Flash News

ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ കുറ്റാരോപിതനായ മുന്‍ ഗുജറാത്ത് ഡിജിപി പാണ്ഡെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍



അഹ്മദാബാദ്: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ അടക്കമുള്ള കൊലകളില്‍ കുറ്റാരോപിതനായ മുന്‍ ഗുജറാത്ത് ഡിജിപി പി പി പാണ്ഡെയെ ഗുജറാത്ത് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചു. പല വിവാദ കേസുകളിലും കുറ്റാരോപിതനായ പാണ്ഡെയെ സംസ്ഥാന സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത് തന്നെ മനുഷ്യാവകാശ ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. 2004ല്‍ ഗുജറാത്ത് െ്രെകം ബ്രാഞ്ചിന്റെ തലവനായിരിക്കുമ്പോഴാണ് 19കാരിയായ ഇസ്രത് ജഹാന്‍ അടക്കം നാലുപേരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ഇശ്‌റത് ജഹാന്‍, ജാവേദ് ഷെയ്ഖ് എന്നറിയപ്പെടുന്ന പ്രാണേഷ് പിള്ള, അംജദലി അക്ബറലി റാണ, സീഷാന്‍ ജോഹര്‍ എന്നിവരെയാണ് ലശ്കര്‍ ഇ തൊയ്യിബ ബന്ധം ആരോപിച്ച് കൊലപ്പെടുത്തിയത്. ഏപ്രില്‍ മൂന്നിനാണ് പാണ്ഡെ വിരമിച്ചത്. ഏപ്രില്‍ 30 വരെ സര്‍വീസിലിരിക്കാമായിരുന്നെങ്കിലും, പാണ്ഡെയ്ക്ക് നേരത്തേ സര്‍വീസില്‍ നിന്നും ഇറങ്ങേണ്ടിവന്നത് മുന്‍ ഐപിഎസ് ഓഫിസര്‍ ജൂലിയോ റിബേരിയോ പരാതിപ്പെട്ടത് പ്രകാരമാണ്. എന്നാല്‍, ജനുവരിയില്‍ തന്നെ വിരമിക്കേണ്ടിയിരുന്ന പാണ്ഡെ സംസ്ഥാന സര്‍ക്കാരിന്റിന്റെ താല്‍പര്യ പ്രകാരം കാലാവധി നീട്ടി ഏപ്രില്‍ വരെ സര്‍വീസിലിരിക്കുകയായിരുന്നു. നാലുപേരുടെ ജീവനെടുത്ത ഒരാളെ സംസ്ഥാന പോലിസ് മേധാവിയായി നിലനിര്‍ത്താന്‍ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് റിബേരോ പരാതി നല്‍കിയത്.  പാണ്ഡെ സ്വയം വിരമിക്കുന്നില്ലെങ്കില്‍ പദവിയില്‍ നിന്നും നീക്കം ചെയ്യും എന്ന് സുപ്രിം കോടതി വിധി പറഞ്ഞു. ഇശ്‌റത്  കൊലയുമായി ബന്ധപ്പെട്ട് ജയിലിലും കഴിഞ്ഞിട്ടുണ്ട് പാണ്ഡെ.
Next Story

RELATED STORIES

Share it