ഇശ്‌റത് വ്യാജ ഏറ്റു മുട്ടല്‍ കേസ്: രേഖകള്‍ നഷ്ടപ്പെട്ട സംഭവം സത്യവാങ്മൂലവുമായി ബന്ധപ്പെട്ട വിവാദം പൊളിഞ്ഞു ചിദംബരം

ന്യൂഡല്‍ഹി: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ തന്റെ നിലപാട് ശരിയായിരുന്നുവെന്നും താന്‍ ആഭ്യന്തര—മന്ത്രിയായിരിക്കേ സമര്‍പ്പിച്ച സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് എന്‍ഡിഎ സര്‍ക്കാര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ കൃത്രിമമാണെന്നും തെളിഞ്ഞതായി പി ചിദംബരം. കേസിലെ രേഖകള്‍ കാണാതായത് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ ബി കെ പ്രസാദ് സാക്ഷിയെ സ്വാധീനിക്കുന്ന തരത്തില്‍ പെരുമാറിയത് ഇതാണ്  സൂചിപ്പിക്കുന്നത്.  ബി കെ പ്രസാദ് സാക്ഷിയായ അശോക് കുമാറിനോട് ഇതുമായി ബന്ധപ്പെട്ട തന്റെ ചോദ്യംചെയ്യലില്‍ രേഖകള്‍ കണ്ടിട്ടില്ലെന്നു മൊഴിനല്‍കണമെന്ന് ഫോണില്‍ ആവശ്യപ്പെട്ടെന്ന ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു ചിദംബരം.വാര്‍ത്ത സത്യവാങ്മൂലവുമായി ബന്ധപ്പെട്ട എന്റെ നിലപാടിനെ സാധൂകരിക്കുന്നു. കേന്ദ്രം ഗുജറാത്ത് സര്‍ക്കാരിനു കൈമാറിയെന്നു പറയുന്ന രഹസ്യാന്വേഷണ വിവരത്തെക്കുറിച്ച് പറയുന്നതാണ് 2009 ആഗസ്ത് ആറിലെ ആദ്യ സത്യവാങ്മൂലം. എന്നാല്‍ ആ വര്‍ഷം സപ്തംബര്‍ ഏഴിലെ ജഡ്ജി തമാങിന്റെ റിപോര്‍ട്ട് ഇശ്‌റത്തും മറ്റു മൂന്നുപേരും കൊല്ലപ്പെട്ടതു വ്യാജ ഏറ്റുമുട്ടലിലായിരുന്നു എന്ന് വ്യക്തമാക്കി. ആദ്യ സത്യവാങ്മൂലം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ഏറ്റു മുട്ടലിനെ ന്യായീകരിക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തു. അതിനാല്‍ തന്നെ ഈ സത്യവാങ്മൂലത്തിനു വ്യക്തത ആവശ്യമായി വന്നു. തുടര്‍ന്നാണ് സപ്തംബര്‍ 29ന് അധിക സത്യവാങ്മൂലം സമര്‍പ്പിക്കപ്പെട്ടത്. നേരത്തെ പരാമര്‍ശിച്ച രഹസ്യാന്വേഷണ വിവരത്തിനു ശക്തമായ തെളിവില്ലെന്നും അത്തരം വിവരങ്ങളില്‍ തുടര്‍നടപടിയെടുക്കുന്നതിലെ ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാരിനും പോലിസിനുമാണെന്നും ഈ സത്യവാങ്മൂലം വ്യക്തമാക്കി- ചിദംബരം പറഞ്ഞു.രണ്ടാം സത്യവാങ്മൂലത്തെ കുറിച്ച് അഭിപ്രായം പറഞ്ഞ മിക്കവരും ഇതു വായിച്ചുനോക്കാന്‍ തയ്യാറായില്ലെന്നും ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും അപ്രത്യക്ഷമായ അഞ്ചു രേഖകള്‍ തന്റെ നിലപാടിനെ പൂര്‍ണമായും ശരിവയ്ക്കുന്നതായിരുന്നെന്നും ചിദംബരം പറഞ്ഞു.അറ്റോര്‍ണി ജനറല്‍, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ കൂടി ഉള്‍പ്പെട്ടുകൊണ്ടാണ് അധിക സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നതെന്നും ഇത് ഒരു ശരിയായ നടപടിയായിരുന്നുവെന്നും താന്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ചിദംബരം പറഞ്ഞു. ഇശ്‌റത്തും മറ്റു മൂന്നുപേരും കൊല്ലപ്പെട്ട ഏറ്റു മുട്ടല്‍ വ്യാജമാണോ അല്ലയോ എന്നതാണു പ്രധാന വിഷയം. 2013 ജൂലൈ മുതല്‍ തീരുമാനമാവാതെ കിടക്കുന്ന സംഭവവുമായി ബന്ധപ്പെട്ട വിചാരണയ്ക്കു മാത്രമേ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാവൂ- ചിദംബരം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it