ഇശ്‌റത് ജഹാനെ നേരിട്ട് അറിയില്ല: ഡേവിഡ് ഹെഡ്‌ലി

ന്യൂഡല്‍ഹി: അഹ്മദാബാദില്‍ ഭീകരവിരുദ്ധ സേന വെടിവച്ചുകൊന്ന യുവതി ഇശ്‌റത്് ജഹാനെ തനിക്ക് നേരിട്ട് പരിചയമില്ലെന്ന് മുംബൈ ആക്രമണക്കേസില്‍ മാപ്പുസാക്ഷിയായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ഇന്നലെ മുംബൈ കോടതിയി ല്‍ ജഡ്ജി ജി എ സനപ് മുമ്പാകെ മൊഴി നല്‍കി. അമേരിക്കയില്‍ തടവിലുള്ള ഹെഡ്‌ലിയെ കേസില്‍ പ്രതിയായ അബൂ ജുന്‍ദലിന്റെ അഭിഭാഷകന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ക്രോസ് വിസ്താരത്തിലാണ് ഈ വെളിപ്പെടുത്തല്‍. പാക് സായുധ സംഘടനയായ ലശ്കറെ ത്വയ്യിബയുമായി ഇശ്‌റത് ജഹാന് ബന്ധമുണ്ടായിരുന്നുവെന്ന ആരോപണത്തിന് തിരിച്ചടിയാണ് ഈ മൊഴി. ഇശ്‌റതിനെ തനിക്ക് നേരിട്ടറിയില്ല. ഇശ്‌റതിനെക്കുറിച്ച് തനിക്കുള്ള അറിവ് ലശ്കര്‍ കമാന്‍ഡര്‍ സകീഉര്‍റഹ്മാന്‍ ലഖ്‌വി പറഞ്ഞതും മാധ്യമവാര്‍ത്തകളിലൂടെയുള്ളതും മാത്രമാണെന്നും ഹെഡ്‌ലി പറഞ്ഞു. ഇശ്‌റതിനെക്കുറിച്ച് താന്‍ എന്‍ഐഎ മുമ്പാകെ നല്‍കിയ മൊഴിയാണ് ഇതോടെ ഹെഡ്‌ലി തിരുത്തിയത്. വനിതകളെ ലശ്കര്‍ സായുധ ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കാറില്ലെന്നും ഹെഡ്‌ലി വ്യക്തമാക്കി. ലശ്കറിന് വനിതാ സെല്‍ ഉണ്ടായിരുന്നില്ല. ഒരു വനിതാ വിഭാഗം ഉണ്ടായിരുന്നു. ഈ വിഭാഗം സ്ത്രീകളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. അവരെ ഇന്ത്യയിലോ കശ്മീരിലോ സായുധ ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കാറില്ല. ലശ്കര്‍ വനിതാ വിഭാഗം സ്ത്രീകളുടെ വിദ്യാഭ്യാസം, ആരോഗ്യം, വിധവകളുടെ സംരക്ഷണം തുടങ്ങിയ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന്്  ഹെഡ്‌ലി വിശദീകരിച്ചു. മുംബൈ സ്‌ഫോടനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചെന്ന് ആരോപിക്കപ്പെടുന്ന സകീഉര്‍റഹ്മാനുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ മൊഴി എന്‍ഐഎ തെറ്റായാണ് രേഖപ്പെടുത്തിയതെന്ന് ഹെഡ്‌ലി കുറ്റപ്പെടുത്തി. മുംബൈ സ്‌ഫോടനത്തില്‍ പങ്കുള്ള ലശ്കര്‍ പ്രവര്‍ത്തകനും പാക്-യുഎസ് പൗരനുമായ ഹെഡ്‌ലി പിന്നീട് കേസില്‍ മാപ്പ്‌സാക്ഷിയാവുകയായിരുന്നു. യുഎസ്, ഇസ്രായോല്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ഇസ്‌ലാമിന്റെ ശത്രുക്കളാണെന്ന് താന്‍ കരുതിയിരുന്നുവെന്നും എന്നാല്‍, ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം വരണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഹെഡ്‌ലി കോടതിയോട് പറഞ്ഞു.അന്തരിച്ച ശിവസേനാ നേതാവ് ബാല്‍താക്കറെയെ ഒരു പാഠം പഠിപ്പിക്കണമെന്ന് മുംബൈ ഭീകരാക്രണത്തിന്റെ ആസൂത്രകനും ലശ്കറെ ത്വയ്യിബ മേധാവിയുമായ ഹാഫിസ് സഈദ് തന്നോട് പറഞ്ഞതായി ഹെഡ്‌ലി വെളിപ്പെടുത്തി.  ഗുജറാത്ത് പോലിസും ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് നടത്തിയ ഒരു വ്യാജ ഏറ്റുമുട്ടല്‍ ഓപറേഷനിലാണ് 2004ല്‍ കോളജ് വിദ്യാര്‍ഥിനിയായ ഇശ്‌റത് ജഹാനും മറ്റ് മൂന്ന് പേരും കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it