ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക എന്നത് മൗലികാവകാശം; ദാദ്രി: കടുത്ത മനുഷ്യാവകാശ ലംഘനം- ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുമാംസം ഭക്ഷിച്ചെന്നാരോപിച്ച് സംഘപരിവാര പ്രവര്‍ത്തകര്‍ ഒരാളെ അടിച്ചുകൊന്ന സംഭവം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. നിലവില്‍ ന്യൂനപക്ഷ കമ്മീഷന്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുക്കാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. രാജ്യം മൊത്തം ആശങ്കയിലായിരിക്കുന്ന ബീഫ് നിരോധന വിഷയത്തില്‍ തിടുക്കത്തില്‍ ഒരു തീരുമാനം എടുക്കാനാവില്ല. ദേശീയ പ്രാധാന്യമുള്ള ഒരു വിഷയം എന്ന നിലയില്‍ ഇക്കാര്യത്തില്‍ കമ്മീഷന് ധൃതിയില്‍ ഒരു തീരുമാനം കൈക്കൊള്ളാനാവില്ല.

അതേസമയം, ഭക്ഷണം പൗരന്റെ മൗലിക അവകാശവുമായി ബന്ധപ്പെട്ട വിഷയമാണ്. ഇക്കാര്യത്തില്‍ ഏതെങ്കിലും വിധത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് സാധിക്കുമെന്നു കരുതാനാവില്ല. എന്തു തിന്നണം, എന്തു ധരിക്കണം എന്നതൊക്കെ വ്യക്തിപരമായ തീരുമാനങ്ങള്‍ക്കു വിട്ടു കൊടുക്കേണ്ട കാര്യമാണ്. പല രാജ്യങ്ങളിലും പലതരം ഭക്ഷണ ശീലങ്ങളാണുള്ളത്. ഇന്ത്യയില്‍ പോലും വിവിധ സംസ്ഥാനങ്ങളില്‍ ഭിന്നമായ ഭക്ഷണശീലങ്ങളാണുള്ളത്. ഒരു പൗരന്റെ വ്യക്തിഗത വിഷയങ്ങള്‍ എന്ന നിലയില്‍ ഇക്കാര്യങ്ങളില്‍ കര്‍ക്കശ നിലപാടുകളും നിയന്ത്രണങ്ങളും ഉണ്ടാവുന്നതു നല്ലതല്ലെന്നും ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it