kasaragod local

ഇസ്തിരിക്കടയുടമയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി അറസ്റ്റില്‍

ബേക്കല്‍: ഇസ്തിരിക്കട ഉടമയെ കഴുത്തറുത്ത് കൊന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി കാര്‍ത്തികി(32)നെയാണ് തമിഴ്‌നാട് വില്ലുപുരം പോലിസിന്റെ സഹായത്തോടെ ബേക്കല്‍ പോലിസ് അറസ്റ്റ് ചെയ്തത്.
കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷന്‍ സമീപത്ത് ഇസ്തിരിക്കട നടത്തിയിരുന്ന തഞ്ചാവൂര്‍ പോരാവൂരിണിയിലെ അശോകനാ (55)ണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജനുവരി 27നാണ് കൊലപാതകം നടന്നത്. അശോകന്‍ താമസിക്കുന്ന ക്വാട്ടേഴ്‌സിലെ താമസക്കാരനായിരുന്ന ചന്ദ്രശേഖരന്‍ എന്നയാളുടെ ബാര്‍ബര്‍ ഷോപ്പില്‍ താല്‍ക്കാലിക ജോലിക്കാരനായി എത്തിയതായിരുന്നു കാര്‍ത്തിക്. ചന്ദ്രശേഖരനും കുടുംബവും ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ നാട്ടിലേയ്ക്ക് പോയപ്പോഴായിരുന്നു കാര്‍ത്തികിനെ കടയിലാക്കിയത്. അശോകന്റെ മൃതദേഹം കാണപ്പെട്ട ജനുവരി 27ന് തലേനാള്‍ രാത്രിയിലാണ് കൊലപാതകം നടന്നത്. അശോകനും കാര്‍ത്തികും ഒന്നിച്ച് മദ്യപിക്കുകയും ഇതിനിടയില്‍ ഉണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
ജില്ലാ പോലിസ് ചീഫ് ഡോ എ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് സിഐ യു പ്രേമന്‍, ബേക്കല്‍ എസ്‌ഐ ആദംഖാന്‍, ജൂനിയര്‍ എസ്‌ഐ ജിതേഷ് എന്നിവരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാര്‍ത്തികിനെ പിടികൂടിയത്. കാര്‍ത്തികിനെ പിടികൂടിയത് വില്ലുപുരത്തെ കാമുകിയുടെ വീട്ടില്‍ നിന്നാണ്. പ്രതിയെ ചെന്നൈ കോടതിയില്‍ ഹാജരായിക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി പോലിസ് സംഘം ബേക്കലിലെത്തിച്ച് തെളിവെടുത്തു.
Next Story

RELATED STORIES

Share it