കിലോ സ്വര്‍ണവും സൂക്ഷിച്ചിരുന്നു. കോപ്പര്‍ കഷ്ണങ്ങള്‍ ഇളക്കിമാറ്റി കറുത്ത പെയിന്റടിച്ച് ചെറിയ കഷ്ണങ്ങളാക്കിയാണ് പേപ്പറില്‍ പൊതിഞ്ഞ് സ്വര്‍ണം ട്രാന്‍സ്‌ഫോമറില്‍ സൂക്ഷിച്ചത്.ടെര്‍മിനലിനുള്ളില്‍ പരിശോധനയ്ക്ക് എത്തിയ ഇയാളുടെ ലഗേജുകള്‍ എക്‌സ്‌റേ പരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും സ്വര്‍ണം ഒളിപ്പിച്ചതു കണ്ടെത്താന്‍ കസ്റ്റംസിനു കഴിഞ്ഞിരുന്നില്ല. ഇയാള്‍ ആദ്യമായാണു സ്വര്‍ണം കടത്തുന്നെതന്നാണു കസ്റ്റംസ് നല്‍കുന്ന സൂചന. സ്വര്‍ണക്കടത്ത് സംഘങ്ങളുടെ എജന്റാണോ എന്നതിനെക്കുറിച്ചു കൂടുതല്‍ ചോദ്യംചെയ്തുവരികയാെണന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. കസ്റ്റംസ് സൂപ്രണ്ടുമാരായ പ്രതാപചന്ദ്രന്‍, സുലേഖ, ഇന്‍സ്‌പെക്ടര്‍മാരായ രാംലാല്‍, നാസര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. വാര്‍ത്താസമ്മേളനത്തില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ശ്രീപാര്‍വതി, അസിസ്റ്റന്റ് കമ്മീഷണര്‍ പ്രദീപ് പങ്കെടുത്തു.
Next Story

RELATED STORIES

Share it