ഇശ്‌റത് ലശ്കര്‍ പ്രവര്‍ത്തകയെന്ന് ഹെഡ്‌ലി

മുംബൈ: ഗുജറാത്ത് പോലിസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന് സിബിഐ കണ്ടെത്തിയ കോളജ് വിദ്യാര്‍ഥിനി ഇശ്‌റത് ജഹാന്‍ ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകയാണെന്ന് മുംബൈ ആക്രമണക്കേസ്പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. വീഡിയോ കോണ്‍ഫറന്‍സ് വഴി മുംബൈയിലെ പ്രത്യേക ടാഡ കോടതി നടത്തിയ വിചാരണയിലാണ് യുഎസിലുള്ള ഹെഡ്‌ലി ഇക്കാര്യം വെളിപ്പെടുത്തിയത്.
ലശ്കര്‍ പ്രവര്‍ത്തകന്‍ മുസമ്മിലിന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത ഒരു സ്‌ഫോടന പദ്ധതി പരാജയപ്പെട്ടതായി സംഘടനാ കമാന്‍ഡര്‍ സാകിഉര്‍ റഹ്മാന്‍ ലഖ്‌വി തന്നോടു പറഞ്ഞിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത ഒരു വനിതാ അംഗം കൊല്ലപ്പെട്ടിരുന്നതായും ഹെഡ്‌ലി മൊഴിനല്‍കി. തുടര്‍ന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം മൂന്ന് പേരുകള്‍ നല്‍കി. കൊല്ലപ്പെട്ട ലശ്കര്‍ പ്രവര്‍ത്തക ഇവരില്‍ ഒരാളാണോയെന്നു ചോദിച്ചു. തുടര്‍ന്നാണ് ഇശ്‌റത് ജഹാന്‍ എന്ന പേര് ഹെഡ്‌ലി തിരഞ്ഞെടുത്തത്.
2004 ജൂണ്‍ 15നാണ് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാനെത്തിയെന്നാരോപിച്ച് ഇശ്‌റത് ഉള്‍പ്പെടെ നാലുപേരെ പോലിസ് കൊലപ്പെടുത്തിയത്. ജാവീദ് ഷെയ്ഖ് എന്ന പ്രാണേഷ് പിള്ള, അംജദലി, അക്ബറലി റാണ, സീഷാന്‍ ജോഹ എന്നിവരായിരുന്നു അഹ്മദാബാദിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ട മറ്റുള്ളവര്‍. പാക് ചാരസംഘടനയായ ഐഎസ്‌ഐ ലശ്കറിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിനു പണം നല്‍കിയതു സംബന്ധിച്ചും ഹെഡ്‌ലി വിശദീകരിച്ചു.
അതേസമയം, ഹെഡ്‌ലിയുടെ മൊഴിയെ കേന്ദ്രം സ്വാഗതംചെയ്തു. ഹെഡ്‌ലി എന്തു വെളിപ്പെടുത്തലുകള്‍ നടത്തിയാലും അത് ഇന്ത്യന്‍ സര്‍ക്കാരിനു ഗുണകരമാണെന്നായിരുന്നു ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രതികരണം.
Next Story

RELATED STORIES

Share it