ഇശ്‌റത് വ്യാജ ഏറ്റുമുട്ടല്‍ കേസ് തുടരും; കേസ് റദ്ദാക്കണമെന്ന ഹരജി തള്ളി

കെ എ സലിം

ന്യൂഡല്‍ഹി: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അന്നത്തെ ഡിഐജി ഡി ജി വന്‍സാര ഉള്‍പ്പെടെയുള്ള ഗുജറാത്ത് പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ചുമത്തിയ കേസുകള്‍ റദ്ദാക്കണമെന്നും സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യഹരജി സുപ്രിംകോടതി തള്ളി.
പരാതിക്കാരന് ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ പി സി ഘോസെ, അമിതാവ റോയ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഇശ്‌റത് ലശ്കര്‍ പ്രവര്‍ത്തകയാണെന്ന് ഡേവിഡ് ഹെഡ്‌ലി ചോദ്യംചെയ്യലില്‍ സമ്മതിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നുമാണു ഹരജിക്കാരനായ ശര്‍മയുടെ ആവശ്യം.
കേസില്‍ നിലവില്‍ വന്‍സാര ഉള്‍പ്പെടെയുള്ള പ്രതികളുടെ വിചാരണ മുംബൈ കോടതിയില്‍ നടന്നുവരുകയാണ്. ഹെഡ്‌ലി മുംബൈയിലെ പ്രത്യേക കോടതി മുമ്പാകെ അമേരിക്കയിലെ ജയിലില്‍നിന്നു നല്‍കിയ മൊഴിയില്‍ ഇശ്‌റത് ജഹാനും സംഘവും ആക്രമണം ആസൂത്രണം ചെയ്യാനെത്തിയവരാണെന്നു പരാമര്‍ശമുണ്ട്.
സംഘം അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിവരുകയായിരുന്നുവെന്നും ഹരജിക്കാരന്‍ പറഞ്ഞു. ഹെഡ്‌ലിയുടെ മൊഴി കണക്കിലെടുത്താല്‍ പോലിസുകാര്‍ക്കെതിരേ സ്വീകരിച്ച ക്രിമിനല്‍ നടപടികള്‍ തെറ്റാണെന്നു വ്യക്തമാവും. ഈ സാഹചര്യത്തില്‍ കേസ് പിന്‍വലിക്കുക മാത്രമല്ല, ഭീകരവാദികളെ കൊലപ്പെടുത്തുന്നത് കുറ്റമല്ലെന്ന് ഉത്തരവിടുകയും വേണം.
ഇശ്‌റതും സംഘവും ലശ്കര്‍ പ്രവര്‍ത്തകരാണെന്ന സത്യവാങ്മൂലം മാറ്റിയ അന്നത്തെ ആഭ്യന്തരമന്ത്രി പി ചിദംബരം, സിബിഐ മേധാവി എന്നിവര്‍ക്കെതിരേ നടപടി വേണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.
മുംബൈയിലെ കോളജ് വിദ്യാര്‍ഥിനിയായിരുന്ന ഇശ്‌റത് ജഹാന്‍ 2004ല്‍ ഗുജറാത്തിലുണ്ടായ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദം വീണ്ടും പുകയുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ആദ്യ സത്യവാങ്മൂലം തിരുത്തി ഇശ്‌റതിന്റെ ലശ്കര്‍ ബന്ധം പരാമര്‍ശിക്കാതെ രണ്ടാം സത്യവാങ്മൂലം സമര്‍പ്പിച്ചതിനു പിന്നില്‍ പി ചിദംബരമാണെന്നാണ് അന്നത്തെ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയുടെ ആരോപണം. എന്നാല്‍, ഇശ്‌റതിനെ മനപ്പൂര്‍വം വധിക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സതീഷ് വര്‍മയുടെ വാദം.
Next Story

RELATED STORIES

Share it